'ബ്രാഡ് പിറ്റ്' എന്ന് പറഞ്ഞ് തട്ടിയത് 80000 യൂറോ; ഫ്രഞ്ച് വനിത ചതിക്കപ്പെട്ടത് എഐ ചിത്രങ്ങൾ വഴി
തട്ടിപ്പ് മനസിലാക്കിയതോടെ ആൻ വിഷാദരോഗം മൂലം ആശുപത്രിയിൽ ചികിത്സ തേടി
ഈ ഡിജിറ്റൽ യുഗത്തിൽ പലതരം തട്ടിപ്പുകളാണ് നാം ദിവസവും കേൾക്കുന്നത്. ഡിജിറ്റൽ അറസ്റ്റും, മൊബൈലിൽ ലിങ്ക് അയച്ചുള്ള തട്ടിപ്പുമൊക്കെ ഇപ്പോൾ സർവസാധാരണമാണ്. അത്തരത്തിലുള്ള തട്ടിപ്പിൻ്റെ വാർത്തയാണ് ഫ്രാൻസിൽ നിന്ന് പുറത്തുവരുന്നത്. ഹോളിവുഡ് സൂപ്പർതാരമായ ബ്രാഡ് പിറ്റിൻ്റെ പേരിലാണ് തട്ടിപ്പ്. 80000 യൂറോയാണ് 53 വയസുള്ള ഫ്രഞ്ച് വനിത ആനിൻ്റെ കൈയിൽ നിന്ന് തട്ടിപ്പുകാരൻ പ്രണയം നടിച്ച് തട്ടിയത്. ഒരു പ്രാദേശിക ചാനലിലെ അഭിമുഖ പരിപാടിയിലാണ് അവർ ഇക്കാര്യം തുറന്നുപറഞ്ഞത്.
ടിഗ്നസിലേക്കുള്ള സ്കീ യാത്രയ്ക്കിടെ പിറ്റിന്റെ അമ്മ ജെയ്ൻ എറ്റ പിറ്റിന്റേതെന്ന് പറയുന്ന ഒരു അക്കൗണ്ടിൽ നിന്ന് ആനിന് മെസേജ് ലഭിച്ചു. ഒരു ദിവസത്തിനു ശേഷം ബ്രാഡ് പിറ്റെന്ന് അവകാശപ്പെട്ട് മറ്റൊരു അക്കൗണ്ടിൽ നിന്ന് തനിക്ക് വീണ്ടും മെസേജ് ലഭിച്ചു. തുടർന്ന് സംസാരിച്ച ഇവർ താമസിയാതെ സുഹൃത്തുക്കളായി. ഈ സമയം ഒരു കോടീശ്വരനുമായി ആൻ വിവാഹിതയായിരുന്നു. അതേസമയം തന്റെ വിവാഹത്തിൽ പ്രശ്നങ്ങളുമുണ്ടായിരുന്നു.
വ്യാജ അക്കൗണ്ടിലെ വ്യക്തി തൻ്റെ സ്നേഹം പ്രകടിപ്പിക്കാനായി തനിക്ക് കവിത ചൊല്ലിത്തരാറുണ്ടായിരുന്നെന്നും ആൻ പറയുന്നു. ഇതോടെ താൻ ബ്രാഡ് പിറ്റുമായി പ്രണയത്തിലായി എന്ന് ആൻ ഉറപ്പിച്ചു. ഫോൺ വിളിക്കാൻ എപ്പോഴും ഈ തട്ടിപ്പുകാരൻ വിസമ്മതിച്ചിരുന്നു. പകരം എഐ വഴി നിർമിച്ച ബ്രാഡ് പിറ്റിൻ്റെ ചിത്രങ്ങളും വീഡിയോകളും എപ്പോഴും ആനിന് അയച്ചുകൊണ്ടേയിരുന്നു. ഒരു പടി കൂടി കടന്ന് ഇയാൾ ആനിനോട് തന്നെ വിവാഹം കഴിക്കാനും ആവശ്യപ്പെട്ടു.
ഒരു ലക്ഷ്വറി ഗിഫ്റ്റ് അയച്ചിട്ടുണ്ട്, അത് ലഭിക്കണമെങ്കിൽ 9000 യൂറോ നൽകണമെന്ന് ഈ ഫേക്ക് ബ്രാഡ് പിറ്റ്, ആനിനോട് ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. എന്നാൽ തനിക്ക് ഒരു ഗിഫ്റ്റും ലഭിച്ചില്ലെന്ന് ആൻ ചാനലിൽ പറഞ്ഞു. ആനിന്റെ വിവാഹബന്ധം താമസിയാതെ അവസാനിച്ചു. ജീവനാംശമായി 775000 യൂറോ ലഭിക്കുകയും ചെയ്തു. ഏതാണ്ട് ഈ സമയത്ത് തട്ടിപ്പുകാരൻ തൻ്റെ അടുത്ത ഐഡിയ പുറത്തിറക്കി.
താൻ ആശുപത്രിയിലാണെന്നും കിഡ‍്നി സർജറി വേണമെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ആശുപത്രിയിലാണെന്ന് വിശ്വസിപ്പിക്കാൻ എഐ ഉപയോഗിച്ച് നിർമിച്ച ബ്രാഡ് പിറ്റിൻ്റെ വ്യാജ ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുത്തു. ചികിത്സക്കായി പണം ആവശ്യമുണ്ടെന്നും പറഞ്ഞു. ആഞ്ജലീന ജോളിയുമായുള്ള വിവാഹമോചന കേസ് നിലനിൽക്കുന്നതിനാൽ തൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു പണം ലഭിക്കാൻ കണ്ടെത്തിയ ന്യായം. ഒടുവിൽ ആൻ തട്ടിപ്പുകാരന് പണം കൈമാറി. പിന്നീട് ബ്രാഡ് പിറ്റ് ജ്വല്ലറി ഡിസൈനർ ഇനെസ് ഡി റാമോണുമായി പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ കണ്ടതടോയാണ് ആനിന് തട്ടിപ്പ് വ്യക്തമായത്. അതിനുശേഷം കടുത്ത വിഷാദം മൂലം നിരവധി നാൾ ആൻ ആശുപത്രിയിലായിരുന്നുവെന്നും ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
Adjust Story Font
16