Quantcast

ഗസ്സയിൽ കൂട്ടക്കുരുതി; അതിര്‍ത്തിക്കപ്പുറത്ത് ഡിജെ പാർട്ടിയും ടിക്‌ടോക് ആഘോഷങ്ങളും-ഇസ്രായേൽ യുദ്ധക്കുറ്റങ്ങൾ വിവരിച്ച് അൽജസീറ ഡോക്യുമെന്‍ററി

2023 ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ ഗസ്സയിൽ നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങൾ കൃത്യമായി പകര്‍ത്തിവച്ചിരിക്കുകയാണ് 'അൽജസീറ' ചാനലിന്റെ 'ഇൻവെസ്റ്റിഗേറ്റിങ് വാർ ക്രൈംസ് ഇൻ ഗസ്സ' എന്ന ഡോക്യുമെന്ററി ഫിലിം

MediaOne Logo

Web Desk

  • Updated:

    2024-10-03 17:26:52.0

Published:

3 Oct 2024 5:20 PM GMT

Al Jazeera investigation exposes Israeli ‘war crimes’ in Gaza, Israel attack on Gaza, Hamas, AlJazeera documentary
X

ഒരുവശത്ത്, ഗസ്സ മുനമ്പ് എന്ന ഭൂമിയിലെ തുറന്ന ജയിലിൽ, ഇസ്രായേൽ സൈന്യത്തിന്റെ കണ്ണിൽചോരയില്ലാത്ത നരനായാട്ടും കൂട്ടക്കുരുതിയും. വെള്ളമില്ല, വൈദ്യുതിയില്ല, എങ്ങും പട്ടിണി മാത്രം.. ഏതാനും കി.മീറ്ററുകൾ മാത്രം അകലെ 'അപാർതീഡ്' മതിലുകൾക്കപ്പുറത്തെ സുരക്ഷയിൽ ഇസ്രായേൽ നഗരങ്ങളിൽ അപ്പോൾ ഡിജെ പാർട്ടിയും ആഹ്ലാദാരവങ്ങളും ടിക്‌ടോക് ആഘോഷങ്ങളുമായിരുന്നു. 2023 ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ ഗസ്സയിൽ നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങൾ കൃത്യമായി പകര്‍ത്തിവച്ചിരിക്കുകയാണ് 'അൽജസീറ' ചാനലിന്റെ 'ഇൻവെസ്റ്റിഗേറ്റിങ് വാർ ക്രൈംസ് ഇൻ ഗസ്സ' എന്ന പുതിയ ഡോക്യുമെന്ററി ഫിലിം.

ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിലാണ് ചാനലിന്റെ അന്വേഷണാത്മക സംഘം ഗസ്സയിലെ മനുഷ്യക്കുരുതിയുടെ ഭീകരതയൊന്നാകെ, അതുപോലെ തെളിവുകൾ സഹിതം ലോകമനഃസാക്ഷിക്കു മുന്നിൽ തുറന്നുവച്ചിരിക്കുന്നത്. ഗസ്സയിൽനിന്നു നേരിട്ടു പകർത്തിയ ദൃശ്യങ്ങൾക്കു പുറമെ ഇസ്രായേലി സൈനികർ തന്നെ റെക്കോർഡ് ചെയ്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോകളും ചിത്രങ്ങളുമാണു സമീപകാലം കണ്ട ഏറ്റവും വലിയ യുദ്ധക്കുറ്റത്തിനു സാക്ഷ്യംനിൽക്കുന്നത്.

ഗസ്സയിലെ ഒരു സാധാരണ സായാഹ്നം. ഒരു പാർപ്പിട സമുച്ചയത്തിന്‍റെ ചെറിയ നടുമുറ്റത്ത് പോസ്റ്റുകള്‍ കെട്ടിയുണ്ടാക്കി ഫുട്‌ബോൾ കളിച്ചുകൊണ്ടിരിക്കുന്ന ഫലസ്തീനി ബാലന്മാർ. കാഴ്ചക്കാരായി നൂറുകണക്കിനു കുട്ടികൾ. അവർക്കിടയിലേക്ക് പെട്ടെന്ന് ആകാശത്തുനിന്നു ഭീകരശബ്ദവുമായി മിസൈൽ പതിക്കുന്നു. കുട്ടികളെല്ലാം ചിതറിയോടുന്നു.. ഇങ്ങനെയാണ് അൽജസീറ ഡോക്യു ഫിലിം ആരംഭിക്കുന്നത്. തൊട്ടുപിന്നാലെ കാണിക്കുന്നത് തകർന്നടിഞ്ഞു മരുപ്പറമ്പായ ഗസ്സ നഗരത്തിന്റെ കാഴ്ചയും.

പിറകെ വരുന്നത് ഗസ്സയിലെ മിസൈൽ ആക്രമണദൃശ്യങ്ങൾ കണ്ട് ആർത്തട്ടഹസിക്കുന്ന ഇസ്രായേൽ സൈനികർ. സൈനിക ടാങ്കിനു മുന്നിൽനിന്ന് പാട്ടുകൾക്കൊത്ത് നൃത്തം വച്ച് ടിക്‌ടോക് വിഡിയോ ചിത്രീകരിക്കുന്ന വനിതാ ഐഡിഎഫ് അംഗങ്ങൾ, തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കകത്തുനിന്ന് നൃത്തം ചെയ്തു വിഡിയോ പകർത്തുന്ന ഇസ്രായേൽ സൈനികർ, കണ്ണുകെട്ടി ബന്ദികളാക്കി നിർത്തിയ ഫലസ്തീനികൾ.. ഇസ്രായേലിലെ ഒരു ഡിജെ പാർട്ടിയിൽ 'നിങ്ങളുടെ ഗ്രാമം കത്തിച്ചാമ്പലാകട്ടെ' എന്നു തുടങ്ങുന്ന വരികൾക്ക് ആരവങ്ങളോടെ ചുവടുവച്ച് ആർത്തുല്ലസിക്കുന്ന ഇസ്രായേലികൾ..

ഒരു മണിക്കൂറും 21 മിനിറ്റും ദൈർഘ്യമുള്ള വിശദമായ അന്വേഷണാത്മക ഡോക്യുമെന്ററിയാണ് അൽജസീറ യൂട്യൂബിലൂടെ പുറത്തുവിട്ടത്. ചാനലിന്റെ ഇൻവെസ്റ്റിഗേറ്റീവ് യൂനിറ്റ് ശേഖരിച്ച ആയിരക്കണക്കിനു വരുന്ന വിഡിയോകളിൽനിന്നും ചിത്രങ്ങളിൽനിന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽനിന്നുമാണ്, കൃത്യമായ ആസൂത്രണത്തോടെ ഇസ്രായേൽ ഗസ്സയിൽ നടപ്പാക്കിയ വംശഹത്യാ പദ്ധതിയെ വെളിച്ചത്തുനിർത്തുന്നത്. ഗസ്സയെ തകർത്തെറിഞ്ഞ വ്യോമാക്രമണം മുതൽ ഇസ്രായേൽ നടത്തിയ കൊള്ളയും കൊലയും നിയമവിരുദ്ധ പ്രവർത്തനങ്ങളുമെല്ലാം അക്കമിട്ടുനിരത്തുന്നുണ്ട് ഇതിൽ.

ഉത്തര ഗസ്സ മുതൽ ഗസ്സ സിറ്റി വരെയും അവിടെനിന്ന് ഖാൻ യൂനിസും കടന്ന് റഫ വരെയും ഗസ്സ മുനമ്പിനെ ഒന്നാകെ ഘട്ടംഘട്ടമായി തകർത്തുകളഞ്ഞതും അവിടെ അധിവസിച്ചിരുന്ന ജനങ്ങളെ ഒന്നാകെ തുടച്ചുനീക്കിയതും ഡോക്യുമെന്ററി വിശദീകരിക്കുന്നുണ്ട്. വീടുകളും ആശുപത്രികളും വിദ്യാലയങ്ങളും യുഎൻ അംഗീകാരമുള്ള അഭയാർഥി ക്യാംപുകൾ വരെ തകർത്തുകളഞ്ഞു. പതിനായിരങ്ങളെ കൊന്നൊടുക്കി. ലക്ഷങ്ങളെ അഭയാർഥികളാക്കി തെരുവിലേക്ക് തള്ളിയിട്ടു. ഗസ്സയിലെ അവസാനത്തെ സുരക്ഷിതകേന്ദ്രമെന്നു കരുതി ലക്ഷക്കണക്കിന് അഭയാർഥികൾ ഓടിച്ചെന്നു തിങ്ങിപ്പാർത്ത റഫായിലും അവസാനം ബോംബ് വർഷിക്കുന്നു.

അൽജസീറയുടെ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, സാധാരണ മനുഷ്യർ, മനുഷ്യാവകാശ പ്രവർത്തകർ, അന്താരാഷ്ട്രീയ വിദഗ്ധർ എന്നിവരുടെയെല്ലാം കണ്ണിലൂടെയാണ് ഡോക്യുമെന്ററി ഗസ്സയിലെ ഇസ്രായേൽ നരനായാട്ടിന്റെ കഥ പറയുന്നത്. നിരായുധരായ മനുഷ്യരെ ഇസ്രായേൽ സൈന്യം വെടിവച്ചുവീഴ്ത്തുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും ആശുപത്രികൾക്കെതിരെ നടക്കുന്ന ആക്രമണത്തിന്റെ കാഴ്ചകളുമെല്ലാം കാണിക്കുന്നുണ്ട്. മിസൈൽ വർഷത്തിൽൽനിന്നു രക്ഷ തേടി കൂട്ടപലായനം ചെയ്യുന്ന ആൾക്കൂട്ടത്തിനുനേരെയും ഇസ്രായേൽ സൈന്യം വെടിയുതിർത്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണു വെടിയേറ്റുവീണത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്താൻ ഈ ദൃശ്യങ്ങൾ മാത്രം മതി. ഗസ്സയിലെ ആകെ ജനസംഖ്യയുടെ 10 ശതമാനവും ആക്രമണങ്ങൾക്കിരയായി കൊല്ലപ്പെടുകയോ കൊടിയ പട്ടിണിയിലും ഗുരുതരമായ രോഗങ്ങൾ ബാധിച്ചും മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഡോക്യുമെന്ററി പറയുന്നു.

ഒക്ടോബർ ഏഴിനുശേഷം ഗസ്സ മുനമ്പിൽ ഇസ്രായേൽ കൊന്നുകളഞ്ഞ മാധ്യമപ്രവർത്തകരുടെ സ്മരണയ്ക്കു മുൻപിൽ സമർപ്പിക്കുന്നുവെന്ന കുറിപ്പോടെയാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്. ഫോട്ടോജേണലിസ്റ്റ് സാമിർ അബൂദഖ, റിപ്പോർട്ടർമാരായ ഹംസ അൽദഹ്ദൂഹ്, ഇസ്മാഈൽ അൾഗൗൽ, റാമി അൽരീഫി എന്നിങ്ങനെ കൊല്ലപ്പെട്ട നാല് അൽജസീറ റിപ്പോർട്ടർമാരെയും, ഇസ്രായേൽ വ്യോമാക്രമണത്തിൽ ജീവൻ പൊലിഞ്ഞ ഗസ്സ ബ്യൂറോ ചീഫ് വാഇൽ അൽദഹ്ദൂഹിന്റെയും മറ്റു മൂന്ന് മാധ്യമപ്രവർത്തകരുടെയും കുടുംബങ്ങളെയും പ്രത്യേകം സ്മരിക്കുന്നുണ്ട്.

അൽജസീറ ഉയർത്തിയ ആരോപണങ്ങളിൽ ഒന്നിനും ഇസ്രായേൽ മറുപടി നൽകിയില്ലെന്നും ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു. എന്നാൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സിവിലിയന്മാരെ തിരഞ്ഞുപിടിച്ചു കൊന്നെന്ന '+972' മാഗസിനിന്റെ ലേഖനം ഇസ്രായേൽ തള്ളി. വീടുകളിൽ കഴിയുന്ന ആയിരങ്ങളെ കൊല്ലുന്ന ഒരു നയവും തങ്ങൾക്കില്ലെന്നും ഹമാസ് കേന്ദ്രങ്ങളെയാണു ലക്ഷ്യമിട്ടതെന്നും ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചും വേണ്ട മുൻകരുതലുകളെടുത്തും സൈനിക കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ടുമാണ് ഐഡിഎഫ് ആക്രമണം നടത്തിയതെന്നും അവകാശവാദമുണ്ട്.

സഖ്യകക്ഷികളായ ലോകരാജ്യങ്ങൾ ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾക്കു സഹായം നൽകിയെന്ന ആരോപണത്തോട് ബ്രിട്ടനും പ്രതികരിച്ചു. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ ഞങ്ങൾ ഭാഗമായിട്ടില്ലെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് തങ്ങളുടെ സഖ്യകക്ഷികൾക്കു ഇന്റലിജൻസ് സഹായമൊരുക്കുക മാത്രമാണു ചെയ്തതെന്നും ബ്രിട്ടൻ വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരം മാത്രമാണ് ഇസ്രായേലിനു കൈമാറിയതെന്നാണ് അവരുടെ വാദം.

ഡോക്യുമെന്‍ററി ഇവിടെ കാണാം

Summary: Al Jazeera investigative documentary exposes Israeli ‘war crimes’ in Gaza

TAGS :

Next Story