‘ഈ റോസപ്പൂക്കൾ നിങ്ങൾക്കുള്ളതാണ്’; 1961ലെ പാരീസ് കൂട്ടക്കൊലക്ക് ഇരയായവരെ അനുസ്മരിച്ച് അൾജീരിയൻ ഒളിമ്പിക്സ് താരങ്ങൾ
സ്വാതന്ത്ര്യത്തിനായി പോരാടിയ നിരവധി പേരെയാണ് ഫ്രഞ്ച് പൊലീസ് വെടിവെച്ച് കൊന്നത്
പാരീസ്: 1961 ഒക്ടോബർ 17. ഫ്രഞ്ച് തലസ്ഥാനമായ പാരീസ് പ്രതിഷേധത്തിന്റെ തീച്ചൂളയിൽ കത്തിജ്ജ്വലിക്കുന്ന നാളുകൾ. അൾജീരിയ എന്ന വടക്കൻ ആഫ്രിക്കൻ രാജ്യത്തെ ഫ്രാൻസ് കോളനിയാക്കി അടക്കിഭരിച്ചിരുന്ന കാലം കൂടിയാണത്. ഇതിനെതിരെ അൾജീരിയയിൽ മാത്രമല്ല, ഫ്രാൻസിലും വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിക്കൊണ്ടിരുന്നത്. ഈ പ്രതിഷേധക്കാരെ യാതൊരുവിധ ദയാദാക്ഷിണ്യവുമില്ലാതെ ഫ്രഞ്ച് സർക്കാർ നേരിട്ടു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 1961ലെ പാരീസ് കൂട്ടക്കൊല. 300ഓളം പേരാണ് അന്ന് കൊല്ലപ്പെട്ടതെന്ന് ചരിത്രകാരൻമാർ പറയുന്നു. എന്നാൽ, മരണം 30 മാത്രമാണെന്നാണ് ഫ്രഞ്ച് സർക്കാർ വാദം.
പാരീസിൽ വീണ്ടുമൊരു ഒളിമ്പിക്സിന് വേദിയാകുമ്പോൾ ആ കൂട്ടക്കൊലയുടെ നടുക്കുന്ന ഓർമകൾ ലോകത്തിന്റെ മുന്നിലേക്ക് വീണ്ടും ഓടിയെത്തുകയാണ്. കഴിഞ്ഞദിവസം ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനിടെ അൾജീരിയൻ താരങ്ങൾ തങ്ങളുടെ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിച്ചു. സൈൻ നദിയിലൂടെ നടന്ന ഉദ്ഘാടന പരേഡിൽ ചുവന്ന റോസാ പുഷ്പങ്ങളുമേന്തിയാണ് താരങ്ങൾ ബോട്ടിൽ അണിനിരന്നത്. ഫ്രഞ്ച് പൊലീസ് അതിക്രമത്തിൽ മരിച്ചവരുടെ ഓർമകൾക്ക് മുന്നിൽ ആ റോസപ്പൂക്കൾ അവർ നദിയിലേക്ക് എറിഞ്ഞു. അൾജീരിയ നീണാൾ വാഴട്ടെ എന്ന് അറബിയിൽ ഉറക്കെ പറഞ്ഞാണ് അവർ ആ പൂക്കൾ നദിയിലൊഴുക്കിയത്.
കൂട്ടക്കൊലക്ക് ഉത്തരവിട്ട പൊലീസ് മേധാവി
പടിഞ്ഞാറൻ യൂറോപ്പിൽ ഒരു പ്രതിഷേധ പ്രകടനത്തിനിടെ സമകാലിക കാലത്തെ സർക്കാർ നടത്തുന്ന ഏറ്റവും വലിയ അടിച്ചമർത്തലിനാണ് 1961 ഒക്ടേബാൾ 17 സാക്ഷ്യംവഹിച്ചതെന്ന് ബ്രിട്ടീഷ് ചരിത്രകാരൻമാരായ ജിം ഹൗസും നീൽ മാക്മാസ്റ്റെറും വ്യക്തമാക്കുന്നുണ്ട്. ഫ്രഞ്ച് നാഷനൽ പൊലീസിന്റെ നേതൃത്വത്തിലാണ് ഈ ക്രൂരകൃത്യം അരങ്ങേറുന്നത്. പാരീസ് പൊലീസ് മേധാവി മൗറിസ് പാപോൺ നേരിട്ട് കൂട്ടക്കൊലക്ക് ഉത്തരവിടുകയായിരുന്നു.
12,000ഓളം പേരാണ് അന്ന് അറസ്റ്റിലായത്. വെടിയേറ്റ പലരെയും പൊലീസ് സൈൻ നദിയിലേക്ക് വലിച്ചെറിഞ്ഞു. പാരീസിലെ ശുചീകരണ മേഖലയിൽ ജോലി ചെയ്തിരുന്ന കാസി യഹ്‍യയും അക്കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒളിമ്പിക്സ് താരങ്ങൾ അന്ന് കൂട്ടക്കൊലക്കിരയാവരെ അനുസ്മരിച്ച സംഭവത്തെ സ്വാഗതം ചെയ്യുകയാണെന്ന് കാസിയുടെ കൊച്ചുമകൻ യാനിസ് പറയുന്നു. ‘പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ദിവസം ഒക്ടോബർ 17ലെ ഇരകൾക്ക് അവർ ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. ഇത് വലിയ വികാരത്തിന്റെ നിമിഷമാണ്’ -യാനിസ് കൂട്ടിച്ചേർത്തു.
1954 മുതൽ 1962 വരെ നീണ്ടുനിന്ന അൾജീരിയൻ യുദ്ധത്തിന്റെ പ്രതിഫലനങ്ങൾ ഫ്രാൻസിലേക്കും പടർന്നിരുന്നു. പ്രക്ഷോഭങ്ങൾ വർധിച്ചതിന്റെ സാഹചര്യത്തിൽ 1961 ഒക്ടോബർ അഞ്ച് മുതൽ പാരീസ് നഗരത്തിൽ രാത്രി 8.30 മുതൽ പുലർച്ച 5.30 വരെ അൾജീരിയൻ മുസ്‍ലിം തൊഴിലാളികൾ, ഫ്രഞ്ച് മുസ്‍ലിംകൾ, അൾജീരിയൻ ഫ്രഞ്ച് മുസ്‍ലിംകൾ എന്നിവർക്ക് മാത്രമായി കർഫ്യൂ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിനെതിര സമാധാനപരമായി പ്രതിഷേധിക്കാനാണ് അൾജീരിയൻ പ്രോ നാഷനൽ ലിബറേഷൻ ഫ്രണ്ട് എന്ന സംഘടനയുടെ നേതൃത്വത്തിൽ 30,000 പേർ ഒരുമിച്ച് കൂടിയത്.
ഇവരെ തലസ്ഥാന നഗരിയിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് തടയാനായി 7000 പൊലീസുകാരെ മൗറിസ് പാപോൺ തയാറാക്കി നിർത്തി. ന്യൂലി പാലത്തിൽ വെച്ച് പൊലീസ് സേന പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങി. ഇതിൽനിന്ന് രക്ഷപ്പെടാനായി പലരും പുഴയിലേക്ക് എടുത്തുചാടി. വെടിയേറ്റ് പാലത്തിൽ വീണവരെയും പൊലീസ് നദിയിലേക്ക് വലിച്ചെറിഞ്ഞു.
യുദ്ധവും പ്രതിഷേധങ്ങളുമെല്ലാം വർധിച്ചതോടെ ഫ്രാൻസിന് മുട്ടുമടക്കേണ്ടി വന്നു. 1962ൽ 132 വർഷത്തെ കോളനിവത്കരണത്തിനൊടുവിൽ അൾജീരിയ സ്വതന്ത്രമായി. പാരീസ് കൂട്ടക്കൊലയിൽ മരിച്ചവരടക്കം ആയിരക്കണക്കിന് പേരാണ് മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ചത്.
1961ലെ കൂട്ടക്കൊല ഫ്രഞ്ച് അധികൃതർ വർഷങ്ങളോളം മൂടിവെക്കുകയുണ്ടായി. 1998ലാണ് ഒക്ടബോർ 17ന് നടന്നത് മുസ്‍ലിം കൂട്ടക്കൊല തന്നെയാണെന്ന് ഫ്രാൻസ് സമ്മതിച്ചത്. 2001ൽ പോണ്ട് സെന്റ് മിഷേലിനടുത്ത് സ്മാരകശില അനാച്ഛാദനം ചെയ്യുകയും ഔദ്യോഗികമായി ഒക്ടോബർ 17 ദിനാചരണം നടക്കുകയുമുണ്ടായി. അന്നത്തെ കുറ്റകൃത്യങ്ങൾ പൊറുക്കാനാവാത്തതാണെന്ന് ഈയിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16