വെടിനിർത്തൽ കരാർ ഇസ്രായേലിനെ കൊണ്ട് അംഗീകരിപ്പിക്കാൻ അമേരിക്ക
ബൈഡൻ സമർപ്പിച്ച നിർദേശത്തോട് ഹമാസ് നിലപാട് ഏറെക്കുറെ അനുകൂലമാണ്
ബെഞ്ചമിൻ നെതന്യാഹു, ജോ ബൈഡൻ
ദുബൈ: മൂന്നു ഘട്ടങ്ങളിലായി ഗസ്സയിൽ സമഗ്ര വെടിനിർത്തൽ നടപ്പാക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശം ഇസ്രായേലിനെ കൊണ്ട് അംഗീകരിപ്പിക്കാൻ അമേരിക്ക തിരക്കിട്ട നീക്കത്തിൽ. ഹമാസിനെ പൂർണമായും തുരത്തുന്നതു വരെ ഗസ്സയിൽ സുസ്ഥിര വെടിനിർത്തൽ സാധ്യമല്ലന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രതികരണം യു.എസ് നീക്കത്തിന് തിരിച്ചടിയാണ്.
എന്നാൽ, ഇസ്രായേൽ പ്രതിപക്ഷവും മന്ത്രിമാരിൽ ഒരു വിഭാഗവും വെടിനിർത്തൽ കരാറിലൂടെ ബന്ദിമോചനം നടപ്പാക്കണം എന്ന നിലപാടിലാണ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഈജിപ്ത്, ഖത്തർ നേതാക്കളുമായി ഇന്നലെ ടെലിഫോണിൽ സംസാരിച്ചു. മധ്യസ്ഥനീക്കം ശക്തമാക്കി ഗസ്സയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണം എന്നാണ് ആൻറണി ബ്ലിങ്കൻ ആവശ്യപ്പെട്ടത്.
യൂറോപ്യൻ യൂനിയനും വെടിനിർത്തൽ നീക്കത്തെ സ്വാഗതം ചെയ്തു. ബൈഡൻ സമർപ്പിച്ച വെടിനിർത്തൽ നിർദേശത്തോട് ഹമാസ് നിലപാട് ഏറെക്കുറെ അനുകൂലമാണ്. സമ്പൂർണ വെടിനിർത്തൽ, ഇസ്രായേൽ സൈനിക പിൻമാറ്റം, സഹായം എത്തിക്കലും പുനർനിർമാണവും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ കരാർനിർദേശത്തിൽ ഉണ്ടെന്നാണ് മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. എന്നാൽ, ഇസ്രായേൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, ബൈഡന്റെ നിർദേശം അംഗീകരിച്ച് ഗസ്സയിൽ വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ തെൽ അവീവിൽ റാലി നടത്തി. നെതന്യാഹുവിനെ നിലക്കുനിർത്തണം എന്നാവശ്യപ്പെടുന്ന ബാനറുകളുമായാണ് ജനങ്ങൾ റാലിയിൽ അണിനിരന്നത്. നൂറുകണക്കിന് പ്രക്ഷോഭകരെ ഇസ്രായേൽ സുരക്ഷാസേന അറസ്റ്റ് ചെയ്തു.
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക സമർപ്പിച്ച വംശഹത്യാ കേസിൽ കക്ഷി ചേർന്ന് ചിലി രംഗത്തുവന്നു. റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രായൽ വ്യാപക ആക്രമണം തുടരുകയാണ്. പിന്നിട്ട 24 മണിക്കൂറിനിടെ 95 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിലെ ആകെ മരണസംഖ്യ 36,379 ആയി.
ഇസ്രായൽ പാർലമെൻറിൽ 'യുനർവ' ഏജൻസിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്ന ബില്ലുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ച നടപടിയെ വിമർശിച്ച് യൂറോപ്യൻ യൂനിയൻ രംഗത്തുവന്നു. ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണത്തിൽ അതിർത്തിപ്രദേശത്ത സൈനിക കേന്ദ്രങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചു.
Adjust Story Font
16