Quantcast

ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങൾക്കൊപ്പം കൊടുംശൈത്യവും: ജീവൻ നഷ്ടമായത് എട്ട് നവജാത ശിശുക്കൾക്ക്‌

യുദ്ധത്തിൽ തകർന്ന പ്രദേശത്ത് ഏകദേശം 7,700 നവജാത ശിശുക്കൾ അപര്യാപ്തമായ ചുറ്റുപാടിലാണ് കഴിയുന്നതെന്നാണ് യുഎൻ ഏജൻസി വ്യക്തമാക്കുന്നത്

MediaOne Logo

Web Desk

  • Published:

    8 Jan 2025 7:52 AM GMT

ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങൾക്കൊപ്പം കൊടുംശൈത്യവും: ജീവൻ നഷ്ടമായത് എട്ട് നവജാത ശിശുക്കൾക്ക്‌
X

ഗസ്സസിറ്റി: ഗസ്സയിൽ അതിശൈത്യം തുടരുന്നു. വേണ്ട വിധത്തിലുള്ള സജ്ജീകരണങ്ങള്‍ ഇല്ലാത്തതിനാൽ നവജാത ശിശുക്കൾ മരിക്കുന്നതായാണ് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വരെ എട്ട് നവജാത ശിശുക്കള്‍ ശൈത്യംകാരണം മരിച്ചുവെന്നും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

വെറും 35 ദിവസം മാത്രം പ്രായമുള്ള യൂസഫ് അഹമ്മദ് കല്ലൂബ് എന്ന നവജാത ശിശുവിനാണ് ഏറ്റവും ഒടുവില്‍ ജീവന്‍ നഷ്ടമായത്. ഒരു വശത്ത് ഇസ്രായേലിന്റെ കനത്ത ബോംബാക്രമണങ്ങള്‍ക്കിടെയാണ് അതിശൈത്യത്തിന് കൂടി ഫലസ്തനീകള്‍ ഇരയാകുന്നത്. ഗസ്സയിലെ കുറഞ്ഞ താപനിലയും, ക്യാമ്പിലെ വീടുകളിൽ താപനില ക്രമീകരിക്കാനുള്ള സൗകര്യം ഇല്ലാത്തതുമാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതർ പറയുന്നു.

യുദ്ധത്തിൽ തകർന്ന പ്രദേശത്ത് ഏകദേശം 7,700 നവജാത ശിശുക്കൾ അപര്യാപ്തമായ ചുറ്റുപാടിലാണ് കഴിയുന്നതെന്ന് എന്നാണ് യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി അറിയിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ അവസാനത്തില്‍ നാല് കുഞ്ഞുങ്ങൾ ഹൈപ്പോതെർമിയ ബാധിച്ച് മരിച്ചതായി ഫലസ്തീന്‍ ന്യൂസ് ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശൈത്യം തുടങ്ങിയതോടെ ഗസ്സയില്‍ താപനില ഏറ്റവും താഴ്ന്ന നിലയിലായി. അഭയാര്‍ഥി ക്യാമ്പിലടക്കം താപനില ക്രമീകരിക്കാനുള്ള സൗകര്യമില്ല. തണുപ്പ് സഹിക്കാനാകാതെ കുഞ്ഞുങ്ങളും പ്രായമയവരും മരണ ഭീതിയിലാണ് കഴിയുന്നത്. അതേസമയം ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തിൽ ഇതുവരെ 45,800ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 109,00 ത്തിലധികം പേർക്കാണ് പരിക്കേറ്റത്.

TAGS :

Next Story