ഇസ്രായേലിന്റെ 136 സൈനിക വാഹനങ്ങൾ തകർത്തെന്ന് ഹമാസ്
ഗസ്സയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്ന ഇസ്രായേൽ സൈന്യത്തെ സാധ്യമായ രീതിയിലെല്ലാം നേരിടുമെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു.
ഗസ്സ: കരയുദ്ധം തുടങ്ങിയ ശേഷം ഇസ്രായേലിന്റെ 136 സൈനിക വാഹനങ്ങൾ തകർത്തെന്ന് ഹമാസ്. വടക്കൻ ഗസ്സയിലേക്കും ഗസ്സ സിറ്റിയിലേക്കും കടന്നുകയറാൻ ശ്രമിക്കുന്ന ഇസ്രായേൽ സൈന്യത്തെ സാധ്യമായ രീതിയിലെല്ലാം നേരിടുമെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബൂ ഉബൈദ പറഞ്ഞു. ഇസ്രായേൽ സൈനികരെയും അവരുടെ സന്നാഹങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സയിലെ അജ്‌ലിൻ മേഖലയിൽ ഇസ്രായേൽ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ നിരവധി പേരെ വധിച്ചതായി അൽ ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടിരുന്നു. തെക്കൻ ഗസ്സയിലും ഗസ്സ സിറ്റിയിലും കടന്നുകയറിയ ഇസ്രായേൽ സൈനികർക്കെതിരെ മിസൈൽ, റോക്കറ്റ് ആക്രമണങ്ങൾ നടത്തിയെന്നും ഖസ്സാം ബ്രിഗേഡ് പറഞ്ഞിരുന്നു.
ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ നടത്തുന്ന ആക്രമണം ഇപ്പോഴും തുടരുകയാണ്. ഇതുവരെ 10,569 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇവരിൽ 4324 കുട്ടികളും 2823 സ്ത്രീകളും ഉൾപ്പെടും. ഇന്നലെ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം അവർ പുറത്തുവിട്ടതിനെക്കാൾ എത്രയോ അധികമാണെന്നാണ് ഹമാസ് വാദം.
Adjust Story Font
16