പിതാവിന്റെ കൺമുന്നിൽ യുവാവിനെ ഭീമൻ സ്രാവ് വിഴുങ്ങി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ യുവാവ് ശ്രമിച്ചെങ്കിലും സ്രാവ് വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു.
കെയ്റോ: ഈജിപ്തിൽ കടലിൽ നീന്താനിറങ്ങിയ യുവാവിനെ പിതാവിന്റെ കൺമുന്നിൽ ഭീമൻ സ്രാവ് വിഴുങ്ങി. ചെങ്കടൽ തീരദേശ നഗരമായ ഹർഗദയിലാണ് സംഭവം. ടൈഗർ ഷാർക്ക് ഇനത്തിപ്പെട്ട സ്രാവാണ് യുവാവിനെ വിഴുങ്ങിതെന്ന് ഈജിപ്ഷ്യൻ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇദ്ദേഹം മരിച്ചതായാണ് വിവരം.
യുവാവ് റഷ്യൻ പൗരനാണെന്ന് ഹർഗദയിലെ റഷ്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, വ്‌ലാദ്മിർ പോപോവ് എന്നു പേരുള്ള 24കാരനാണ് മരിച്ചതെന്നും റിപ്പോർട്ടുണ്ട്. സ്രാവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ യുവാവ് ശ്രമിച്ചെങ്കിലും സ്രാവ് വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ 74 കിലോമീറ്റർ പരിധിയിൽ തീരപ്രദേശം അടച്ചിട്ടുണ്ട്.
പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ചെങ്കടലിൽ സ്രാവുകൾ സ്ഥിരംസാന്നിധ്യമാണെങ്കിലും ഇവ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ അപൂർവമാണ്. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഈജിപ്ഷ്യൻ പരിസ്ഥിതി മന്ത്രാലയം അധികൃതർ സ്രാവിനെ പിടിച്ചതായി റിപ്പോർട്ടുണ്ട്. റഷ്യൻ സഞ്ചാരികളോട് വെള്ളത്തിലിറങ്ങുമ്പോൾ ജാഗ്രത പാലിക്കാനും പ്രദേശികമായുള്ള നീന്തൽ നിയന്ത്രണങ്ങൾ പാലിക്കാനും റഷ്യൻ കോൺസുലേറ്റ് പ്രസ്താവനയിൽ നിർദേശം നൽകി.
Adjust Story Font
16