അദാനി കൽക്കരിയിലൂടെ ഇന്ത്യയിൽ ലക്ഷങ്ങൾക്കു വൈദ്യുതിയും ആസ്‌ട്രേലിയക്കാർക്ക് ജോലിയും ഐശ്വര്യവും ലഭിച്ചു-ടോണി അബോട്ട്
'ഒരു നികുതിയുമില്ലാതെയാണ് അദാനി കൽക്കരി ഇന്ത്യയിലെത്തുന്നത്. ശതകോടികളാണ് അദാനി ആസ്‌ട്രേലിയയിൽ നിക്ഷേപിച്ചിട്ടുള്ളത്. അത് ആസ്‌ട്രേലിയയിൽ ജോലിയും സമ്പത്തും സൃഷ്ടിച്ചു.'
സിഡ്‌നി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്ക് പിന്തുണയുമായി മുൻ ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട്. ആരോപണങ്ങൾ ഉന്നയിക്കാൻ സുഖമാണെന്നും എന്തെങ്കിലും ആരോപണം വന്നതുകൊണ്ട് അതു ശരിയായിക്കൊള്ളണമെന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ശതകോടികളുടെ പദ്ധതികളുമായി അദാനി ആസ്‌ട്രേലിയയോട് കാണിച്ച വിശ്വാസത്തിന് കടപ്പാടുണ്ടെന്നും ആസ്‌ട്രേലിയയിൽനിന്ന് എത്തുന്ന അദാനിയുടെ കൽക്കരിയിൽനിന്നാണ് ഇന്ത്യയിൽ ലക്ഷക്കണക്കിനു ജനങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നതെന്നും ടോണി അബോട്ട് പറഞ്ഞു.
ദേശീയ മാധ്യമമമായ 'എൻ.ഡി.ടി.വി'ക്ക് നൽകി അഭിമുഖത്തിലാണ് മുൻ ഓസീസ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. 'കുറ്റക്കാരനാണെന്ന് തെളിയുന്നതുവരെ നിരപരാധിയാണെന്നാണ് എന്റെ അറിവിലുള്ള പൊതുനിയമ തത്വം. ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ നിയമവകുപ്പ് അക്കാര്യം പരിശോധിക്കുമെന്ന് ഉറപ്പുണ്ട്. വ്യക്തിപരമായി ആസ്‌ട്രേലിയയിൽ അദാനി കാണിച്ച വിശ്വാസത്തിന് ഏറെ കടപ്പാടുള്ളയാളാണ് ഞാൻ.'- ടോണി അബോട്ട് വെളിപ്പെടുത്തി.
മധ്യ ക്വീൻസ്‌ലൻഡിലെ അദാനി ഖനനത്തെ ഏറെ പിന്തുണച്ചയാളാണ് ഞാൻ. ആ നിലയ്ക്ക് ഇന്ത്യയിലെ വൈദ്യുതിവൽക്കരണ പദ്ധതികൾക്കുള്ള പിന്തുണയുമായി അദാനിയുടെ കൽക്കരി ഇവിടെ എത്തുന്നതിൽ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ വർഷം ഞങ്ങളുടെ സർക്കാർ അന്തിമരൂപം നൽകിയ കരാറിന്റെ ഫലമായാണ് അദാനിയുടെ ഖനികളിൽനിന്ന് ആസ്‌ട്രേലിയൻ കൽക്കരി ഇവിടെയെത്തുന്നത്. അതുവഴി ഇന്ത്യയിലെ ലക്ഷക്കണക്കിനു ജനങ്ങൾക്കാണ് വൈദ്യുതി ലഭിക്കുന്നത്-അദ്ദേഹം അവകാശപ്പെട്ടു.
ഒരു നികുതിയുമില്ലാതെയാണ് അദാനി കൽക്കരി ഇന്ത്യയിലെത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആസ്‌ട്രേലിയൻ കൽക്കരിയുടെ നികുതി ഒഴിവാക്കിയ കരാറിന് നന്ദിയുണ്ട്. പ്രകൃതിദത്തമായ ഊർജരംഗത്തും ഫോസിൽ ഇന്ധനരംഗത്തും ഭീമനാണ് അദാനി. ശതകോടികളാണ് അദാനി ആസ്‌ട്രേലിയയിൽ നിക്ഷേപിച്ചിട്ടുള്ളത്. അത് ആസ്‌ട്രേലിയയിൽ ജോലിയും സമ്പത്തും സൃഷ്ടിച്ചു. ആസ്‌ട്രേലിയയിൽ അദാനിയും സംഘവും കാണിക്കുന്ന സ്ഥിരോത്സാഹത്തെ അഭിനന്ദിക്കുകയാണ്. ഇന്ത്യ ഊർജസുരക്ഷ ലക്ഷ്യമിടുന്നുണ്ടെങ്കിൽ ആസ്‌ട്രേലിയ സഹായത്തിന് ഒരുക്കമാണെന്നും ടോണി അബോട്ട് കൂട്ടിച്ചേർത്തു.
ആസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ കൽക്കരി ഖനനവും റെയിൽ പദ്ധതികളും അടക്കം വമ്പൻ പദ്ധികളാണ് അദാനിക്കുള്ളത്. ഇന്ത്യ അടക്കമുള്ള നിരവധി ഏഷ്യൻ രാജ്യങ്ങൾക്ക് ഇവിടെനിന്ന് അദാനി കൽക്കരി കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാൽ, പദ്ധതിക്കെതിരെ ആസ്‌ട്രേലിയയിൽ വലിയ പ്രതിഷേധവും നിലനിൽക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശേഖരമുള്ള ഗ്രേറ്റ് ബേര്യർ റീഫിന്റെ നാശം മുതൽ ആഗോളതാപനം വരെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും അദാനിയുടെ പദ്ധതികൾക്കെതിരെ പ്രതിഷേധം തുടരുന്നത്.
Summary: ''Australian coal from Adani mining is helping to provide power to millions in India and jobs and prosperity to Australia'', Says Australia's former Prime Minister Tony Abbott
Adjust Story Font
16