ലൈംഗികാതിക്രമ ആരോപണം; ആൻഡ്രൂ രാജകുമാരന്റെ പദവികൾ നീക്കം ചെയ്തു
ആൻഡ്രൂ രാജകുമാരൻ ഇനി പദവികളൊന്നും വഹിക്കില്ലെന്നും ഒരു സാധാരണ പൗരനെന്ന നിലയിൽ അദ്ദേഹത്തിന് കേസ് വാദിക്കാമെന്നും രാജകുടുംബാംഗം
ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രുവിന്റെ സൈനിക പദവികളും രാജകീയ രക്ഷാകർതൃത്വവും നീക്കം ചെയ്ത് ബക്കിംഗ്ഹാം കൊട്ടാരം. 17 വയസ്സുണ്ടായിരുന്ന വിർജീനിയ ജിയുഫ്രേയെ ലൈംഗീകമായി ദുരുപയോഗം ചെയ്‌തെന്നാണ് ആൻഡ്രൂവിനെതിരെയുള്ള ആരോപണം. ജിയൂഫ്രെയുടെ സിവിൽ സ്യൂട്ടിനു ന്യൂയോർക്ക് കോടതി അനുമതി നൽകിയതിനു പിന്നാലെയാണ് രാജകുമാരന്റെ പദവികൾ നീക്കം ചെയ്യാനുള്ള ഉത്തരവ് ബക്കിംഗ് ഹാം കൊട്ടാരം പുറപ്പെടുവിപ്പിച്ചത്.
എലിസബത്ത് രാജ്ഞിയുടെ മകനായ ആൻഡ്രുവിന്റെ ബഹുമതികളെല്ലാം രാജകുടുംബത്തിൽ തിരിച്ചേൽപ്പിച്ചതായി രാജാകുടുംബാംഗം പ്രസ്താവനയിൽ പറഞ്ഞു. ആൻഡ്രൂ രാജകുമാരൻ ഇനി പദവികളൊന്നും വഹിക്കില്ലെന്നും ഒരു സാധാരണ പൗരനെന്ന നിലയിൽ അദ്ദേഹത്തിന് കേസ് വാദിക്കാമെന്നും രാജകുടുംബാംഗം പ്രസ്താവനയിൽ വ്യക്തമാക്കി. മനുഷ്യാവകാശ പ്രവർത്തകയായ വിർജീനിയ ജിയൂഫ്രെ മാൻഹട്ടനിലെ ഫെഡറൽ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. എന്നാൽ ജിയൂഫ്രെയുടെ ലൈംഗീകാതിക്രമ ആരോപണം പൂർണമായും നിഷേധിച്ചിരിക്കുകയാണ് ആൻഡ്രു.
Adjust Story Font
16