ഉഷ്ണതരംഗം; കാനഡയില്‍ മരണസംഖ്യ 700 കടന്നു
ചൂട് കൂടിയതോടെ പലയിടങ്ങളിലും വൻതോതിൽ അഗ്നിബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെ പടിഞ്ഞാറൻ കാനഡയിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ മാത്രം ഒരാഴ്ചക്കിടെ 719 പേർ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ചൂട് കൂടിയതോടെ പലയിടങ്ങളിലും വൻതോതിൽ അഗ്നിബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 130 തീപിടിത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ആയിരം വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കഠിനമായ ചൂടാണ് പ്രവിശ്യയിലെ ലിട്ടൻ നഗരത്തിൽ രേഖപ്പെടുത്തിയത്. 49.6 ഡിഗ്രിയാണ് കഴിഞ്ഞ ദിവസം ലിട്ടണിൽ രേഖപ്പെടുത്തിയ ചൂട്. ഇവിടെ രണ്ടു പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, നിരന്തരം സംഭവിക്കുന്ന ഇടിമിന്നലുകളാണ് അഗ്നിബാധ വർധിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 12,000 ഇടിമിന്നലുകളാണ് ബ്രിട്ടീഷ് കൊളംബിയയിൽ രേഖപ്പെടുത്തിയത്. രാജ്യം ഭീതിയിലായതോടെ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
കാനഡയിലെ അല്‍ബേര്‍ട്ട, സസ്‌കെച്വാന്‍, മനിടോബ, വടക്ക്- പടിഞ്ഞാറന്‍ മേഖലകള്‍, നോര്‍ത്തേണ്‍ ഒണ്ടാറിയോ എന്നിവിടങ്ങളിലെല്ലാം ഉഷ്ണതരംഗം ശക്തമായി തുടരുകയാണ്. കാനഡയ്ക്ക് പുറമേ അമേരിക്കയിലും ഉഷ്ണതരംഗം ശക്തമാണ്. ഒറിഗനിലും വാഷിങ്ടണിലും നിരവധിപേര്‍ മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16