Quantcast

ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് തിരികെ തരൂ; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ന്യൂസിലാന്‍റിലും പ്രതിഷേധം

വെല്ലിംഗ്ടണിലെ ന്യൂസിലാന്‍റിലെ പാർലമെന്‍റിന് സമീപം ട്രക്കുകളുടെയും ക്യാമ്പർ വാനുകളുടെയും ഒരു സംഘം തെരുവുകൾ തടഞ്ഞു

MediaOne Logo

Web Desk

  • Published:

    8 Feb 2022 4:07 AM GMT

ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് തിരികെ തരൂ; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ന്യൂസിലാന്‍റിലും പ്രതിഷേധം
X

കാനഡക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കും വാക്സിനേഷനുമെതിരെ പ്രതിഷേധവുമായി ന്യൂസിലാന്‍റും. കാനഡയിലെ സമാനമായ പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചൊവ്വാഴ്ച വെല്ലിംഗ്ടണിലെ ന്യൂസിലാന്‍റിലെ പാർലമെന്‍റിന് സമീപം ട്രക്കുകളുടെയും ക്യാമ്പർ വാനുകളുടെയും ഒരു സംഘം തെരുവുകൾ തടഞ്ഞു.


'ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങൾക്ക് തിരികെ തരൂ', 'നിർബന്ധം സമ്മതമല്ല' തുടങ്ങിയ സന്ദേശങ്ങള്‍ എഴുതിയ വാഹനങ്ങൾ ദ ബീഹൈവ് എന്നറിയപ്പെടുന്ന പാർലമെന്‍റ് മന്ദിരത്തിന് ചുറ്റുമുള്ള തെരുവുകളിൽ പാർക്ക് ചെയ്തിരുന്നു. ആയിരത്തിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് വെല്ലിംഗ്ടൺ സ്വദേശിയായ സ്റ്റു മെയിൻ പറഞ്ഞു. "ഞാൻ കുത്തിവെപ്പ് എടുത്തിട്ടുണ്ട്, പക്ഷേ വാക്സിനേഷൻ നിർബന്ധമാക്കുന്നതിന് ഞാൻ എതിരാണ്," അദ്ദേഹം എഎഫ്പിയോട് പറഞ്ഞു. വാക്സിനെടുക്കാന്‍ ഇഷ്ടമില്ലാത്തവരെ എന്തിനാണ് നിര്‍ബന്ധിക്കുന്നതെന്നും സ്റ്റു മെയിന്‍ ചോദിക്കുന്നു. സമാധാനപരമായി നടന്ന പ്രകടനത്തില്‍ ഇതുവരെ അറസ്റ്റുകളോ അനിഷ്ട സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ഭൂരിപക്ഷം ന്യൂസിലാന്‍റുകാരും സര്‍ക്കാരിന്‍റെ വാക്സിനേഷൻ പ്രോഗ്രാമിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ജസീന്ത ആർഡേൺ പ്രതിഷേധക്കാരുമായി ചർച്ചയിൽ ഏർപ്പെടാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ആവര്‍ത്തിച്ചു. "ന്യൂസിലാന്‍റുകാരില്‍ 96 ശതമാനവും പുറത്തു പോയി വാക്സിനേഷൻ എടുത്തിട്ടുണ്ട്, ഇത് അധിക പരിരക്ഷ നൽകിയതിനാൽ ഇപ്പോൾ കുറച്ച് നിയന്ത്രണങ്ങളോടെ ജീവിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു," അവർ റേഡിയോ ന്യൂസിലാന്‍റിനോട് പറഞ്ഞു.


ആരോഗ്യം, നിയമപാലനം, വിദ്യാഭ്യാസം, പ്രതിരോധം എന്നിങ്ങനെ ന്യൂസിലാന്‍റിലെ ചില മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാണ്. റസ്‌റ്റോറന്‍റുകളിലും സ്‌പോർട്‌സ് പരിപാടികളിലും ആരാധന കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ പൊതുഗതാഗതം, സൂപ്പർമാർക്കറ്റുകൾ, സ്കൂളുകൾ, ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്ക് ഇത് ആവശ്യമില്ല.

TAGS :

Next Story