ഒരു മാസം, ഗസ്സയിൽ തീതുപ്പി ഇസ്രായേൽ ബോംബർ വിമാനങ്ങൾ; വഴിമുട്ടി മധ്യസ്ഥ ചർച്ചകൾ, ലോകത്തുടനീളം പ്രതിഷേധം
12 മണിക്കൂറിനിടെ ആശുപത്രിയും അഭയാർഥി ക്യാമ്പുകളുമടക്കം 50 കേന്ദ്രങ്ങളിലാണ് ബോംബിട്ടത്.
ഗസ്സ സിറ്റി: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്ക് ഒരു മാസം. മുപ്പതാം നാളിലും ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തമാണ്. 12 മണിക്കൂറിനിടെ ആശുപത്രിയും അഭയാർഥി ക്യാമ്പുകളുമടക്കം 50 കേന്ദ്രങ്ങളിലാണ് ബോംബിട്ടത്. ബന്ദികളെ വിടാതെ വെടിനിർത്തൽ ഇല്ലെന്ന് ഇസ്രായേലും അമേരിക്കയും വ്യക്തമാക്കിയതോടെ മധ്യസ്ഥ ചർച്ചകൾ വഴിമുട്ടി. ലോകത്തെ വിവിധ നഗരങ്ങളിൽ ഫലസ്തീൻ അനുകൂല റാലികൾ തുടരുകയാണ്.
ഏറ്റവും കനത്ത വ്യോമ, നാവിക, കരയാക്രമണങ്ങൾക്കാണ് ഇന്നലെ രാത്രിയും ഇന്ന് വെളുപ്പിനും ഗസ്സ സാക്ഷിയായത്. വിവിധ ആശുപത്രികൾക്കും അഭയാർഥി ക്യാമ്പുകൾക്കും ജലസംഭരണ കേന്ദ്രങ്ങൾക്കും മേൽ തുരുതുരെ ബോംബാക്രമണം നടന്നു. ഗസ്സയിലെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും ഇത് മൂന്നാം തവണ വിച്ഛേദിച്ചായിരുന്നു സൈനികാക്രമണം. മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്തുക അസാധ്യമാണെന്ന് റെഡ്ക്രോസ് കേന്ദ്രങ്ങൾ അറിയിച്ചു.
മരുന്നും വെള്ളവും ഭക്ഷണവും ഇന്ധനവും ഇല്ലാതായ ഗസ്സ കൂട്ടപട്ടിണി മരണത്തിലേക്കാണ് നീങ്ങുന്നതെന്ന യു.എൻ ഏജൻസികളുടെ മുന്നറിയിപ്പുകൾക്കിടയിലാണ് ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണ പരമ്പരകൾ. ഹമാസിനെ ഏതുവിധേനയും സമ്മർദത്തിലാക്കി ബന്ദികളെ കൈമാറാൻ പ്രേരിപ്പിക്കുകയാണ് പുതിയ ആക്രമണങ്ങളുടെ ലക്ഷ്യം. ഗസ്സയിൽ തുടരുന്ന കുരുതി മേഖലയിലെ സ്ഥിതി സങ്കീർണമാക്കുകയും യുദ്ധവ്യാപനത്തിന് ആക്കം കൂട്ടുകയും ചെയ്തതായി ഇറാൻ വിദേശകാര്യമന്ത്രി അറിയിച്ചു. പുതിയ യദ്ധമുഖം തുറക്കാൻ ഇത് ചെറുത്തുനിൽപ്പ് പോരാളികളെ നിർബന്ധിതമാക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ലബനാൻ അതിർത്തിയിലും ആക്രമണ, പ്രത്യാക്രമണങ്ങൾ രൂക്ഷമായി തുടരുകയാണ്. കിർയത് ഷ്മോനയിലെ കെട്ടിടത്തിൽ റോക്കറ്റ് പതിച്ച് വലിയ നാശനഷ്ടം ഉണ്ടായി. ദക്ഷിണ ലബനാനിൽ നാല് പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുദ്ധഗതിയും ഭാവിയും വിലയിരുത്താൻ സി.ഐ.എ ഡയറക്ടർ അടുത്ത ദിവസം ഇസ്രായേലിലെത്തും. ബന്ദികളെ വിടാൻ താൽക്കാലിക വെടിനിർത്തലിന് തങ്ങൾ സന്നദ്ധമായിരുന്നെങ്കിലും ഹമാസ് വഴങ്ങിയില്ലെന്ന് യു.എന്നിലെ ഇസ്രായേൽ പ്രതിനിധി. ഗസ്സയിലെ ആശുപത്രികളും അഭയാർഥി ക്യാമ്പുകളും സൈനിക കേന്ദ്രങ്ങളാണെന്ന ഇസ്രായേൽ പ്രചാരണം ഹമാസ് തള്ളി.
വസ്തുത ഉറപ്പാക്കാൻ യു.എന്നിനു ചുവടെയുള്ള അന്തർദേശീയ സംഘം ഗസ്സ സന്ദർശിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഹമാസിനെ തുരത്താനുള്ള നിർണായക ആക്രമണമാണ് ഇപ്പോൾ തുടരുന്നതെന്ന് ഇസ്രായേൽ സൈന്യം. ഗസ്സക്കു മേൽ ആണവായുധം പ്രയാഗിക്കണമെന്ന വിവാദ പ്രസ്താവന നടത്തിയ ഇസ്രായേൽ പൈതൃക മന്ത്രി അമിയെ ഏലിയാഹുവിനെ പിന്തുണച്ച് തീവ്ര വലതുപക്ഷ നേതാക്കൾ രംഗത്തുവന്നു
Adjust Story Font
16