ലേലത്തിൽ കോടികൾ നേടിയ വാഴപ്പഴത്തിന്റെ റെക്കോർഡ് തകർക്കാൻ 'ബ്ലാങ്ക് കാൻവാസ്'
ഒറ്റനോട്ടത്തില്‍ ശൂന്യമാണെന്ന് തോന്നിക്കുന്ന ഈ ക്യാന്‍വാസിന്റെ ലേല തുക ഒന്‍പത് കോടി മുതലാണ് തുടങ്ങുക

ബെർലിൻ: ലേലത്തിൽ കോടികൾ നേടിയ വാഴപ്പഴത്തിന്റെ റെക്കോർഡ് തകർക്കാനായി 'ബ്ലാങ്ക് കാൻവാസ്' ലേലത്തിനൊരുങ്ങുന്നു. ഒറ്റനോട്ടത്തില്‍ ശൂന്യമാണെന്ന് തോന്നിക്കുന്ന ഈ ക്യാന്‍വാസിന്റെ ലേല തുക ഒന്‍പത് കോടി മുതലാണ് തുടങ്ങുക. കഴിഞ്ഞ ദിവസം ഭിത്തിയില്‍ ഒട്ടിച്ചുവച്ച ഒരു വാഴപഴം 52 കോടി രൂപയ്ക്ക് ചൈനീസ് വംശജനായ അമേരിക്കന്‍ വ്യവസായി ലേലത്തില്‍ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.
ലേലം ചെയ്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം 52 കോടി രൂപയുടെ വാഴപ്പഴം ലേലം കൊണ്ടയാള്‍ കഴിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. വാഴപ്പഴം പോലെ തന്നെ ഈ കലാസൃഷ്ടി വാങ്ങുന്നവര്‍ക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. കലാലോകത്ത് വലിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ് 'ബ്ലാങ്ക് കാൻവാസ്'.
വാഴപ്പഴത്തിന്റെ ലേലം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. സമാനമായി ബ്ലാങ്ക് കാൻവാസിന്റെ ലേലത്തെയും ചോദ്യം ചെയ്യുകയാണ് സോഷ്യൽ മീഡിയ. ഇത് ശൂന്യതയെക്കുറിച്ചുള്ള സൂചനയാണോ അതോ സമാധാനത്തിന്റെ പ്രതിഫലനമാണോ മറിച്ച് ലോകത്തിലെ ഏറ്റവും വലിയ തമാശയാണോയെന്ന തരത്തിലുള്ള ചര്‍ച്ചകൾക്ക് സമൂഹ മാധ്യമങ്ങൾ തുടക്കം കുറിച്ചിരിക്കുകയാണ്.
ജനറല്‍ 52x52 എന്ന് പേരിട്ടിരിക്കുന്ന റോബര്‍ട്ട് റൈമാന്‍ വരച്ച കാന്‍വാസിന് 13 കോടി രൂപ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ലേല സ്ഥാപനമായ കെറ്ററര്‍ കുന്‍സ്റ്റ് അറിയിച്ചു. ഒറ്റനോട്ടത്തില്‍ ഈ ക്യാന്‍വാസ് ശൂന്യമാണെന്ന് തോന്നാം. എന്നാല്‍ വെളുത്ത ഇനാമല്‍ ഉപയോഗിച്ച് ഇതില്‍ ചിത്രം വരച്ചിട്ടുണ്ട്. എണ്ണയും ചായക്കൂട്ടും കലര്‍ന്ന ഗ്ലാസ് പൊടികളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഓരോ പാളിയും വളരെയധികം ശ്രദ്ധയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്.
Adjust Story Font
16