Quantcast

ഇറാനെതിരെ കൂടുതൽ ഉപരോധം ​പ്രഖ്യാപിച്ച് അമേരിക്ക; തിരിച്ചടിയിൽ തീരുമാനമാകാതെ ഇസ്രായേൽ

ആണവ സംവിധാനങ്ങളെ ആക്രമിച്ചാൽ സമാനമായി തിരിച്ചടിക്കുമെന്ന് ഇറാൻ

MediaOne Logo

Web Desk

  • Published:

    18 April 2024 5:00 PM GMT

israel war cabinet
X

വാഷിങ്ടൺ: ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇസ്രായേലിനെതിരായ മിസൈൽ, ഡ്രോൺ ആക്രമണത്തിന് മറുപടിയായിട്ടാണ് പുതിയ തീരുമാനം.

ഇറാൻ സൈനിക വിഭാഗമായ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, ഇറാൻ പ്രതിരോധ മന്ത്രാലയം, മിസൈൽ, ഡ്രോൺ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ എന്നിവയുടെ നേതാക്കളെ ലക്ഷ്യമിട്ടാണ് ഉപരോധമെന്ന് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു.

ആക്രമണത്തിന് ശേഷം ജി7 നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇറാനുമേൽ സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കാൻ കൂട്ടായി പ്രവർത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. തങ്ങളുടെ സഖ്യകക്ഷികളും പങ്കാളികളും ഇറാന്റെ അസ്ഥിരപ്പെടുത്തുന്ന സൈനിക നടപടികളെ നിയന്ത്രിക്കാൻ അധിക ഉപരോധങ്ങളും നടപടികളും സ്വീകരിക്കുമെന്നും ബൈഡൻ പറഞ്ഞു.

അതേസമയം, ഇറാനെതിരായ ആക്രമണത്തിൽ ഇസ്രായേലിന് ഇതുവരെ തീരുമാനമെടുക്കാനായിട്ടില്ല. ആക്രമണത്തിന്റെ സ്വഭാവം ഏത് രീതിയിലാകണമെന്നതിൽ യുദ്ധകാല കാബിനറ്റിൽ തീരുമാനമായില്ല. മേഖലായുദ്ധം ഒഴിവാക്കാൻ ഇസ്രായേലിനോട്​ അമേരിക്കയും ബ്രിട്ടനും ജർമനിയും ആവശ്യപ്പെട്ടു.

ആണവ സംവിധാനങ്ങളെ ആക്രമിച്ചാൽ സമാനമായി തിരിച്ചടിക്കുമെന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കമാൻഡർ ജനറൽ അഹ്മദ് ഹഗ്തലാബ് വ്യക്തമാക്കി. ഇസ്രായേൽ ആണവ സംവിധാനങ്ങളെ സംബന്ധിച്ച് ആവശ്യമായ വിവരങ്ങൾ തങ്ങളുടെ പക്ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ തിരിച്ചടി സാധ്യത മുന്നിൽക്കണ്ട് ഇറാൻ ചെങ്കടലിൽ നിന്ന് ചാരക്കപ്പൽ പിൻവലിച്ചെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 30 വരെ ഇറാൻ വ്യോമപാതയിലൂടെ വിമാന സർവീസ് നടത്തില്ലെന്ന് ജർമൻ കന്പനി ലുഫ്താൻസ അറിയിച്ചു. ഇറാനെതിരെ തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

മേഖലയിൽ യുദ്ധഭീതി കനക്കുന്നതിനിടെ ഇസ്രായേലിലെ ശാരീരിക, മാനസിക ആരോഗ്യം സംബന്ധിച്ച പഠനഫലം പുറത്തുവന്നു. പൂർണ ആരോഗ്യമുള്ളവരുടെ ശതമാനക്കണക്ക് 61ൽ നിന്ന് 46ലേക്ക് താഴ്ന്നു. അതേസമയം ഗസ്സയിൽ വെടിനിർത്തൽ സാധ്യത വീണ്ടും മങ്ങുകയാണ്. മധ്യസഥത തുടരുന്നതിൽ പുനഃപ്പരിശോധന നടത്തുകയാണെന്ന് ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ചിലർ ചെറു രാഷ്ട്രീയ താത്പര്യത്തിനായി ചർച്ചകളെ ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story