Quantcast

ഗസ്സ വിഷയത്തിൽ അറബ് കമ്മിറ്റി രൂപീകരിച്ചു; ഫലസ്തീൻ രാഷ്ട്രം പ്രധാന വിഷയം

ഗസ്സയിലെ സൈനിക പ്രവർത്തനങ്ങൾ ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്ന് അറുപതോളം രാജ്യങ്ങൾ പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    12 Nov 2023 1:07 AM GMT

Arab Committee Formed on Gaza Issue; The State of Palestine is the main issue
X

റിയാദ്: ഫലസ്തീൻ വിഷയത്തിൽ ശാശ്വത പരിഹാരം കാണാൻ പ്രധാന ലോകരാജ്യങ്ങളുമായി ചർച്ച നടത്താൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു. റിയാദിൽ നടന്ന അറബ് ഇസ്‌ലാമിക രാജ്യങ്ങളുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം. യോഗത്തിന്റെയും അറബ് ജനതയുടേയും വികാരം ലോകരാജ്യങ്ങളെ അറിയിക്കും. ഗസ്സയിലെ ഉപരോധം അവസാനിപ്പിക്കാനും അറബ് രാജ്യങ്ങളുടെ സഹായം ഗസ്സയിലെത്തിക്കാൻ വഴിയൊരുക്കാനും യോഗം ഇസ്രയേലിനോടാവശ്യപ്പെട്ടു.

ഗസ്സ ആക്രമണത്തിന് ശേഷമുള്ള സമ്പൂർണ അറബ് ഇസ്‌ലാമിക രാജ്യങ്ങളുടെ സംഗമത്തിനാണ് റിയാദ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ഗസ്സയിലെ സൈനിക പ്രവർത്തനങ്ങൾ ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്ന് അറുപതോളം രാജ്യങ്ങൾ പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു. ഇസ്രയേലിനെതിരെ ഒറ്റക്കെട്ടായ നിലപാടാണ് ഇറാനും സിറിയയും ഉൾപ്പെടെ എല്ലാ രാജ്യങ്ങളുമെടുത്തത്.

അഞ്ചംഗ കമ്മിറ്റിക്ക് യോഗത്തിൽ രൂപം കൊടുത്തിട്ടുണ്ടെന്നും അവർ യുഎൻ സുരക്ഷാ കൗൺസിൽ അംഗങ്ങളായ രാഷ്ട്രത്തലവന്മാരെ കാണുമെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. ലോകത്ത് സ്വാധീനമുള്ള മറ്റു നേതാക്കളേയും കാണുമെന്നും അന്താരാഷ്ട്ര നിയമങ്ങൾ ഉറപ്പാക്കാൻ ആവശ്യപ്പെടുമെന്നും പറഞ്ഞു.

ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാൻ സൗദിയുടെ നേതൃത്വത്തിൽ യുഎസിന് മേലും സമ്മർദ്ദം ചെലുത്തും. ഗസ്സ വിഷയത്തിൽ അറബ് ഇസ്‌ലാമിക ലോകം ഒറ്റക്കെട്ടാണെന്ന് തെളിയിക്കുകയായിരുന്നു റിയാദിലെ അടിയന്തിര യോഗമെന്ന് സൗദി വിദേശകാര്യ മന്ത്രി വിശദീകരിച്ചു. ഗസ്സ ഉപരോധം അവസാനിപ്പിക്കണമെന്നും അറബ് ഇസ്‌ലാമിക രാജ്യങ്ങളിലെ മാനുഷിക സഹായം എത്തിക്കാൻ വഴിയൊരുക്കണമെന്നും ഇത് സമ്മേളന തീരുമാനങ്ങളിൽ പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി, തുർക്കി പ്രസിഡന്റ്, ഖത്തർ അമീർ, ഈ വർഷം അറബ് ലീഗിലേക്ക് തിരികെ സ്വാഗതം ചെയ്യപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദ് എന്നിവരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു യോഗം. യോഗത്തിന് ശേഷം ഇറാനും ലെബനോനും ഈജിപ്തുമടക്കമുള്ള രാജ്യങ്ങൾ സൗദി കിരീടാവകാശിയുമായി ചർച്ചയും നടത്തി. ഗസ്സയിലെ വെടിനിർത്തലും തടവുകാരുടെ മോചനവും യോഗം ആവശ്യപ്പെട്ടു. 1967ലെ അതിർത്തികളോടെ ഫലസ്തീൻ രാഷ്ട്രം പിറക്കാതെ പ്രശ്‌ന പരിഹാരമുണ്ടാകില്ലെന്നും യോഗം മുന്നറിയിപ്പ് നൽകി.

Arab Committee Formed on Gaza Issue

TAGS :

Next Story