സർവകലാശാലകളിൽ പെൺകുട്ടികളെ വിലക്കി താലിബാൻ
ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ-സ്വകാര്യ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി നേദാ മുഹമ്മദ് നദീം കത്തയച്ചു.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം വിലക്കി താലിബാൻ. ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ-സ്വകാര്യ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി നേദാ മുഹമ്മദ് നദീം കത്തയച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ പെൺകുട്ടികൾക്ക് പ്രവേശനം നൽകരുതെന്നാണ് നിർദേശം.
സെക്കണ്ടറി വിദ്യാഭ്യാസ മേഖലയിൽ നേരത്തെ തന്നെ താലിബാൻ സ്ത്രീകൾക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. മൂന്ന് മാസം മുമ്പ് അഫ്ഗാനിസ്ഥാനിൽ നടത്തിയ യൂണിവേഴ്‌സിറ്റി എൻട്രൻസ് എക്‌സാമിൽ നൂറുകണക്കിന് സ്ത്രീകളും പെൺകുട്ടികളും പങ്കെടുത്തിരുന്നു. അവരുടെ ഭാവി ഇരുട്ടിലാക്കുന്നതാണ് പുതിയ തീരുമാനം.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ സർവകലാശാലകളിൽ പെൺകുട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ കർട്ടനിട്ട് വേർതിരിച്ച് പ്രത്യേക ക്ലാസ് മുറികൾ ഏർപ്പെടുത്തുകയും പെൺകുട്ടികളെ വനിതാ അധ്യാപകരോ മുതിർന്ന പുരുഷ അധ്യാപകരോ മാത്രമേ പഠിപ്പിക്കാവൂ എന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16