Quantcast

12 വര്‍ഷത്തിനുശേഷം സിറിയ വീണ്ടും അറബ് ലീഗിലേക്ക്; അംഗത്വം പുനഃസ്ഥാപിക്കാന്‍ ധാരണ

2011ൽ ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ ബശ്ശാറുൽ അസദ് ഉത്തരവിട്ടതിനെ തുടർന്നാണ് സിറിയയുടെ അംഗത്വം അറബ് ലീഗ് റദ്ദാക്കിയത്

MediaOne Logo

Web Desk

  • Published:

    7 May 2023 2:50 PM GMT

Syria in Arab League, Syrias Arab League membership, Syrias Arab League membership reinstated
X

കെയ്‌റോ: 12 വർഷത്തെ ഇടവേളയ്ക്കുശേഷം സിറിയ വീണ്ടും അറബ് ലീഗിൽ. സിറിയയെ വീണ്ടും ലീഗിലെടുക്കാൻ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ധാരണയായി. ബശാറുൽ അസദിന്റെ ഭരണത്തിനു കീഴിലുള്ള സിറിയയുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ അറബ് രാജ്യങ്ങൾ നീക്കം നടത്തുന്നതിനിടെയാണ് പുതിയ നീക്കം.

2011 മാർച്ചിലാണ് സിറിയയുടെ അംഗത്വം അറബ് ലീഗ് റദ്ദാക്കുന്നത്. അറബ് വസന്തത്തിന്റെ തുടർച്ചയായി സിറിയയിൽ നടന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു നടപടി. കഴിഞ്ഞ ദിവസം കെയ്‌റോയിലെ അറബ് ലീഗ് ആസ്ഥാനത്തു നടന്ന മന്ത്രിമാരുടെ യോഗത്തിൽ അംഗത്വം പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.

സിറിയയെ അറബ് ലീഗിൽ തിരിച്ചെടുക്കുന്ന കാര്യം കഴിഞ്ഞയാ ഴ്ച ജോർദാനിൽ നടന്ന ഈജിപ്ത്, ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നു. സിറിയൻ പ്രതിനിധിയും യോഗത്തിൽ പങ്കെടുത്തിരുന്നു. ജോർദാന്റെ മധ്യസ്ഥതയിലായിരുന്നു നീക്കം. ഇതിനുശേഷമാണ് വിഷയം അറബ് ലീഗ് യോഗത്തിൽ വോട്ടിനിട്ടു ചർച്ച ചെയ്തത്. മെയ് 19ന് സൗദിയിൽ അറബ് ലീഗ് ഉച്ചകോടി നടക്കാനിരിക്കുകയാണ്. ഇതിനു മുന്നോടിയായായിരുന്നു ഇന്നലത്തെ യോഗം.

കഴിഞ്ഞ ഫെബ്രുവരിയിൽ തുർക്കിയെയും സിറിയെയും വിറപ്പിച്ച ഭൂകമ്പം പുതിയ നയതന്ത്രനീക്കത്തിന്റെ വേഗത കൂട്ടിയിട്ടുണ്ടെന്നാണ് 'അൽജസീറ' റിപ്പോർട്ട് ചെയ്തത്. ഇതോടൊപ്പം ബശ്ശാർ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന ഇറാനുമായി സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതും മറ്റൊരു കാരണമായി. കഴിഞ്ഞ മാസം സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആൽസൗദ് രാജകുമാരൻ ദമസ്‌കസ് സന്ദർശിച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഒരു സൗദി ഔദ്യോഗികവൃത്തത്തിന്റെ ആദ്യ സിറിയൻ സന്ദർശനമായിരുന്നു ഇത്.

Summary: Arab League reinstate Syria’s membership after its suspension in 2011

TAGS :

Next Story