Quantcast

'യുപിഎ കാലത്ത് രാഹുൽ ഗാന്ധിയെ സ്വാധീനിക്കാൻ അദാനി ശ്രമിച്ചു'; വെളിപ്പെടുത്തലുമായി രാജ്ദീപ് സർദേശായിയുടെ പുതിയ പുസ്തകം

രാഹുലിന് ചുറ്റുമുള്ള ഇടത് ഉപദേശകരാണ് അദ്ദേഹത്തെ തനിക്ക് എതിരാക്കിയതെന്ന് അദാനി പറഞ്ഞതായി പുസ്തകത്തിലുണ്ട്.

MediaOne Logo

Web Desk

  • Published:

    5 Nov 2024 2:08 PM GMT

Gautam Adani made attempts to reach out to Rahul Gandhi during UPA era, says new book
X

ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ ആദ്യകാലത്ത് രാഹുൽ ഗാന്ധിയെ സ്വാധീനിക്കാൻ ഗൗതം അദാനി ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തൽ. മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ '2024: ദി ഇലക്ഷൻ ദാറ്റ് സർപ്രൈസ്ഡ് ഇന്ത്യ' എന്ന പുസ്തകത്തിലാണ് അദാനിയുടെ നീക്കത്തെക്കുറിച്ച് പറയുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, കമൽനാഥ്, പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര തുടങ്ങിയവർ വഴിയായിരുന്നു അദാനിയുടെ ശ്രമം. എന്നാൽ രാഹുലിനെ സ്വാധീനിക്കാൻ അവർക്കായില്ലെന്നും പുസ്തകത്തിൽ പറയുന്നു.

രാഹുലിന്റെ ചുറ്റിലുമുള്ള ഇടത് ഉപദേശകരുടെ കൂട്ടം അദ്ദേഹത്തിന്റെ മനസ്സിൽ തനിക്കെതിരെ വിഷം കുത്തിവെച്ച് നരേന്ദ്ര മോദിക്കെതിരായ പോരാട്ടത്തിൽ ഒരു കാലാളായി ഉപയോഗിക്കുകയായിരുന്നുവെന്നും അദാനിയെ ഉദ്ധരിച്ച് പുസ്തകം പറയുന്നു.

റോബർട്ട് വാദ്ര മുദ്ര തുറമുഖ പദ്ധതിയിൽ നിക്ഷേപം നടത്തിയിരുന്നു. കമൽനാഥ് വാണിജ്യമന്ത്രിയെന്ന നിലയിൽ അദാനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഒടുവിൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ വഴിയും അദാനി ശ്രമം നടത്തിയെങ്കിലും രാഹുലുമായുള്ള കൂടിക്കാഴ്ച സാധ്യമായില്ലെന്ന് അദാനി പറയുന്നുണ്ട്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുൽ അദാനിക്കെതിരെ രൂക്ഷ വിമർശനമുന്നയിക്കാൻ തുടങ്ങിയത്. അദാനിയും മോദിയും എങ്ങനെയാണ് പരസ്പര സഹായസംഘങ്ങളായി പ്രവർത്തിക്കുന്നതെന്ന് സഹപ്രവർത്തകർ വിശദമായ വിവരങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ അദാനിക്കെതിരെ തിരിഞ്ഞതെന്നും പുസ്തകത്തിൽ പറയുന്നു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അദാനിയുടെ ബിസിനസ് സാമ്രാജ്യം വളർന്നുപന്തലിച്ചത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിനായി മോദി അദാനിയുടെ വിമാനത്തിൽ യാത്ര ചെയ്തത് സ്വജനപക്ഷപാതത്തിന്റെ തെളിവായി രാഹുൽ ഉയർത്തിക്കാട്ടി. രാഹുൽ തനിക്കെതിരായതിൽ അദാനിയുടെ രോഷം മുഴുവൻ ജയറാം രമേശിനോടാണെന്ന് പുസ്തകം പറയുന്നു. ജയറാം രമേശിന് രാഹുൽ ഗാന്ധിയിൽ വലിയ സ്വാധീനമുണ്ട്. രാഹുൽ എപ്പോഴും തങ്ങളെ വിമർശിക്കുന്നു, പക്ഷേ യഥാർഥത്തിൽ ജയറാം രമേശാണ് തങ്ങൾക്കെതിരായ അജണ്ട രൂപീകരിക്കുന്നതെന്നും ഒരു ബിസിനസ് സുഹൃത്തിനോട് അദാനി പറഞ്ഞതായി പുസ്തകത്തിലുണ്ട്.

TAGS :

Next Story