ബലാത്സംഗത്തിനിരയായ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നിഷേധിച്ചു; പ്രതിഷേധം
പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് മാറ്റി ഷെല്‍റ്റര്‍ ഹോമില്‍ താമസിപ്പിക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടു
ബ്രസീലിയ: ബ്രസീലില്‍ ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നിഷേധിച്ച് ജഡ്ജി. ഗര്‍ഭിണിയായി തുടരാന്‍ ജഡ്ജി പെണ്‍കുട്ടിക്ക് നിര്‍ദേശം നല്‍കിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് മാറ്റി ഷെല്‍റ്റര്‍ ഹോമില്‍ താമസിപ്പിക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടു. കുഞ്ഞ് ജനിച്ച ശേഷം ദത്തുനല്‍കാനും ജഡ്ജി നിര്‍ദേശം നല്‍കി.
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കുടുംബം തിരിച്ചറിഞ്ഞത് 22 ആഴ്ചകള്‍ക്ക് ശേഷം മാത്രമാണ്. അബോര്‍ഷനായി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 20 ആഴ്ച പിന്നിട്ടതിനാല്‍ ആശുപത്രി അധികൃതര്‍ ഗര്‍ഭച്ഛിദ്രത്തിന് തയ്യാറായില്ല. ഇതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം കോടതിയെ സമീപിച്ചത്.
മെയ് മാസത്തില്‍ നടന്ന കോടതി നടപടികളുടെ ഓഡിയോ റെക്കോര്‍ഡിങ് സ്വതന്ത്ര വാര്‍ത്താ ഏജന്‍സിയായ ഇന്‍റര്‍സെപ്റ്റ് ബ്രസീല്‍ ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ബ്രസീലില്‍ പ്രതിഷേധം ഉയര്‍ന്നു.
ബലാത്സംഗ കേസുകളില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയ രാജ്യമാണ് ബ്രസീല്‍. പീഡനത്തിന് ഇരയായവര്‍ക്ക് ഏത് ഘട്ടത്തിലും ഗര്‍ഭച്ഛിദ്രം നടത്താന്‍ ബ്രസീലില്‍ അവകാശമുണ്ട്. അതിജീവിതയുടെ ജീവന്‍ അപകടത്തില്‍ അല്ലെന്ന് ഉറപ്പാക്കണമെന്നത് മാത്രമാണ് നിബന്ധന. എന്നിട്ടും എന്തുകൊണ്ട് ജഡ്ജി അനുമതി നിഷേധിച്ചു എന്നതാണ് ഉയരുന്ന ചോദ്യം.സംഭവത്തില്‍ ജഡ്ജി ജൊവാന റിബെയ്‌റോ സിമ്മറിനെതിരെ അന്വേഷണം ആരംഭിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസത്തിന് ശേഷം ജൂണ്‍ 23ന്, പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രം നടത്തി.
Adjust Story Font
16