Quantcast

കുടിയേറ്റ നയത്തിലെ മാറ്റങ്ങൾ: കാനഡയിൽ 70,000 അന്താരാഷ്ട്ര വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ

സർക്കാർ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി വിദ്യാർഥികൾ

MediaOne Logo

Web Desk

  • Published:

    27 Aug 2024 11:02 AM GMT

canada protest
X

ഒട്ടാവ: കുടിയേറ്റ നയങ്ങളിൽ കാനഡ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾക്കെതിരെ ​​പ്രതിഷേധവുമായി അന്താരാഷ്ട്ര വിദ്യാർഥികൾ. സ്റ്റഡി പെർമിറ്റുകൾ പരിമിതപ്പെടുത്തിയതും സ്ഥിരതാമസിത്തുനള്ള അനുമതി വെട്ടിക്കുറച്ചതുമാണ് വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയായത്. പുതിയ നയങ്ങൾ കാരണം 70,000ത്തിലധികം ബിരുദ വിദ്യാർഥികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകേണ്ട സ്ഥിതിയാണ്. പുതുജീവിതം കെട്ടിപ്പടുക്കുകയെന്ന ​സ്വപ്നവുമായി കാനഡയിലേക്ക് വിമാനം കയറിയ ഇന്ത്യക്കാരടക്കമുള്ളവർ ജസ്റ്റിൻ ട്രൂഡോ സർക്കാറിന്റെ നയങ്ങൾക്കെതിരെ വലിയ പ്രതിഷേധത്തിലാണ്. ലക്ഷങ്ങൾ ചെലവഴിച്ചും വർഷങ്ങളുടെ കഠിനാധ്വാനവും വഴിയാണ് പലരും കാനഡയിലെത്തിയത്.

പുതിയ നയങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. അന്തർദേശീയ വിദ്യാർഥികൾ വിവിധ പ്രവിശ്യകളിൽ പ്രതിഷേധ ക്യാമ്പുകൾ സ്ഥാപിക്കുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. പ്രിൻസ് എഡ്‍വാർ ദ്വീപ്, ഒൻടാരിയോ, മാനിടോബ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം തിളച്ചുമറിയുകയാണ്. ഈ വർഷാവസാനം വർക്ക് പെർമിറ്റ് അവസാനിക്കുന്നതോടെ നിരവധി ബിരുദധാരികൾക്ക് നാടുകടത്തൽ നേരിടേണ്ടി വരുമെന്ന് വിദ്യാർഥി അഭിഭാഷക സംഘമായ നൗജവാൻ സപ്പോർട്ട് നെറ്റ്‍വർക്ക് മുന്നറിയിപ്പ് നൽകുന്നു.

സ്ഥിരതാമസത്തിനുള്ള അപേക്ഷകളിൽ 25 ശതമാനമാണ് കുറവുവരുത്തിയത്. ഇത് പല വിദ്യാർഥികൾക്കും വലിയ തിരിച്ചടിയായി മാറി. കാനഡ സർക്കാർ തങ്ങളെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് അന്താരാഷ്ട്ര വിദ്യാർഥി മെഹക്ദീപ് സിങ് ‘സിറ്റി ന്യൂസ് ടൊറന്റോ’യോട് പറഞ്ഞു. കാനഡയിലേക്ക് വരാനായി ആറ് വർഷമാണ് ഞാൻ കഷ്ടപ്പെട്ടത്. ഞാൻ ഇവിടെ പഠിക്കുകയും ജോലി ചെയ്യുകയും നികുതി അടക്കുകയും ചെയ്തു. കൂട​ാതെ മതിയായ കോ​ംപ്രഹൻസിവ് റാങ്കിങ് സിസ്റ്റം (സി.ആർ.എസ്) പോയിന്റുകളും നേടിയെടുത്തു. എന്നാൽ, സ്വദേശത്തേക്ക് തിരികെപോകേണ്ടി വരുമെന്ന ഭയത്തിലാണ് ഇപ്പോഴുള്ളതെന്നും മെഹക്ദീപ് സിങ് പറഞ്ഞു. കുടുംബത്തിന്റെ ജീവിത സമ്പാദ്യമെല്ലാം ഉപയോഗിച്ചാണ് ഇദ്ദേഹം കാനഡയിലെത്തുന്നത്.

സ്റ്റഡി പെർമിറ്റിൽ 35 ശതമാനം കുറവ്

2023ൽ കാനഡയി​ലെ വിദ്യാർഥികളിൽ 37 ശതമാനവും വിദേശികളാണ്. ഇത് കാനഡയിലെ ഭവന, ആരോഗ്യ മേഖലകളിലും മറ്റു സേവനങ്ങളിലും വലിയ സമ്മർദമാണ് ചെലുത്തുന്നതെന്ന് സർക്കാർ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടുത്ത രണ്ട് വർഷത്തേക്കുള്ള അന്താരാഷ്ട്ര സ്റ്റുഡന്റ് പെർമിറ്റ് അപേക്ഷ വെട്ടിക്കുറക്കാൻ തീരുമാനിച്ചത്. ഇതുവഴി വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കുകയാണ് സർക്കാർ ലക്ഷ്യം.

2024ൽ 3,60,000 സ്റ്റഡി പെർമിറ്റുകളാണ് അനുവദിക്കുക. ഇത് കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 35 ശതമാനം കുറവാണെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിഷൻഷിപ്പ് കാനഡ (ഐ.ആർ.സി.സി) വ്യക്തമാക്കുന്നു. ജൂൺ 21 മുതൽ അതിർത്തിയിൽ വിദേശികൾക്ക് ബിരുദാനന്തര വർക്ക് പെർമിറ്റിന് അപേക്ഷിക്കാനാകില്ലെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൻഷിപ്പ് മന്ത്രി മാർക് മില്ലർ വ്യക്തമാക്കിയിരുന്നു. കാനഡയിൽ താൽക്കാലികമായി താമസിക്കുന്നവർ രാജ്യത്തിന് പുറത്തുപോയി ജോലിക്കും പഠനത്തിനുമായി വീണ്ടും അപേക്ഷിക്കുന്നത് ഇല്ലാതാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ജോലിയും സ്ഥിരതാമസവും ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ബിരുദാനന്തര വർക്ക് പെർമിറ്റ് ഏറെ നിർണായകമായിരുന്നു. 2018നെ അപേക്ഷിച്ച് 2023ൽ ഇതിൽ വലിയ വർധനവാണുണ്ടായത്. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം തന്റെ സർക്കാർ വെട്ടിച്ചുരുക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ​ട്രൂഡോ തിങ്കളാഴ്ച ​പ്രഖ്യാപിച്ചിരുന്നു.

ഇത് അന്യായമെന്ന് വിദ്യാർഥികൾ

സർക്കാറിന്റെ പുതിയ കുടിയേറ്റ നയങ്ങളെത്തുടർന്ന് ബ്രാംടണടക്കമുള്ള ​​മേഖലകളിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കിടയിൽ വലിയ നിരാശയാണ് ഉടലെടുത്തിട്ടുള്ളത്. ഇതോടെ പലരും പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. പ്രാദേശിക പാർപ്പിട സൗകര്യങ്ങളുടെ അഭാവത്തിനും തൊഴിൽ പ്രതിസന്ധികൾക്കും സർക്കാർ തങ്ങളെ കുറ്റപ്പെടുത്തുകയാണെന്ന് പ്രതിഷേധക്കാർ പറയുന്നു.

ഈ പ്രശ്നങ്ങൾക്ക് കാരണം അന്തർദേശീയ വിദ്യാർഥികളുടെ വർധനവല്ലെന്നും സർക്കാറിന്റെ നയങ്ങളുടെ പരാജയമാണെന്നും അന്താരാഷ്ട്ര സിഖ് വിദ്യാർഥി സംഘടന കുറ്റപ്പെടുത്തുന്നു. അന്താരാഷ്ട്ര വിദ്യാർഥികൾക്കിടയിലെ നിരാശയാണ് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നത്. സർക്കാർ ഇവരോട് അന്യായമായാണ് പെരുമാറുന്നതെന്നും ഇവർ ആരോപിക്കുന്നു.

പല വിദ്യാർഥികളും വലിയ സാമ്പത്തിക ബാധ്യതയിലൂടെയാണ് കടന്നുപോകുന്നത്. വിദ്യാഭ്യാസത്തിലും കനേഡിയൻ സമ്പദ് വ്യവസ്ഥയിലും ഇവർ വലിയതോതിൽ നിക്ഷേപം നടത്തിയവരാണ്. എന്നാൽ, ഇപ്പോൾ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിപ്പോകണമെന്നാണ് സർക്കാർ പറയുന്നത്. ബിരുദാനന്തര വർക്ക് പെർമിറ്റ് നീട്ടണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. സ്ഥിരതാമസത്തിനുള്ള വ്യക്തവും ശാശ്വതവുമായ വഴികൾ തുറക്കണം. ചൂഷണത്തിന് കാരണമാകുന്ന വ്യവസ്ഥാപിത പ്രശ്നങ്ങൾ പരിഹരിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

TAGS :

Next Story