പാകിസ്താനിൽ വാഹനാപകടത്തിൽ 30 പേർ കൊല്ലപ്പെട്ടു; 15 പേർക്ക് പരിക്ക്
ഗിൽജിത്തിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസാണ് അപകടത്തില്‍പ്പെട്ടത്
ഇസ്ലാമാബാദ്: പാകിസ്താനില് ബസും കാറും കൂട്ടിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തൂൺഖ്വയിലെ കൊഹിസ്ഥാൻ ജില്ലയിലെ കാരക്കോറം ഹൈവേയിലായിരുന്നു അപകടം നടന്നത്. ഗിൽജിത്തിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസ് പ്രവിശ്യയിലെ ഷിതിയാൽ മേഖലയിൽ വരികയായിരുന്നു കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. വിവരമറിഞ്ഞ് പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. മൃതദേഹങ്ങളും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
രാത്രിയായതിനാൽ രക്ഷാപ്രവർത്തനവും ഏറെ ദുഷ്‌കരമായി. അപകടത്തിൽ പാകിസ്താൻ പ്രസിഡന്റ് ഡോ ആരിഫ് അൽവി അനുശോചനം രേഖപ്പെടുത്തി. ദാരുണമായ സംഭവത്തിലെ മരണത്തിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തുകയും കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരേതരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ബസ് അപകടത്തിൽ ഗിൽജിത് ബാൾട്ടിസ്ഥാൻ മുഖ്യമന്ത്രിയും ദുഃഖം രേഖപ്പെടുത്തി.
ജനുവരി 29ന് പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ബസ് കൊക്കയിൽ വീണ് 41 പേർ മരിച്ചിരുന്നു. ബലൂചിസ്ഥാനിലെ ലാസ്‌ബെല ജില്ലയിലാണ് സംഭവം.
Adjust Story Font
16