Quantcast

ഇസ്രായേലിനെതിരെ യു.എൻ പ്രമേയം: സ്വാഗതം ചെയ്ത് അറബ്‌ലോകം

വിമർശനവുമായി ഇസ്രായേൽ

MediaOne Logo

Web Desk

  • Updated:

    2023-01-01 17:47:29.0

Published:

1 Jan 2023 5:04 PM GMT

ഇസ്രായേലിനെതിരെ യു.എൻ പ്രമേയം: സ്വാഗതം ചെയ്ത് അറബ്‌ലോകം
X

ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിനെതിരെ യു.എൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തിന് കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചതിനെ സ്വാഗതം ചെയ്ത് അറബ് ലോകം. ഇസ്രായേൽ അധിനിവേശം ഫലസ്തീൻ മനുഷ്യാവകാശത്തെ പ്രതികൂലമായി ബാധിക്കുന്നതായി പ്രമേയം കുറ്റപ്പെടുത്തി. എന്നാൽ തീവ്രവാദികൾക്ക് തുണയേകുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി പ്രമേയത്തിനെതിരെ ഇസ്രായേൽ രംഗത്തുവന്നു.

കഴിഞ്ഞ ദിവസം യു.എൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ 87 രാജ്യങ്ങളാണ് പിന്തുണച്ചത്. റഷ്യ, ചൈന, ബെൽജിയം, പോർച്ചുഗൽ, ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന പ്രമേയത്തിന് കൈയൊപ്പ് ചാർത്തി. എന്നാൽ യു.കെ, അമേരിക്ക, ജർമനി ഉൾപ്പെടെ 26 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ, ജപ്പാൻ, ഫ്രാൻസ് ഉൾപ്പെടെയുള്ള 53 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് അറബ്പ്രതീക്ഷകൾക്ക് തിരിച്ചടിയായി.

ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭിപ്രായം തേടുകയാണ് പ്രമേയത്തിലൂടെ യു.എൻ പൊതുസഭ. ഭൂരിപക്ഷം രാജ്യങ്ങളുടെ പിന്തുണ പ്രമേയത്തിന് ലഭിച്ചതിൽ അറബ് നേതൃത്വം സംതൃപ്തി രേഖപ്പെടുത്തി. എന്നാൽ വിട്ടുനിന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ നിലപാട്മാറ്റത്തിന് പ്രേരിപ്പിക്കാൻ തുടർ നടപടികൾ സ്വീകരിക്കണമെന്ന വിലയിരുത്തലിലാണ് അറബ് ലീഗ് ഉൾപ്പെടെയുള്ള ഫലസ്തീൻ അനുകൂല കൂട്ടായ്മകൾ.

ഫലസ്തീൻ ജനതക്കു ലഭിച്ച നിർണായക നേട്ടമാണ് പ്രമേയത്തിന് ലഭിച്ച പിന്തുണയെന്ന് ഫലസ്തീൻ സംഘടനകൾ വ്യക്തമാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായേലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഫലസ്തീൻ സംഘടനകൾ ആവശ്യപ്പെട്ടു. അന്യായമായ അധിനിവേശം അവസാനിപ്പിക്കാനുള്ള നടപടിയാണ് വേണ്ടതെന്നും പറഞ്ഞു.

എന്നാൽ ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പുതിയ ഇസ്രായേൽ സർക്കാർ യു.എൻ നീക്കത്തെ നിശിതമായി വിമർശിച്ചു. തീവ്രവാദികളെ പിന്തുണക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും ഇസ്രായേൽ സർക്കാർ ആരോപിച്ചു.

Arab world welcomed the support of more countries for the resolution presented in the UN General Assembly against the Israeli occupation of Palestine.

TAGS :

Next Story