'50 റഷ്യൻ സൈനികരെ വധിച്ച്' യുക്രൈന്റെ തിരിച്ചടി; പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ്
ലുഹാൻസ്ക് നഗരത്തിനടുത്ത് 50 റഷ്യൻ സൈനികരെ വധിച്ചുവെന്നും ആറാമത്തെ റഷ്യൻ യുദ്ധവിമാനം കൂടി തകർത്തിട്ടെന്നും യുക്രൈൻ അവകാശപ്പെട്ടു
റഷ്യൻ ആക്രമണങ്ങൾക്കു പിന്നാലെ യുക്രൈനിൽ പട്ടാളനിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് വ്ളാദ്മിർ സെലെൻസ്കി. റഷ്യ യുക്രൈൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് സെലെൻസ്കിയുടെ പ്രഖ്യാപനം. അതിനിടെ, പ്രത്യാക്രമണത്തിൽ 50 റഷ്യൻ സൈനികരെ വധിച്ചതായും നാല് ടാങ്കറുകളും ആറ് റഷ്യൻ വിമാനങ്ങളും തകർക്കുകയും ചെയ്തതായി യുക്രൈൻ അവകാശപ്പെട്ടു.
ഖാർകീവ് നഗരത്തിന്റെ കിഴക്ക് ഭാഗത്താണ് യുക്രൈന്റെ പ്രത്യാക്രമണമുണ്ടായത്. ഇവിടെ പാതയോരത്തുണ്ടായിരുന്ന നാല് റഷ്യൻ ടാങ്കറുകൾ തകർത്തു. ലുഹാൻസ്ക് നഗരത്തിനടുത്ത് 50 റഷ്യൻ സൈനികരെ വധിച്ചുവെന്നും ആറാമത്തെ റഷ്യൻ യുദ്ധവിമാനം കൂടി തകർത്തിട്ടെന്നും യുക്രൈൻ വെളിപ്പെടുത്തി.
ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സെലെൻസ്കി സൈനിക നിയമം പ്രഖ്യാപിച്ചത്. ഡോൺബാസ് മേഖലയിൽ പ്രത്യേക സൈനിക ഓപറേഷൻ ആരംഭിച്ച വിവരവും വിഡിയോയിൽ അദ്ദേഹം അറിയിച്ചു. അതിർത്തിയിലെ റഷ്യൻ സൈനികരെയും സൈനികതാവളങ്ങളെയും ലക്ഷ്യമിട്ടാണ് യുക്രൈന്റെ പ്രത്യാക്രമണം. പൗരന്മാരോട് വീടുകളിൽ തന്നെ കഴിയാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഭീതിപ്പെടേണ്ട ആവശ്യമില്ലെന്നും പ്രസിഡന്റ് അറിയിച്ചു.
വിഡിയോയിൽ റഷ്യയുടെ ആക്രമണവിവരം യുക്രൈൻ ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാവിലെ യുക്രൈനുനേരെ റഷ്യ പുതിയ സൈനികനീക്കം ആരംഭിച്ചിരിക്കുകയാണെന്ന് സെലെൻസ്കി പറഞ്ഞു. തീർത്തും അടിസ്ഥാനരഹിതവും നിന്ദ്യവുമായ അധിനിവേശമാണ് റഷ്യ നടത്തുന്നത്. യുക്രൈന്റെ മാത്രമല്ല യൂറോപ്പിന്റെകൂടി ഭാവിയാണ് ഇപ്പോൾ തീരുമാനിക്കപ്പെടാൻ പോകുന്നതെന്നും വിഡിയോ സന്ദേശത്തിൽ വ്ളാദ്മിർ സെലെൻസ്കി ചൂണ്ടിക്കാട്ടി.
നേരത്തെ, യുക്രൈൻ ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഭരണകൂടത്തിന് ഏതുനടപടിക്കുമുള്ള സമ്പൂർണ അധികാരത്തോടെയാണ് അടിയന്തരാവസ്ഥ നിലവിൽ വന്നിരിക്കുന്നത്. ഗതാഗതത്തിനും പുറത്തിറങ്ങിയുള്ള സഞ്ചാരങ്ങൾക്കുമെല്ലാം കടുത്ത നിയന്ത്രണമുണ്ടാകും. പട്ടാളനിയമം കൂടി പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുക്കും.
ആദ്യം പുടിന്റെ പ്രഖ്യാപനം, പിന്നാലെ ആക്രമണം
ഡോൺബാസിൽ സൈനിക നടപടിക്ക് അനുമതി നൽകിയെന്ന പുടിൻറെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുക്രൈന്റെ മൂന്ന് ഭാഗത്ത് നിന്നും റഷ്യൻ സൈന്യം ആക്രമണം തുടങ്ങിയത്. തലസ്ഥാനമായ കിയവിലായിരുന്നു ആദ്യ ആക്രമണം. ആറ് സ്ഫോടനങ്ങൾ നഗരത്തിലുണ്ടായി. കിയവിലെ മിസൈൽ ആക്രമണം യുക്രൈൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി സ്ഥിരീകരിച്ചു.
ബെൽഗോർഡ് പ്രവിശ്യയിലും ക്രമറ്റോസ്കിലും ഓഡേസയിലും വൻ സ്ഫോടനമുണ്ടായി. വ്യോമാക്രമണത്തിന് പിന്നാലെ കരമാർഗവും റഷ്യൻ സൈന്യം യുക്രൈൻ അതിർത്തി കടന്നു. കർക്കിവിലൂടെ തുടക്കത്തിൽതന്നെ 25 മൈലോളം അകത്തേക്ക് റഷ്യൻ സൈന്യം ഇരച്ചുകയറി. വടക്ക് ബെലാറസ് വഴിയും തെക്ക് ഒഡേസ വഴിയും ആക്രമണമുണ്ടായി
കിർകിവ് നഗരം പുകയിൽ മൂടിയെന്ന് മലയാളി വിദ്യാർഥികൾ പറഞ്ഞു. രണ്ട് മണിക്കൂർ മുമ്പ് വരെ സ്ഫോടന ശബ്ദം കേട്ടു. രേഖകളും വെള്ളവും മാത്രമെടുത്ത് താമസ സ്ഥലം ഒഴിയാൻ നിർദേശം ലഭിച്ചു. ബങ്കറുകളിലേക്ക് മാറാനാണ് നിർദേശം ലഭിച്ചതെന്നും വിദ്യാർഥികൾ പറയുന്നു.
യുക്രൈനെതിരെ സൈനിക നടപടിക്ക് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. യുക്രൈനിലെ ഡോൺബാസ് മേഖലയിലേക്ക് കടക്കാനാണ് പുടിൻ ആദ്യം സൈന്യത്തിന് നിർദേശം നൽകിയത്. മേഖലയിൽ യുക്രൈൻറെ ആക്രമണമുണ്ടാകുന്നുവെന്നാണ് റഷ്യയുടെ ആരോപണം. അതിന് തടയിടാൻ സൈനിക നടപടി വേണമെന്നാണ് പുടിൻ വ്യക്തമാക്കിയത്. ലോകരാജ്യങ്ങൾ ഇടപെടരുതെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പുടിൻ മുന്നറിയിപ്പു നൽകി. ആയുധം താഴെവെക്കണമെന്നും പുടിൻ യുക്രൈനോട് ആവശ്യപ്പെട്ടു.
ജാഗ്രതയോടെ ലോകരാഷ്ട്രങ്ങൾ
അതേസമയം, യുദ്ധനീക്കത്തിൽ നിന്ന് പിന്മാറണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സാഹചര്യം കൂടുതൽ അപകടകരമായി മാറിയതിനാൽ യു.എൻ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ചേർന്നു. പ്രകോപനപരവും നീതീകരിക്കാൻ കഴിയാത്തതുമായ ആക്രമണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കുറ്റപ്പെടുത്തി. യുക്രൈൻ ജനതക്ക് പൂർണ പിന്തുണയും വാഗ്ദാനം ചെയ്തു. റഷ്യക്ക് മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. സഖ്യരാജ്യങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം ബൈഡൻ ഇന്ന് മാധ്യമങ്ങളെ കാണും. യുക്രൈനിലെ സംഭവ വികാസങ്ങളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഞെട്ടൽ രേഖപ്പെടുത്തി. സഖ്യരാജ്യങ്ങളുമായി കൂടിയാലോചിച്ച് ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും ബൈഡൻ പറഞ്ഞു. ന്യായീകരിക്കാനാവില്ലെന്ന് നാറ്റോ തലവൻ ജെൻസ് സ്റ്റോൾട്ടൻബർഗും പറഞ്ഞു. യൂറോപ്യൻ യൂണിയനും നാറ്റോയും അടിയന്തരമായി യോഗം ചേരുന്നുണ്ട്.
Summary: 50 Russian troops killed, four tanks destroyed, says Ukraine
Adjust Story Font
16