Quantcast

അവസാന ജനറേറ്ററും തകർത്ത് ഇസ്രായേൽ; ശ്മശാന ഭൂമിയായി അൽശിഫ ഹോസ്പിറ്റൽ

ഇൻക്യുബേറ്ററിൽ കഴിഞ്ഞിരുന്ന നവജാത ശിശു മരിച്ചു. അടുത്തേക്ക് പോകാൻ ശ്രമിച്ച ആരോഗ്യപ്രവർത്തകനെ വെടിവെച്ചു കൊലപ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    11 Nov 2023 11:06 AM GMT

AlShifa Hospital is turning into a graveyard
X

ഗസ്സ: അൽശിഫ ഹോസ്പിറ്റലിലെ അവസാന ജനറേറ്ററും ഇസ്രായേൽ തകർത്തതോടെ വൈദ്യുതിബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു. തുടർച്ചയായി നടക്കുന്ന ആക്രമണത്തെ തുടർന്ന് ആശുപത്രി ശ്മശാന ഭൂമിയായി മാറിയെന്നാണ് ഗസ്സയിൽനിന്നുള്ള റിപ്പോർട്ടുകൾ. വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടതോടെ ഇൻക്യുബേറ്ററിൽ കഴിഞ്ഞിരുന്ന നവജാത ശിശുവും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ആളും മരിച്ചു. ഇൻക്യുബേറ്ററിനടുത്തേക്ക് പോകാൻ ശ്രമിച്ച ഡോക്ടറെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി.

ഇൻക്യൂബേറ്ററിലുള്ള ബാക്കി 39 കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള തീവ്ര ശ്രമിത്തിലാണെന്ന് അൽശിഫ ഹോസ്പിറ്റൽ ഡയറക്ടർ പറഞ്ഞു. വലിയ ബ്ലാങ്കറ്റുകൾകൊണ്ട് പുതച്ച് കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ആശുപത്രിയുടെ കവാടം മൃതശരീരങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നതിനാൽ ആശുപത്രിക്കകത്ത് തന്നെ വലിയ കുഴിമാടമൊരുക്കി സംസ്‌കരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

ആശുപത്രിയിലുള്ളവർക്ക് ഭക്ഷണവും വെള്ളവും ലഭിക്കാത്ത സാഹചര്യമാണുള്ളത്. വൈദ്യുതി പൂർണമായും വിച്ഛേദിക്കപ്പെട്ടതോടെ ഐ.സി.യുവിന്റെയും ഡയാലിസിസ് യൂണിറ്റുകളുടെയും പ്രവർത്തനം നിലച്ചിരിക്കുകയാണ്. രോഗികളും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമടക്കം 3000ത്തോളം ആളുകളാണ് ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്നത്.

ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയാണ് അൽശിഫ ഹോസ്പിറ്റൽ. ഗസ്സ മുനമ്പിലെ 25% ആരോഗ്യപ്രവർത്തകരും ജോലി ചെയ്യുന്നത് ഇവിടെയാണ്. ആശുപത്രിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ വെടിവെച്ചു കൊലപ്പെടുത്തുകയാണെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മെഷീൻഗൺ ഘടിപ്പിച്ച ചെറിയ ഡ്രോൺ ഉപയോഗിച്ചാണ് ആശുപത്രിക്ക് പുറത്തുകടക്കുന്നവരെ വെടിവെച്ചു വീഴ്ത്തുന്നത്. വെടിയേറ്റു വീഴുന്നവരെ രക്ഷപ്പെടുത്താൻ പോലും പറ്റാത്ത സാഹചര്യമാണെന്നാണ് റിപ്പോർട്ട്.

TAGS :

Next Story