Quantcast

'കുറ്റം ചെയ്തു പക്ഷെ ശിക്ഷയില്ല'; ചർച്ചയായി ട്രംപിന് ലഭിച്ച ശിക്ഷയിളവും യുഎസ് കോടതികളിലെ ഇരട്ടനീതിയും

ട്രംപിന് എല്ലാവിധ കവചവും ഒരുക്കുന്ന ന്യൂയോർക്ക് കോടതി വിധി, അമേരിക്കൻ നീതിന്യായ വ്യവസ്ഥയിലെ അസമത്വവും അപചയവുമാണ് വെളിപ്പെടുത്തുന്നതെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്

MediaOne Logo

Web Desk

  • Published:

    12 Jan 2025 8:02 AM GMT

കുറ്റം ചെയ്തു പക്ഷെ ശിക്ഷയില്ല; ചർച്ചയായി ട്രംപിന് ലഭിച്ച ശിക്ഷയിളവും യുഎസ് കോടതികളിലെ ഇരട്ടനീതിയും
X

വാഷിങ്ടൺ: യു എസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കുറ്റങ്ങൾ തെളിഞ്ഞിട്ടും ശിക്ഷ നൽകാതിരുന്ന ന്യൂയോർക്ക് കോടതി വിധി ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. യു എസ് നീതിന്യായ വ്യവസ്ഥയുടെ ഇരട്ടനീതിയാണ് ചർച്ചാവിഷയം. പോൺ താരത്തിന് പണം നൽകിയത് മറച്ചുവയ്ക്കാൻ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ 34 കുറ്റങ്ങളാണ് ട്രംപിനെതിരെയുള്ളത്. എന്നിട്ടും പ്രസിഡന്റിനുള്ള പരിരക്ഷ നൽകി ശിക്ഷയിൽനിന്ന് ഒഴിവാക്കുകയായിരുന്നു ന്യൂയോർക്ക് കോടതി.

ട്രംപിന് എല്ലാവിധ കവചവും ഒരുക്കുന്ന ന്യൂയോർക്ക് കോടതി വിധി, അമേരിക്കൻ നീതിന്യായ വ്യവസ്ഥയിലെ അസമത്വവും അപചയവുമാണ് വെളിപ്പെടുത്തുന്നതെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. ഒരുഭാഗത്ത് കറുത്തവർഗക്കാരും ഹിസ്പാനിക്കുകളും കുറ്റം തെളിയിക്ക​​പ്പെട്ടിട്ടില്ലെങ്കിൽ പോലും ജയിലിലടക്ക​പ്പടുമ്പോഴാണ് ട്രംപിനുള്ള ശിക്ഷ ഇളവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

തോക്ക് ഉൾപ്പടയുള്ളവയുടെ ഉടമസ്ഥാവകാശത്തിന് പരിധിയും ന്യൂയോർക്ക് സ്റ്റേറ്റ് ഡാറ്റാബേസിനായി ഡിഎൻഎ സാമ്പിൾ നൽകണമെന്നതും മാറ്റിനിർത്തിയാൽ ട്രംപിനെതിരെ യാതൊരു നടപടിക്കും കോടതി തയാറായിട്ടില്ല. അതുകൊണ്ടുതന്നെ ഈ കേസ് നീതിയുടെ രണ്ട് തലങ്ങളെ ഉയർത്തിക്കാട്ടുന്നുവെന്ന് താഴ്ന്ന വരുമാനക്കാരുടെ നിയമാവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ബ്രോങ്ക്‌സ് ഡിഫെൻഡേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ ആൻ മാത്യൂസ് പറയുന്നു.

ട്രംപിനെപ്പോലുള്ളവർക്ക് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ ചിലർ നിയമങ്ങൾക്ക് അതീതരാണെന്ന സന്ദേശമാണ് നൽകുന്നതെന്നാണ് നിയമവിദഗ്ധരിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്. 2024 ജൂലൈയിൽ ക്രിമിനൽ കേസുകളിൽ പലതിലും പ്രസിഡന്റിന് പരിരക്ഷ ലഭിക്കുമെന്ന് സുപ്രീംകോടതിയും വിധിച്ചിരുന്നു. ഇതെല്ലാം ട്രംപിനോട് നീതിന്യായ സംവിധാനം അനുകൂല സമീപനം സ്വീകരിക്കുന്നുവെന്ന വാദങ്ങൾക്ക് ശക്തി പകരുന്നതാണ്.

ന്യൂയോർക്കിൽ നിലനിൽക്കുന്ന മിനിമം ശിക്ഷ (Sentencing Minimums) പ്രകാരം, ഒരു ക്രിമിനൽ കുറ്റം ചെയ്‌താൽ അതിന് ഏറ്റവും ചുരുങ്ങിയ ശിക്ഷ കാലാവധി ഉണ്ടാകും. ക്രിമിനൽ കുറ്റാരോപിതരായ പല ന്യൂയോർക്ക് നിവാസികളും മിനിമം ശിക്ഷയ്ക്ക് വിധേയമാകാറുണ്ട്. ഇതെല്ലാം നിലനിൽക്കെയാണ് ട്രംപ് ശിക്ഷയിൽനിന്ന് ഒഴിവാക്കപ്പെടുന്നത്.

സാധാരണഗതിയിൽ ജയിൽ ശിക്ഷ മുഴുവനും നൽകാതെ വിട്ടയക്കണമെങ്കിൽ കൗൺസിലിംഗ്, കമ്മ്യൂണിറ്റി സേവനം, അല്ലെങ്കിൽ വീട്ടുതടങ്കലിൽ കഴിയുന്ന കാലയളവ് തുടങ്ങിയ ചില വ്യവസ്ഥകൾക്ക് വിധേയമാകണം. എന്നാൽ ട്രംപിന് ന്യൂയോർക്ക് കോടതി നിരുപാധികമായ ശിക്ഷ ഇളവാണ്‌ നൽകിയിരിക്കുന്നത്. 2014 ന് ശേഷം ട്രംപിന് സമാനമായ കുറ്റകൃത്യത്തിലേർപ്പെട്ട പ്രതികളിൽ മൂന്നിലൊന്ന് പേരും ഒരു വർഷത്തിൽ താഴെ തടവ് അനുഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്.

2023 ലെ യുണൈറ്റഡ് സ്റ്റാറ്റസ് സെന്റൻസിങ് കമ്മിഷന്റെ റിപ്പോർട്ട് പ്രകാരം, കറുത്തവർഗ്ഗക്കാരായ പുരുഷന്മാർക്ക് 13.4 ശതമാനം കൂടുതൽ ശിക്ഷ ലഭിക്കാറുണ്ട്. ഹിസ്പാനിക് പുരുഷന്മാർക്കും വെളുത്ത പുരുഷന്മാരേക്കാൾ 11.2 ശതമാനം കൂടുതൽ ശിക്ഷ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

വംശീയ മുൻവിധികളുടെ പേരിൽ കുറ്റവാളികളാക്കപ്പെടുന്നവർക്ക് വേണ്ടി യുഎസിൽ പ്രവർത്തിക്കുന്ന വേറ പറയുന്നതനുസരിച്ച്, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ വംശീയ അസമത്വങ്ങൾക്ക് നിരവധി തെളിവുകളുണ്ട്. ചില നിയമങ്ങളുടെയും നയങ്ങളുടെയും വംശീയ മുൻവിധിയും നീതിന്യായ വ്യവസ്ഥയിലുള്ളവരുടെ പക്ഷപാതപരമായ തീരുമാനങ്ങളും, കറുത്തവർഗക്കാരിലെ താഴ്ന്ന വരുമാനക്കർക്കെതിരായി വരാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. യു എസ് ജനസംഖ്യയുടെ 13 ശതമാനം വരുന്ന കറുത്തവർഗക്കാരാണ് അമേരിക്കൻ ജയിലിൽ കഴിയുന്നവരിൽ 35 ശതമാനവും എന്ന വസ്തുതയും അതിന് തെളിവായി അവർ മുന്നോട്ടുവയ്ക്കുന്നു.

ശിക്ഷകൾ വിധിക്കുമ്പോൾ വംശീയമായ വേർതിരിവുകൾക്ക് പുറമെ സാമ്പത്തികാവസ്ഥയും യുഎസ് നീതിന്യായ വ്യവസ്ഥയിലെ പ്രധാന ഘടകമാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളും പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരാണെങ്കിൽ അവർക്ക് അനുകൂലമായി വിധി സമ്പാദിക്കാൻ സാദ്ധ്യതകൾ ഏറെയാണെന്നും ആൻ മാത്യൂസ് പറയുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി വേണം ഈ കേസിനെ വിലയിരുത്താൻ.

TAGS :

Next Story