ഗിനിയയിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ആശുപത്രിയിൽ കണ്ണെത്താ ദൂരത്തോളം മൃതദേഹങ്ങൾ നിരനിരയായി കിടക്കുകയാണെന്നും മോർച്ചറി നിറഞ്ഞിരിക്കുകയാണെന്നും ഡോക്ടർ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു
കൊണാക്രി: ഗിനിയയിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ നൂറ് കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗികമായി കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും മരണസംഖ്യ ഇനിയും ഉയരാമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത് ഡസൻകണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്നാണ്. ഏകദേശം 100 ഓളം പേർ കൊല്ലപ്പെട്ടതായി ആശുപത്രിയിലെ ഡോക്ടറെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എൻസെറെക്കൂർ നഗരത്തിൽ നടന്ന മത്സരത്തിനിടയിലാണ് സംഘർഷം ഉടലെടുത്തത്. ലാബ്, എൻസെറെക്കൂർ ഫുട്ബോൾ ടീമുകൾ തമ്മിലായിരുന്നു മത്സരം. ഗോളനുവദിക്കുന്നതുമായി ബന്ധപ്പെട്ട റഫറിയുടെ നിലപാടിന് പിന്നാലെയാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയതെന്ന് പറയപ്പെടുന്നു. ആരാധകർ മൈതാനത്തേക്ക് ഇരച്ചുകയറിയെന്നും റിപ്പോർട്ടുകളുണ്ട്. ആശുപത്രികളും മോർച്ചറിയും മൃതദേഹങ്ങൾ കൊണ്ട് നിറയുകയാണെന്ന് ഒരു ഡോക്ടർ ന്യൂസ് ഏജൻസിയോട് പറഞ്ഞു. ‘ആശുപത്രിയിൽ കണ്ണെത്താ ദൂരത്തോളം മൃതദേഹങ്ങൾ നിരനിരയായി കിടക്കുന്നു. മോർച്ചറി നിറഞ്ഞിരിക്കുന്നു’ ഒരു ഡോക്ടർ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
ഗിനിയ പ്രധാനമന്ത്രി ബഹ് ഔറി അക്രമത്തെ അപലപിച്ച് രംഗത്തെത്തി. ‘ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ഫുട്ബോൾ മത്സരത്തിനിടയിൽ നടന്ന സംഭവവികാസങ്ങളെ സർക്കാർ അപലപിക്കുന്നുവെന്ന് ഔറി പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ പുറത്തുവിടുമെന്നും ഔറി പറഞ്ഞു. അക്രമത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#Alerte/N’zérékoré : La finale du tournoi doté du trophée « Général Mamadi Doumbouya » vire au dr.ame… pic.twitter.com/fjTvdxoe0v
— Guineeinfos.com (@guineeinfos_com) December 1, 2024
Adjust Story Font
16