അൽശിഫ ആശുപത്രി ഐ.സി.യുവിലെ മുഴുവൻ രോഗികളും മരിച്ചു; കെട്ടിടങ്ങൾ തകർത്ത് ഇസ്രായേൽ
വടക്കൻ ഗസ്സയിൽ 23 ആശുപത്രികളിൽ ഒന്നു മാത്രമാണു നിലവിൽ പ്രവർത്തിക്കുന്നതെന്ന് യു.എൻ അറിയിച്ചു
ഗസ്സ സിറ്റി: ഫലസ്തീനിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫയിൽ കുരുതി തുടർന്ന് ഇസ്രായേൽ. ആശുപത്രിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച് ആണ് ഇസ്രായേൽ ആക്രമണം. തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന രോഗികളെല്ലാം മരിച്ചെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന വിവരം. കെട്ടിടത്തിന്റെ ഭാഗങ്ങൾ ബുൾഡോസർ ഉപയോഗിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാവിലെയാണ് ഇസ്രായേൽ സൈന്യം അൽശിഫയിലെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷം ആശുപത്രിയിൽ വെടിവയ്പ്പുണ്ടായതായി മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു. ആശുപത്രി കെട്ടിടങ്ങൾ തകർക്കുകയും ചെയ്തു. അകത്തേക്കുള്ള ജലവിതരണ-വൈദ്യുതിബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അകത്തേക്ക് ഭക്ഷണവും കടത്തിവിടുന്നില്ല.
രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം കടുത്ത പട്ടിണിയിലാണെന്ന് ആശുപത്രി ഡയരക്ടർ മുഹമ്മദ് അബു സൽമിയ പറഞ്ഞു. വൈദ്യുതിബന്ധം വേർപ്പെട്ടതിനു പിന്നാലെ തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന 22 പേരാണു മരിച്ചത്. ആശുപത്രിയെ സൈന്യം ഉപരോധിച്ചിരിക്കുകയാണെന്നും കടുത്ത യുദ്ധ കുറ്റകൃത്യമാണിതെന്നും സൽമിയ പറഞ്ഞു.
നിലവിൽ വടക്കൻ ഗസ്സയിൽ ഒരേയൊരു ആശുപത്രിയാണു പ്രവർത്തിക്കുന്നതെന്ന് യു.എൻ അറിയിച്ചു. ബാക്കി 23 ആശുപത്രികളും പ്രവർത്തനരഹിതമായിരിക്കുകയാണ്. ഇവിടെ ജല-ഭക്ഷണ വിതരണമെല്ലാം പ്രതിസന്ധിയിലാണെന്നും യു.എൻ റിലീഫ് വിഭാഗം തലവൻ മാർട്ടിൻ ഗ്രിഫിത്ത്‌സ് പറയുന്നു. സിവിലിയന്മാർക്ക് ഇവിടെനിന്നു രക്ഷപ്പെടാൻ അനിശ്ചിതകാലത്തേക്ക് ആക്രമണം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Summary: All patients at al-Shifa hospital's ICU die as Israel bombing continues across Gaza
Adjust Story Font
16