58 ശതമാനം പകർച്ചവ്യാധികളും കാലാവസ്ഥാ വ്യതിയാനം മൂലമെന്ന് പഠനം
അപകടകരമായ കാലാവസ്ഥ വ്യതിയാനം വിവിധതരം രോഗങ്ങളിലേക്ക് നയിക്കുന്നതായി നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു

കോവിഡിനൊപ്പം തുടരുകയും കുരങ്ങു വസൂരി പോലുള്ള പുതിയ രോഗങ്ങളോട് പോരാടിക്കൊണ്ടിരിക്കുകയുമാണ് ലോകം. ഒപ്പം മറ്റു പകര്‍ച്ചവ്യാധികളും പടര്‍ന്നുകൊണ്ടിരിക്കുന്നു. 58 ശതമാനം പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം മൂലമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
യൂറോപ്പിന്‍റെ ചില ഭാഗങ്ങൾ റെക്കോർഡ് ചൂടിൽ പൊള്ളിക്കൊണ്ടിരിക്കുമ്പോള്‍, മറ്റു ചില ഭാഗങ്ങള്‍ വെള്ളപ്പൊക്കം മൂലം നാശമനുഭവിച്ചുകൊണ്ടിരിക്കുന്നു. അതിനിടെ, നൂറുകണക്കിന് ഏക്കർ ഭൂമി കത്തിനശിക്കുകയും ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരാക്കുകയും ചെയ്ത അതിരൂക്ഷമായ കാട്ടുതീയിനെയാണ് യു.എസ് നേരിടുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണം. അപകടകരമായ കാലാവസ്ഥ വ്യതിയാനം വിവിധതരം രോഗങ്ങളിലേക്ക് നയിക്കുന്നതായി നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. കാലാവസ്ഥയുടെ സ്വാധീനം മനുഷ്യന്‍റെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുവെന്നാണ് ഈ പഠനങ്ങള്‍ തെളിയിക്കുന്നത്. ''കാലാവസ്ഥ മാറുകയാണെങ്കിൽ, ഈ രോഗങ്ങളുടെ സാധ്യത മാറുന്നു'' വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ ഗ്ലോബൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർ, പഠന സഹ-രചയിതാവ് ഡോ. ജോനാഥൻ പാറ്റ്സ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
കാലാവസ്ഥാ മാറ്റവും രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാന്‍ പകർച്ചവ്യാധികൾ കൂടാതെ, ആസ്തമ, അലർജികൾ, മൃഗങ്ങളുടെ കടികളില്‍ നിന്നുണ്ടാകുന്ന പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള എല്ലാത്തരം രോഗങ്ങളും ഗവേഷകർ നിരീക്ഷണവിധേയമാക്കി. 286 രോഗങ്ങളെ വിശകലനം ചെയ്തപ്പോള്‍ 222 എണ്ണം കാലാവസ്ഥ വ്യതിയാനം മൂലം വഷളായതായി കണ്ടെത്തി. "ഈ പഠനത്തിന്‍റെ കണ്ടെത്തലുകൾ ഭയാനകവും മനുഷ്യ രോഗകാരികളിൽ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അനന്തരഫലങ്ങൾ നന്നായി ചിത്രീകരിക്കുന്നതുമാണ്.കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി സംഭവിക്കുന്ന ഒരു ദുരന്തത്തെ തടയാൻ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്'' എമോറി യൂണിവേഴ്‌സിറ്റിയിലെ സാംക്രമിക രോഗ വിദഗ്ധൻ ഡോ. കാർലോസ് ഡെൽ റിയോ പറഞ്ഞു.
Adjust Story Font
16