Quantcast

അൽ അഖ്സയിൽ ജൂത സിനഗോഗ് സ്ഥാപിക്കുമെന്ന പരാമർശം: ഇസ്രാ​യേൽ മന്ത്രിക്കെതിരെ അറബ് രാജ്യങ്ങൾ

മന്ത്രിയുടെ പരാമർശത്തിനെതിരെ ഇസ്രായേലിലും പ്രതിഷേധം

MediaOne Logo

Web Desk

  • Updated:

    2024-08-27 16:38:38.0

Published:

27 Aug 2024 4:34 PM GMT

itamar ben-gvir at al aqsa
X

ജറുസലേം: അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ അഖ്സ മസ്ജിദ് കോമ്പൗണ്ടിൽ ജൂത സിനഗോഗ് സ്ഥാപിക്കുമെന്ന ഇസ്രായേൽ ​മന്ത്രിയുടെ പ്രസ്താവനക്കെതിരെ അറബ്, ഇസ്‍ലാമിക രാജ്യങ്ങൾ. തീവ്രവലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻഗവിറാണ് കഴിഞ്ഞദിവസം പ്രകോപനപരമായ പ്രസ്താവന നടത്തിയത്. ജൂതൻമാർക്ക് അൽ അഖ്സയിൽ പ്രാർഥനക്ക് അർഹതയുണ്ടെന്നും ഇവിടെ ജൂതദേവാലയം നിർമിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. ആദ്യമായിട്ടാണ് ഒരു ഇസ്രായേലി മന്ത്രി മസ്ജിദ് നിൽക്കുന്ന പ്രദേശത്ത് സിനഗോഗ് നിർമിക്കുമെന്ന് പരസ്യമായി പറയുന്നത്. അതേസമയം, കഴിഞ്ഞ ഏതാനും കാലമായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ അൽ അഖ്സയിൽ വലിയ അതിക്രമങ്ങളാണ് നടത്തുന്നത്.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ സൗദി വിദേശകാര്യ മ​ന്ത്രാലയം രംഗത്തുവന്നു. അൽ അഖ്സ പള്ളിയുടെ ചരിത്രപരവും നിയമപരവുമായ പദവിയെ മാനിക്കാൻ തയ്യാറകണമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹങ്ങൾ അതിന്റെ ഉത്തരവാദിത്തം കാണിക്കണമെന്നും ഫലസ്തീനിലെ മാനുഷിക ദുരന്തത്തിന് അറുതിവരുത്തണമെന്നും ആവശ്യപ്പെട്ടു.

മേഖലയെ ഒന്നാകെ ഒരു മതയുദ്ധത്തിലേക്ക് കൊണ്ടുപോകാനുള്ള നീക്കമാണ് മന്ത്രി ബെൻഗവിറിന്റെ പ്രസ്താവനയെന്ന് ഫലസ്തീൻ അതോറിറ്റി വ്യക്തമാക്കി. അൽ അഖ്സ പള്ളിയെ പരിക്കേൽപ്പിക്കുന്നത് ഒരിക്കലും ഫലസ്തീൻ ജനത അംഗീകരിക്കില്ല. ഏത് സാഹചര്യത്തിലും മറികടക്കാൻ സാധിക്കാത്ത ചുവന്ന വരയാണിതെന്നും ഫലസ്തീൻ അതോറിറ്റി വക്താവ് നബീൽ അബു റുദൈനാഹ് പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേൽ മന്ത്രി ബെൻഗവിറിന്റെ പ്രസ്താവന നീചമാണെന്നാണ് തുർക്കി ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി വിശേഷിപ്പിച്ചത്. പ്രസ്താവനയെ പാർട്ടി അപലപിക്കുകയും ചെയ്തു. എല്ലാ മുസ്ലിംകളെയും മനുഷ്യത്വത്തെയും ആക്രമിക്കുന്ന ശപിക്കപ്പെട്ട പ്രസ്താവനയാണിതെന്നും പാർട്ടി വക്താവ് ഒമർ സെലിക് പറഞ്ഞു.

ഇസ്‍ലാമിക, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങൾ സംരക്ഷിക്കാനും അൽ അഖ്സ പള്ളിയിലെ തൽസ്ഥിതി നിലനിർത്താനും ഇസ്രായേലിന് നിയമപരാമയ ബാധ്യതയുണ്ടെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രലായം ചൂണ്ടിക്കാട്ടി. മേഖലയിൽ കൂടുതൽ സംഘർഷമുണ്ടാകാൻ കാരണമാകുന്ന ഇത്തരം പ്രസ്താവനകൾ ആവർത്തിക്കരുതെന്നും കൂട്ടിച്ചേർത്തു.

ബെൻഗവിറിന്റെ പ്രസ്താവന അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ജോർദാൻ വ്യക്തമാക്കി. അസ്വീകാര്യമായ ഈ പ്രസ്താവനയെ ലോകരാജ്യങ്ങൾ അപലപിക്കണമെന്നും ആവശ്യപ്പെട്ടു. ഖത്തറും ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപറേഷനും (ഒ.ഐ.സി) ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് രംഗത്തുവന്നു.

ഇസ്‍ലാമിലെ മൂന്നാമത്തെ പുണ്യസ്ഥലമായാണ് അൽ അഖ്സ പള്ളിയെ കണക്കാക്കുന്നത്. അതേസമയം, ജൂതൻമാർ ഈ പ്രദേശത്തെ ടെമ്പിൾ മൗണ്ട് എന്നാണ് വിളിക്കുന്നത്. പുരാതന കാലത്ത് ഇവിടെ രണ്ട് ജൂത ദേവാലയങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അവരുടെ വിശ്വാസം. അതേസമയം, ടെമ്പിൾ മൗണ്ടിലേക്ക് പ്രവേശിക്കരുതെന്ന് വിശ്വസിക്കുന്ന ജൂതൻമാരും ഇസ്രായേലിലുണ്ട്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇവർ രംഗത്തുവരികയും ചെയ്തു.

1967ലെ അറബ് - ഇസ്രായേൽ യുദ്ധത്തിൽ അൽ അഖ്സ സ്ഥിതി ചെയ്യുന്ന കിഴക്കൻ ജറുസലേം ഇസ്രായേൽ പിടിച്ചെടുക്കുകയുണ്ടായി. 1980ൽ ജറുസലേം നഗരത്തെ ഇസ്രായലിന്റെ ഭാഗമാക്കി. പക്ഷെ, ഈ നടപടിയെ ഒരിക്കലും അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല.

1967ലെ ഇസ്രായേൽ അധിനിവേശത്തിന് മുമ്പുള്ള സ്ഥിതിയാണ് പള്ളിയിൽ ഇന്നും നിലനിർത്തുന്നത്. ​ജോർദാനിലെ ഔഖാഫ്, ഇസ്‍ലാമികകാര്യ മന്ത്രാലയത്തിന് കീഴിലെ ഇസ്‍ലാമിക് വഖഫ് ഓഫ് ജറുസലേമിനാണ് ഇതിന്റെ പരിപാലന ചുമതല. മുസ്‍ലിംകൾക്ക് മാത്രമാണ് ഇവിടെ പ്രാർഥന നിർവഹിക്കാൻ അനുവാദമുള്ളത്.

അതേസമയം, 2003 മുതൽ അനധികൃത ഇസ്രായേലി കുടിയേറ്റക്കാർക്ക് ഇസ്‍ലാമിക് വഖഫിന്റെ അനുമതിയില്ലാതെ പള്ളിയിൽ പ്രവേശിക്കാൻ ഇസ്രായേൽ പൊലീസ് സഹായിക്കുന്നുണ്ട്. വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിലാണ് ജൂതൻമാർ ഇവിടെ എത്തുന്നത്.

രണ്ടാഴ്ച മുമ്പും മന്ത്രി ബെൻഗവിറിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് ജൂതൻമാർ അൽ അഖ്സ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറി ​പ്രാർഥന നിർവഹിച്ചിരുന്നു. ജൂതൻമാരുടെ വാർഷിക നോമ്പ് ദിനമായ ‘ടിഷാ ബിഅവി’ന്റെ ഭാഗമായിട്ടാണ് ഇവിടേക്ക് അതിക്രമിച്ച് കയറിയത്.

ജൂതൻമാരുടെ മതപരമായ ആചാരങ്ങൾ ഇവിടെ നിരോധിച്ചിട്ടുണ്ടെങ്കിലും ഇസ്രായേലി പൊലീസ് അതിക്രമകാരികൾക്ക് എല്ലാവിധ സംരക്ഷണവും നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ ജൂത സ്തുതികൾ ആലപിക്കുകയും ചെയ്തു.

TAGS :

Next Story