എട്ട് വർഷത്തിന് ശേഷം വിമതർ വീണ്ടും അലപ്പോയിൽ; സിറിയയിൽ സംഘർഷം രൂക്ഷം
വിമാനത്താവളവും റോഡുകളും അടച്ചു
ഡമസ്കസ്: സിറിയയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. വിമത വിഭാഗം വടക്കുപടിഞ്ഞാറൻ നഗരമായ അലപ്പോയിലേക്ക് ഇരച്ചുകയറി. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രസിഡൻറ് ബഷർ അൽ അസദിന് വർഷങ്ങൾക്കിടെയുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. സംഭവത്തിന് പിന്നാലെ സിറിയൻ അധികൃതർ അലപ്പോ വിമാനത്താവളവും നഗരത്തിലേക്കുള്ള റോഡുകളും അടച്ചു.
ഹയാത്ത് തഹ്രീർ അൽ ഷാം എന്നി സായുധ വിഭാഗമാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. അതേസമയം, സിറിയയുടെ പ്രധാന സഖ്യകക്ഷിയായ റഷ്യ, വിമതരെ തുരത്താനുള്ള എല്ലാവിധ സഹായങ്ങളും നൽകുമെന്ന് അറിയിച്ചു.
ബുധനാഴ്ചയാണ് വിമതസേന അലപ്പോയിലേക്കുള്ള കടന്നുകയറ്റം ആരംഭിച്ചത്. വെള്ളിയാഴ്ചയോടെ നഗരത്തിെൻറ പ്രധാന ഭാഗങ്ങൾ ഇവർ കീഴടക്കി. 2016ന് ശേഷം ആദ്യമായാണ് ഇവർ നഗരത്തിലേക്ക് തിരിച്ചെത്തുന്നത്. ഇറാെൻറയും റഷ്യയുടെയും ഷിഈ സായുധവിഭാഗങ്ങളുടെയും സഹായത്തോടെ വിമതരെ സിറിയ അന്ന് തുരത്തുകയായിരുന്നു.
ഇറാൻ പിന്തുണയുള്ള സൈനികരുടെ കുറവാണ് വിശാലമായ അലപ്പോ പ്രവിശ്യയിലേക്ക് തങ്ങൾക്ക് കടന്നുകയറാൻ സഹായകരമായതെന്ന് വിമത വിഭാഗത്തിലെ കമാൻഡർ മുസ്തഫ അബ്ദുൽ ജബ്ബാർ പറഞ്ഞു. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബിൽ കഴിഞ്ഞ ആഴ്ചകളിൽ റഷ്യയുടെയും സിറിയയുടെയും വ്യോമസേനകൾ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് തങ്ങളുടെ കടന്നാക്രമണമെന്നും വിമതർ വ്യക്തമാക്കി.
വിമതരെ പിന്തുണക്കുന്ന തുർക്കി ആക്രമണത്തിന് പച്ചക്കൊടി കാണിച്ചാതയും റിപ്പോർട്ടുകളുണ്ട്. അതേസമയം, മേഖലയിൽ കൂടുതൽ അസ്ഥിര ഒഴിവാക്കാനാണ് തുർക്കി ശ്രമിക്കുന്നതെന്നും ഇത്തരം ആക്രമണങ്ങൾ സമാധാന കരാറിന് തുരങ്കം വെക്കുന്നതാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം വക്താവ് ഓങ്കു കെസെലി പറഞ്ഞു. 2020 മാർച്ചിൽ റഷ്യയും തുർക്കിയും സംഘർഷം ലഘൂകരിക്കാനുള്ള കരാറിന് സമ്മതിച്ചിരുന്നു. ഇതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോൾ നടന്നിട്ടുള്ളത്.
അതേസമയം, വിമതർ അലപ്പോ നഗരത്തിൽ എത്തിയെന്ന വാർത്ത സിറിയൻ ദേശീയ ടെലിവിഷൻ നിഷേധിച്ചു. റഷ്യയുടെ സഹായത്തോടെ വിമതരെ ചെറുക്കുന്നുണ്ടെന്നും സിറിയ വ്യക്തമാക്കി. ആക്രമണത്തിനെതിരെ പോരാടുകയാണെന്നും അലപ്പോയിലെയും ഇദ്ലിബിലെയും ഗ്രാമപ്രദേശങ്ങളിൽ വിമതർക്ക് കനത്ത നാശം വരുത്തിയെന്നും സിറിയൻ സൈന്യം പറയുന്നു.
വടക്കുപടിഞ്ഞാറൻ സിറിയയിലെ സ്ഥിതിഗതികളിൽ തങ്ങൾ അഗാധമായ ആശങ്കയിലാണെന്ന് രാജ്യത്തെ ഐക്യരാഷ്ട്ര സഭ പ്രതിനിധി ഡേവിഡ് കാർഡൻ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ എട്ട് വയസ്സുകാരൻ ഉൾപ്പെടെ 27 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമതർക്കെതിരെ റഷ്യയും രംഗത്തുവന്നു. വിമതരുടേത് സിറിയയുടെ പരമാധികാരത്തിനുമേലുള്ള ആക്രമണമായാണ് കണക്കാക്കുന്നതെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. സിറിയൻ സർക്കാറിന് ആവശ്യമായ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
Adjust Story Font
16