ഹെലികോപ്റ്റർ അപകടം; ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് ജനറലിന് ദാരുണാന്ത്യം
കോപ്റ്റർ നിയന്ത്രിച്ചിരുന്ന പൈലറ്റും മരിച്ചതായാണ് വിവരം
തെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാനിലെ റെവല്യൂഷണറി ഗാർഡ്‌സ് ജനറലിന് ദാരുണാന്ത്യം. ഗൊലസ്ഥാൻ പ്രവിശ്യയിലെ നിനവാ ബ്രിഗേഡ് കമാൻഡർ ജനറൽ ഹമീദ് മസൻദരാനി ആണ് മരിച്ചത്. കോപ്റ്റർ നിയന്ത്രിച്ചിരുന്ന പൈലറ്റ് ഹമേദ് ജൻദാഘിയും മരിച്ചതായാണ് വിവരം.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ അതിർത്തി പ്രദേശമായ സിസ്താന് സമീപം തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ഭീകരരെ നേരിടുന്നതിനിടെ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോഗിരോ എന്ന് വിളിപ്പേരുള്ള കോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്ററിനേക്കാൾ ചെറുതും നിയന്ത്രിക്കാൻ എളുപ്പവുമാണിത്. ഒരേ സമയം രണ്ട് പേർക്ക് മാത്രമാണ് ഇതിലിരിക്കാനാവുക.
ഇറാനിയൻ സുരക്ഷാസേനയും സുന്നി ഗ്രൂപ്പുകളുമായി നിരന്തരം ഏറ്റുമുട്ടലുണ്ടാവുന്ന മേഖലയാണ് സിർകാൻ. മയക്കുമരുന്ന് മാഫിയസംഘങ്ങളുടെ സാന്നിധ്യവുമുണ്ട്. ഒക്ടബോർ 26നുണ്ടായ ഏറ്റുമുട്ടലിൽ പത്തോളം പൊലീസുദ്യോഗസ്ഥർ കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷാസേന ഇവിടെ ഏറ്റുമുട്ടൽ ശക്തമാക്കിയിരുന്നു.
Adjust Story Font
16