അമേരിക്കയിൽ കമ്യൂണിസ്റ്റുകാരുടെ കൂറ്റൻ മാർച്ച്; ആശ്ചര്യപ്പെട്ട് ഇലോൺ മസ്ക്
2024 ഫെബ്രുവരിയിലാണ് ‘റെവല്യൂഷണറി കമ്യൂണിസ്റ്റ്സ് ഓഫ് അമേരിക്ക’ എന്ന പാർട്ടി രൂപീകരിക്കുന്നത്
എന്നും മുതലാളിത്ത വ്യവസ്ഥിതിയോട് ചേർന്നുപോകുന്ന രാജ്യമാണ് അമേരിക്ക. അതോടൊപ്പം തന്നെ കമ്യൂണിസത്തിന് വലിയ വേരോട്ടമില്ലാത്ത നാട് കൂടിയാണിത്. 1919ൽ സ്ഥാപിതമായ ‘കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ദെ യു.എസ്.എ’ അടക്കമുള്ള ഇടത് പാർട്ടികൾ അമേരിക്കയിലുണ്ടെങ്കിലും വലിയൊരു സ്വാധീനം പുതിയ കാലത്ത് ഈ പാർട്ടികൾക്കില്ല. ശീത യുദ്ധക്കാലത്ത് അമേരിക്കയിൽ കമ്യൂണിസത്തെ വളരെ സംശയത്തോടെയും ശത്രുതയോടെയുമാണ് കണ്ടിരുന്നത്. വലിയ അടിച്ചമർത്തലുകളാണ് അന്ന് ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
എന്നാൽ, ഞായറാഴ്ച കിഴക്കൻ അമേരിക്കൻ നഗരമായ ഫിലാഡൽഫിയയിൽ നടന്ന കമ്യൂണിസ്റ്റുകാരുടെ മാർച്ച് വലിയ ചർച്ചയായിരിക്കുകയാണ്. റെവല്യൂഷണറി കമ്യൂണിസ്റ്റ്സ് ഓഫ് അമേരിക്ക (ആർ.സി.എ) എന്ന പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ 500ഓളം പാർട്ടി പ്രവർത്തകരാണ് അണിനിരന്നത്. ചുവന്ന ബാനറും ചുറ്റികയും അരിവാളുമുള്ള ചെങ്കൊടികളുമായാണ് ഇവർ മാർച്ചിൽ പങ്കെടുത്തത്.
‘അമേരിക്കയിലെ കമ്യൂണിസ്റ്റ് തലമുറയോട് ഹലോ പറയുന്നു’ -എന്ന കുറിപ്പോടെ ഇതിന്റെ വിഡിയോയും പാർട്ടിയുടെ ‘എക്സ്’ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ശതകോടീശ്വരൻമാർ പരാന്നഭോജികളാണ്’ എന്ന അടിക്കുറിപ്പാണ് മറ്റൊരു വിഡിയോക്ക് നൽകിയിരിക്കുന്നത്. ഇതിന് ‘എക്സ്’ സി.ഇ.ഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് ആശ്ചര്യ ചിഹ്നം മറുപടിയായി നൽകിയിട്ടുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്. ഇതിനിടയിലാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ മാർച്ചും വാർത്തകളിൽ ഇടംപിടിക്കുന്നത്. ‘നമ്മുടെ ജീവിത കാലത്ത് മുതലാളിത്തത്തെ അട്ടിമറിക്കുന്ന പാർട്ടിയിൽ ചേരൂ’ എന്ന് മറ്റൊരു ‘എക്സ്’ പോസ്റ്റിൽ ആർ.സി.എ ആഹ്വാനം ചെയ്യുന്നുണ്ട്.
മാർച്ചിൽ അണിനിരന്നവർ ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യില്ലേ എന്ന് പലരും ചോദിച്ചപ്പോൾ അതിനും പാർട്ടി മറുപടി നൽകി. ‘ഒരിക്കലും വോട്ട് ചെയ്യില്ല. ഡെമോക്രാറ്റും റിപ്പബ്ലിക്കും ശതകോടീശ്വരൻമാരുടെ പാർട്ടിയാണ്. അതിനാലാണ് ഞങ്ങൾ പുതിയ പാർട്ടി രൂപീകരിച്ചത്’ -എന്നായിരുന്നു മറുപടി.
വിപ്ലവം തീർക്കുമോ ആർ.സി.എ?
2024 ഫെബ്രുവരിയിലാണ് ‘റെവല്യൂഷണറി കമ്യൂണിസ്റ്റ്സ് ഓഫ് അമേരിക്ക’ പാർട്ടി രൂപീകരിക്കുന്നത്. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് ഇടതുപക്ഷ ചിന്താഗതിയുള്ളവർ ഒരുമിച്ചുകൂടി പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്തുകയായിരുന്നു. പാർട്ടിയുടെ സ്ഥാപക കോൺഗ്രസാണ് ജൂലൈ 27, 28 തീയതികളിൽ ഫിലാഡൽഫിയയിൽ നടന്നത്. പാർട്ടി കോൺഗ്രസിന് ശേഷമായിരുന്നു നഗരത്തെ പ്രകമ്പനം കൊള്ളിച്ചുള്ള പ്രകടനം.
12 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന റെവല്യൂഷണറി കമ്യൂണിസ്റ്റ് ഇന്റർനാഷനൽ എന്ന സംഘടനയുടെ ഭാഗമാണ് ആർ.സി.എ എന്ന് ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. പുതിയ തലമുറയിലെ വർഗ പോരാളികൾ സംഘടിതരാകാനും പോരാടാനും മുന്നിലുണ്ടെന്ന് പാർട്ടി പറയുന്നു.
‘മുതലാളിത്തത്തെ പൂർണമായും പിഴുതെറിയാൻ തീരുമാനിച്ച വർഗ പോരാളികൾ അടങ്ങിയ പാർട്ടിയാണ് ആർ.സി.എ. ഭൗതിക സമൃദ്ധിയുടെ ഒരു ലോകത്തിനായി ഞങ്ങൾ പോരാടുകയും ലാഭത്തെ മാത്രം പിന്തുടരുന്ന വ്യവസ്ഥിതിയെ ഞങ്ങൾ നിരസിക്കുകയും ചെയ്യുന്നു’ -ആർ.സി.എയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു.
‘അമേരിക്കൻ സോഷ്യലിസ്റ്റ് വിപ്ലവ പോരാട്ടത്തിന്റെ ഭാഗമായി തൊഴിലാളികളുടെ ജീവിത ഉന്നതിക്കായി ഞങ്ങൾ പോരാടും. തൊഴിലാളി വർഗം രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരം നേടിയാൽ സമൂഹത്തെ എങ്ങനെ പുനഃസംഘടിപ്പിക്കാമെന്ന കാഴ്ചപ്പാടും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു’ -പാർട്ടി വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.
‘പുതിയ കമ്യൂണിസ്റ്റ് പാർട്ടി ആരംഭിക്കുകയാണെന്ന് അറിയിച്ചതോടെ വലിയ സ്വീകരണമാണ് ലഭിച്ചത്. ആദ്യ ആഴ്ചകൾക്കുള്ളിൽ തന്നെ നിരവധി കമ്യൂണിസ്റ്റുകൾ പാർട്ടിയുടെ ഭാഗമായി. അമേരിക്കയിൽ ആയിരക്കണക്കിന് വിപ്ലവ കമ്യൂണിസ്റ്റുകൾ സംഘടിക്കാനും വിപ്ലവത്തിനായി പോരാടാനും തയ്യാറാണെന്നതിന്റെ തെളിവാണിത്’ -പാർട്ടി വ്യക്തമാക്കി.
അതേസമയം, ഈ സംഭവവികാസങ്ങൾ അമേരിക്കൻ മാധ്യമങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല. പാർട്ടിയുടെ പോസ്റ്റിൽ ഇലോൺ മസ്ക് മറുപടി നൽകിയതോടെയാണ് കൂടുതൽ പേർ ഇത് ചർച്ച ചെയ്യാൻ തുടങ്ങിയത്.
Adjust Story Font
16