Quantcast

ബുർഖ ധരിച്ചാൽ പിഴ 95,000 രൂപ; നിയമം പ്രാബല്യത്തിലാക്കി സ്വിറ്റ്‌സർലൻഡ്

2023ൽ പ്രഖ്യാപിച്ച നിയമം ഈ വർഷം മുതലാണ് പ്രാബല്യത്തിൽ വന്നത്

MediaOne Logo

Web Desk

  • Published:

    1 Jan 2025 3:55 PM GMT

ബുർഖ ധരിച്ചാൽ പിഴ 95,000 രൂപ; നിയമം പ്രാബല്യത്തിലാക്കി സ്വിറ്റ്‌സർലൻഡ്
X

ബേൺ: പൊതുസ്ഥലത്ത് മുഖാവരണം നിരോധിച്ചുള്ള സ്വറ്റ്‌സർലൻഡിലെ നിയമം പ്രാബല്യത്തിൽ വന്നു. ബുർഖാ ബാൻ എന്നറിയപ്പെടുന്ന ഈ നിരോധന നിയമം മുൻപ് പ്രഖ്യാപിച്ചെങ്കിലും ഈ വർഷത്തോടെയാണ് നിലവിൽ വന്നത്. നിയമം ലംഘിച്ച് മുഖാവരണം ധരിച്ചാൽ 1,000 സ്വിസ് ഫ്രാങ്ക്‌സ് (ഏകദേശം 95,000 ഇന്ത്യൻ രൂപ) പിഴയടക്കേണ്ടി വരും.

2022ലാണ് സ്വിറ്റ്‌സർലൻഡിൽ മുഖാവരണം നിരോധിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ ഉയർന്നുവന്നത്. തുടർന്ന് വിഷയത്തിൽ തെരഞ്ഞെടുപ്പ് നടന്നു. 51.2 ശതമാനം ആളുകൾ ബുർഖ നിരോധിക്കാൻ വോട്ട് ചെയ്തപ്പോൾ 48.8 ശതമാനം ആളുകൾ ബുർഖ നിരോധിക്കുന്നതിനെ എതിർത്തു.

ഏത് സുപ്രധാന തീരുമാനം പ്രാബല്യത്തിലാക്കും മുന്നെയും പൊതുജനങ്ങൾക്ക് അതിൽ തീരുമാനമെടുക്കാൻ അവസരം നൽകുന്ന രാജ്യമാണ് സ്വറ്റ്‌സർലൻഡ്.

മുഖാവരണങ്ങൾ നിരോധിക്കാനായി ആദ്യമായി ആവശ്യം മുന്നോട്ടുവെച്ചത് സ്വസ് വലതുപക്ഷ പാർട്ടിയായ എസ്.വി.പിയാണ്. തീവ്രവാദം നിർത്തു എന്ന കാംപെയിനാണ് പാർട്ടി മുന്നോട്ടുവെച്ചത്. ഇസ്‌ലാം വിശ്വാസികൾക്കെതിരായിരുന്നില്ല ഈ നിയമം തുടങ്ങിയത്, തെരുവുകളിൽ സമരം നടത്തുന്നവരും പ്രതിഷേധക്കാരും മുഖം മറയ്ക്കുന്നത് ഒഴിവാക്കാനായിരുന്നു കാംപെയിൻ എങ്കിലും അത് പിന്നീട് ബുർഖ ബാൻ എന്നറിയപ്പെടുകയായിരുന്നു. എന്നാൽ ആളുകൾ എന്താണ് ധരിക്കേണ്ടത് എന്ത് ധരിക്കരുത് എന്ന് തീരുമാനിക്കാൻ തങ്ങൾക്ക് താൽപര്യമില്ല എന്നായിരുന്നു സ്വിസ് ഗവൺമെന്റിന്റെ തീരുമാനം.

രാജ്യത്ത് ബുർഖ ധരിക്കുന്ന 30 സ്ത്രീകൾ മാത്രമേയുള്ളു. 8.6 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് അഞ്ച് ശതമാനം മാത്രമേ മുസ്‌ലിംകൾ ഉള്ളു. തുർക്കിയ, ബോസ്‌നിയ, കോസാവോ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയവരാണ് ഇവരിലധികവും.

സെപ്തംബർ 2023ന് സ്വിസ് പാർലമെന്റ് നിയമം പാസാക്കി. എന്നാൽ നിയമം പ്രാബല്യത്തിൽ എന്നാണ് എന്നത് 2024 നവംബറോടുകൂടിയാണ് പ്രഖ്യാപിച്ചത്.

നിയമ പ്രകാരം പൊതു ഇടങ്ങളിൽ മൂക്കോ, വായോ, കണ്ണോ മറയ്ക്കാൻ പാടില്ല. ഇത് ആളുകൾക്ക് പ്രവേശനമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകമാണ്. എന്നാൽ വിമാനങ്ങൾ, മറ്റ് രാജ്യങ്ങളുടെ കോൺസുലേറ്റുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ നിയമത്തിന് ഇളവുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർക്കും മുഖാവരണം ധരിക്കാൻ അനുമതിയുണ്ട്. കാലവസ്ഥ മോശമായാലും പരസ്യങ്ങൾക്കും കലാപരമായ കാര്യങ്ങൾക്കും മുഖം മറയ്ക്കുന്നതിന് ഇളവുണ്ട്.

ഇത് കൂടാതെ മുഖം മറയ്ക്കണമെന്നത് സുരക്ഷയുടെയോ സ്വാതന്ത്രത്തിന്റെയോ വിഷയമാണെങ്കിൽ ഇതിന് അധികാരികളിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങി മുഖം മറയ്ക്കാവുന്നതാണ്.

നിലവിൽ 16 രാജ്യങ്ങളാണ് നിരോധനം നടപ്പിലാക്കിയിട്ടുള്ളത്. ടുണീഷ്യ, ഓസ്ട്രിയ, ഡെൻമാർക്ക്, ഫ്രാൻസ്, ബെൽജിയം, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, ബൾഗേറിയ, കാമറൂൺ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഗാബോൺ, നെതർലാൻഡ്‌സ്, ചൈന, മൊറോക്കോ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഇതിനകം ബുർഖ നിരോധനം നടപ്പിലാക്കിയത്.

2010 ൽ നിക്കോളാസ് സർക്കോസി പ്രസിഡന്റായിരുന്ന കാലത്താണ് ഫ്രാൻസ് നിഖാബ് നിരോധന നിയമം കൊണ്ട് വന്നത് . ഫ്രാൻസാണ് ആദ്യമായി നിഖാബ് നിരോധനം കൊണ്ട വന്ന യൂറോപ്യൻ രാജ്യം . 2010 ൽ നിയമ നിർമാണം നടത്തുകയും 2011 മുതൽ ഇത് പ്രാബല്യത്തിൽ വരികയും ചെയ്തു, 2014 ൽ നിയമത്തിന് യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ അംഗീകാരവും ലഭിച്ചു.

ഫ്രാൻസിലെ നിഖാബ് നിരോധന നിയമം സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞിരുന്നു. നിയമം പുന.പരിശോധിക്കാനും യു.എൻ നിർദേശിച്ചിരുന്നു.

TAGS :

Next Story