മൊറോക്കോയിൽ ദിവസങ്ങളായി കിണറ്റിൽ കുടുങ്ങിയ അഞ്ചു വയസ്സുകാരനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
റയാനെ ഉടൻ പുറത്തെത്തിക്കണമെന്നുള്ള ആവശ്യം സോഷ്യൽ മീഡിയയിലും ശക്തമായിരിക്കുകയാണ്. സേവ് റയാൻ എന്ന ഹാഷ് ടാഗോട് കൂടിയാണ് ആളുകൾ പ്രതികരണവുമായെത്തുന്നത്
മൊറോക്കോയിൽ ആഴത്തിലുള്ള കിണറ്റിൽ കുടുങ്ങിയ അഞ്ചു വയസ്സകാരാനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാമെന്നുള്ള പ്രതീക്ഷയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരിക്കുകയാണ് സന്നദ്ധ പ്രവർത്തകർ. പൈപ്പുകൾ വഴി കുട്ടിക്ക് വേണ്ട ഓക്‌സിജനും വെള്ളവും നൽകിയിട്ടുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. എന്നാൽ കുട്ടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോയെന്ന കാര്യം വ്യക്തമല്ല.
അഞ്ചുവയസ്സുകാരൻ കിണറ്റിൽ കുടുങ്ങിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണിപ്പോൾ. കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനാവുമോ എന്ന ആകാംഷയോടെ ഉറ്റുനോക്കുകയാണ് വടക്കേ ആഫ്രിക്കയിലേയും അയൽ രാജ്യമായ അൾജീരിയയിലെയും ജനങ്ങൾ. കിണറിന് ചുറ്റുമുള്ള ചുവന്ന മണ്ണ് ആഴത്തിൽ കുഴിച്ചെടുത്താണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. രക്ഷാപ്രവർത്തനം നടത്തുന്നതിന് വേണ്ട എല്ലാ സാങ്കേതിക സഹായങ്ങളും റെസ്‌ക്യൂ ടീം സ്വീകരിച്ചിട്ടുണ്ട്. കുട്ടിയെ രക്ഷിക്കാനായി ഏതാണ്ട് 28 മീറ്ററോളം കുഴിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനത്തിനിടയിൽ ഒരുപക്ഷെ മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
''മണ്ണിന്റെ സ്വഭാവം രക്ഷാപ്രവർത്തനത്തിന് അനുയോജ്യമല്ല, അടിത്തട്ടിൽ പാറകളുള്ളത് പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുമെന്നും രക്ഷാപ്രവർത്തനം അന്തിമ ഘട്ടത്തിൽ എത്തിയിരിക്കുകയാണെന്നും സർക്കാർ വക്താവ് മുസ്തഫ ബൈതാസ് പറഞ്ഞു. കുഞ്ഞു റയാൻ എത്രയും പെട്ടെന്ന് തിരിച്ചുവരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റയാനെ ഉടൻ പുറത്തെത്തിക്കണമെന്നുള്ള ആവശ്യം സോഷ്യൽ മീഡിയയിലും ശക്തമായിരിക്കുകയാണ്. സേവ് റയാൻ എന്ന ഹാഷ് ടാഗോട് കൂടിയാണ് ആളുകൾ പ്രതികരണവുമായെത്തുന്നത്. കുട്ടിയെ രക്ഷിച്ചതിന് ശേഷം വേണ്ട വൈദ്യസഹായങ്ങൾക്കായി മെഡിക്കൽ സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. കൂടാതെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ പൊലീസ് ഹെലികോപ്റ്ററും സജ്ജമാണ്. കിണറ്റിൽ വീഴുന്ന സമയം വരെ റയാൻ പൂർണ ആരോഗ്യവാനായിരുന്നെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. റയാൻ വീട്ടിൽ മാത്രമല്ല, ഞങ്ങളുടെ ഗ്രാമത്തിലും പ്രിയപ്പെട്ടവനാണ്, റയാന്റെ മുത്തശ്ശി ലാസിസ വ്യക്തമാക്കി.
Adjust Story Font
16