Quantcast

അഫ്ഗാന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വിമാനത്തില്‍ പെണ്‍കുഞ്ഞിന് ജന്മംനല്‍കി യുവതി

ജര്‍മനിയിലെ റാംസ്റ്റൈന്‍ വ്യോമതാവളത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു യുഎസ് സൈനിക വിമാനത്തില്‍ അഫ്ഗാന്‍ യുവതിയുടെ സുഖപ്രസവം

MediaOne Logo

Web Desk

  • Updated:

    2021-08-22 16:53:09.0

Published:

22 Aug 2021 4:16 PM GMT

അഫ്ഗാന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വിമാനത്തില്‍ പെണ്‍കുഞ്ഞിന് ജന്മംനല്‍കി യുവതി
X

അഫ്ഗാനില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ വിമാനത്തില്‍ കുഞ്ഞിന് ജന്മം നല്‍കി അഫ്ഗാന്‍ യുവതി. അഫ്ഗാന്‍ അഭയാര്‍ത്ഥികളുമായി തിരിച്ച യുഎസ് വിമാനത്തിലാണ് യുവതിയുടെ സുഖപ്രസവം.

താലിബാന്‍ അഫ്ഗാനിസ്താന്‍ നിയന്ത്രണത്തിലാക്കിയതിനു പിറകെ കാബൂളില്‍നിന്ന് രക്ഷപ്പെട്ട യുവതി പശ്ചിമേഷ്യയിലെ ഒരു താല്‍ക്കാലിക അഭയാര്‍ത്ഥി കേന്ദ്രത്തിലായിരുന്നു കഴിഞ്ഞത്. ഇവിടെനിന്ന് കഴിഞ്ഞ ദിവസം യുഎസ് സൈനിക വിമാനത്തില്‍ ജര്‍മനിയിലെത്തിക്കുന്നതിനിടെയാണ് വിമാനത്തില്‍ വച്ച് പ്രസവവേദന അനുഭവപ്പെട്ടത്.

വിമാനം സമുദ്രനിരപ്പില്‍നിന്ന് 28,000 അടി ഉയരത്തിലെത്തിയതോടെ യുവതി അസ്വസ്ഥതകള്‍ കാണിക്കാന്‍ തുടങ്ങി. താഴ്ന്ന അന്തരീക്ഷ മര്‍ദം കാരണമുള്ള ബുദ്ധിമുട്ടുകളാണ് യുവതി നേരിട്ടത്. ഇതോടെ അന്തരീക്ഷ മര്‍ദം ഉയര്‍ത്താനായി വിമാന കമാന്‍ഡര്‍ പതുക്കെ വിമാനം താഴ്ത്തി.

മറ്റു വിമാനജീവനക്കാര്‍ യുവതിക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിക്കൊടുക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യുഎസ് വ്യോമസേനാ മെഡിക്കല്‍ സംഘം പ്രസവ പരിചരണങ്ങള്‍ നല്‍കി. ഒടുവില്‍ വിമാനം ജര്‍മനിയിലെ റാംസ്റ്റൈന്‍ വ്യോമതാവളത്തിലിറങ്ങുന്നതിനു തൊട്ടുമുന്‍പ് യുവതി ഒരു പെണ്‍കുഞ്ഞിനു സുരക്ഷിതമായി ജന്മം നല്‍കുകയും ചെയ്തു.

യുഎസ് സൈന്യത്തിനു കീഴിലുള്ള വ്യോമരക്ഷാ ദൗത്യസംഘമായ എയര്‍ മൊബിലിറ്റി കമാന്‍ഡ് ട്വിറ്ററിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. വിമാനമിറങ്ങിയയുടന്‍ തന്നെ യുവതിയെയും കുഞ്ഞിനെയും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും എയര്‍ മൊബിലിറ്റി കമാന്‍ഡ് അറിയിച്ചു.

TAGS :

Next Story