Quantcast

കുടിയിറക്കപ്പെട്ടവരെ കൂട്ടക്കൊല ചെയ്ത് ഇസ്രായേൽ; അൽ മവാസിയിൽ 71 പേർ​ കൊല്ലപ്പെട്ടു

ഇസ്രായേൽ സുരക്ഷിത മേഖ​ലയെന്ന് അടയാളപ്പെടുത്തിയ പ്രദേശമാണ് അൽ മവാസി

MediaOne Logo

Web Desk

  • Published:

    13 July 2024 4:17 PM GMT

israel massacre
X

ഗസ്സ സിറ്റി: തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിന് പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന അൽ മവാസിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 71 ഫലസ്തീനികൾ കൊല്ലപ്പെടുകയും 289​ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായേൽ സുരക്ഷിത മേഖ​ലയെന്ന് അടയാളപ്പെടുത്തിയ പ്രദേശമാണ് അൽ മവാസി. ഗസ്സയിലെ വിവിധയിടങ്ങളിൽനിന്ന് പലായനം ചെയ്ത് വന്നവരാണ് ഈ തീ​രമേഖലയിൽ കഴിയുന്നത്. ഇവർ താമസിക്കുന്ന ടെന്റുകളാണ് ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ടത്. ഇതോടൊപ്പം ജലശുദ്ധീകരണ ശാലയും ആക്രമിച്ചു.

അഞ്ച് ബോംബുകളും അഞ്ച് മിസൈലുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. പരിക്കേറ്റവരെ നാസർ, കുവൈത്തി ആശുപത്രികളിലേക്ക് മാറ്റി. അതേസമയം, പരിക്കേറ്റ എല്ലാവരെയും ചികിത്സിക്കാനുള്ള ശേഷിയി​ല്ലെന്ന് നാസർ ആശുപത്രി അധികൃതർ അറിയിച്ചു.

രണ്ട് ഹമാസ് നേതാക്കളും നിരവധി പോരാളികളും ഇവിടെ ഒളിച്ചിരിക്കുന്നുവെന്ന കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. എന്നാൽ, ഈ ആരോപണം നിഷേധിച്ച് ഹമാസ് രംഗത്തുവന്നു. ഇതാദ്യമായല്ല ഇസ്രായേൽ സൈന്യം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതും പിന്നീടത് തെറ്റാണെന്ന് തെളിയുന്നതെന്നും ഹമാസ് വ്യക്തമാക്കി.

‘കുടിയിറക്ക​പ്പെട്ട 80,000ത്തോളം പേർ തിങ്ങിത്താമസിക്കുന്ന പ്രദേശത്താണ് ഇസ്രായേൽ സൈന്യം കൂട്ടക്കൊല നടത്തിയത്. ഫലസ്തീൻ ജന​തക്കെതിരെ ഉൻമൂലന യുദ്ധം തുടരുമെന്ന സയണിസ്റ്റ് സർക്കാറിന്റെ വ്യക്തമായ സ്ഥിരീകരണമാണിത്. ടെന്റുകളിലും ഷെൽട്ടറുകളിലും കഴിയുന്ന സാധാരണക്കാരെ ലക്ഷ്യമിടുകയാണ് സൈന്യം’ -ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഖാൻ യൂനുസിലുണ്ടായ ആക്രമണത്തിൽ ഒരു ഫലസ്തീൻ മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടു. മുഹമ്മദ് മൻഹാൽ അബു അർമാനാണ് കൊല്ലപ്പെട്ടത്. ഇതോടെ ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 159 ആയി ഉയർന്നു. 38,443 പേരാണ് ഇതുവരെ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 88,481 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

TAGS :

Next Story