തടവുകാരുടെ കൈമാറ്റം; 64 യുക്രൈൻ സൈനികരെ മോചിപ്പിച്ചു
ഒരു യുഎസ് പൗരന്റെയും മോചനം ഉറപ്പാക്കിയതായി യുക്രൈൻ അറിയിച്ചു.
കീവ്: റഷ്യൻ സേനയുമായുള്ള തടവുകാരുടെ കൈമാറ്റത്തിൽ 64 യുക്രൈൻ സൈനികരെ മോചിപ്പിച്ചതായി യുക്രൈൻ അധികൃതർ. ഒരു യുഎസ് പൗരന്റെയും മോചനം ഉറപ്പാക്കിയതായി യുക്രൈൻ അറിയിച്ചു.
'ഡൊനെറ്റ്സ്കിലും ലുഗാൻസ്കിലും യുദ്ധം ചെയ്ത യുക്രൈൻ സായുധ സേനയിലെ അറുപത്തിനാല് സൈനികർ നാട്ടിലേക്ക് മടങ്ങുന്നു. ബഖ്മുട്ട് നഗരത്തിന്റെ പ്രതിരോധത്തിൽ പങ്കെടുത്തവരിൽ പ്രധാനികളാണ് ഇവർ'; യുക്രൈൻ പ്രസിഡൻസി ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നമ്മുടെ ആളുകളെ സഹായിച്ച സ്യൂടി മുറെകെസി എന്ന യുഎസ് പൗരനെ മോചിപ്പിക്കാനും സാധിച്ചുവെന്നും യുക്രൈൻ പ്രസിഡൻസി കൂട്ടിച്ചേർത്തു.
ജൂണിൽ യുക്രൈനിലെ കിഴക്കൻ ഡൊനെറ്റ്സ്ക് മേഖലയിൽ നിന്നാണ് മുറെകെസിയെ അറസ്റ്റ് ചെയ്തത്. റഷ്യൻ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് വംശീയ വിദ്വേഷക്കുറ്റം ചുമത്തിയാണ് ഇയാളെ റഷ്യൻ സേന അറസ്റ്റ് ചെയ്തത്. യുക്രൈനിലെ കെർസൺ നഗരത്തിലെ ഒരു നിശാക്ലബിൽ ജോലി ചെയ്തുവരികയായിരുന്നു മുറെകെസി.
അതേസമയം, യുക്രൈനിൽ ആക്രമണം തുടരുകയാണ് റഷ്യ. യുക്രൈൻ തലസ്ഥാനമായ കീവിൽ ഇന്ന് റഷ്യ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. റഷ്യ വിക്ഷേപിച്ച ഡ്രോണുകൾ തകർത്തതായി യുക്രൈൻ സൈന്യം അവകാശപ്പെട്ടു. ഇറാൻ നിർമിത ഡ്രോണുകളാണ് വെടിവച്ചിട്ടതെന്ന് സൈന്യം പറയുന്നു. ഇന്ന്പു ലർച്ചെയാണ് റഷ്യയുടെ പുതിയ ആക്രമണമുണ്ടായത്. നിയമപാലകരും എമർജൻസി സർവീസ് പ്രവർത്തകരും പ്രദേശത്ത് പരിശോധന നടത്തുന്നതായും ലോഹ ശകലങ്ങൾ കണ്ടെത്തിയതായും എഎഫ്‌പി മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു.
മാസങ്ങൾ നീണ്ട പ്രതിരോധത്തിനുശേഷം വീണ്ടും യുക്രൈനെ കീഴടക്കാനുള്ള ശ്രമങ്ങൾ റഷ്യ തുടരുകയാണ്. കഴിഞ്ഞ ആഴ്ച കിഴക്കൻ യുക്രൈൻ നഗരമായ ബഖ്മുതിൽ റഷ്യ കനത്ത നാശമാണ് ഉണ്ടാക്കിയത്. നാല് യുക്രൈൻ പ്രവിശ്യകൾ കേന്ദ്രീകരിച്ച് വ്യാപക മിസൈൽ, റോക്കറ്റ്, വ്യോമാക്രമണങ്ങളാണ് റഷ്യ നടത്തിവരുന്നത്. യുക്രൈൻ അധിനിവേശം ഒമ്പതരമാസം പിന്നിട്ടതോടെ പുതിയ യുദ്ധതന്ത്രങ്ങൾ മെനയുകയാണ് റഷ്യ.
Adjust Story Font
16