Quantcast

ഗസ്സയിൽ വെടിനിർത്തൽ ഉടൻ നടപ്പാക്കണമെന്ന് ആസിയാനും ആസ്ത്രേലിയയും

‘1967-ന് മുമ്പുള്ള അതിർത്തികളെ അടിസ്ഥാനമാക്കി ദ്വിരാഷ്ട്ര പരിഹാരം യാഥാർഥ്യമാക്കണം’

MediaOne Logo

Web Desk

  • Published:

    6 March 2024 10:17 AM GMT

asean australia
X

മെൽബൺ: ഗസ്സയിൽ നീണ്ടുനിൽക്കുന്ന വെടിനിർത്തൽ കരാർ ഉടനടി നടപ്പാക്കണമെന്നാവശ്യപ്പെട്ട് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനും ആസ്ത്രേലിയയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഗസ്സയിലെ ഭയാനകമായ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള തങ്ങളുടെ ഒരുമിച്ചുള്ള ആശങ്ക ആവർത്തിക്കുകയാണെന്ന് മെൽബൺ ഡിക്ലറേഷൻ എന്ന പേരിലുള്ള സംയുക്ത പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു.

സിവിലിയൻമാർക്കും അവരുടെ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ ആക്രമണങ്ങളെ പ്രസ്താവനയിൽ അപലപിച്ചു. ഉടനടിയുള്ളതും നിലനിൽക്കുന്നതുമായ മാനുഷിക വെടിനിർത്തലിന് ​നേതാക്കൾ ആഹ്വാനം ചെയ്തു. ആസിയാൻ രാജ്യങ്ങളും ആസ്ത്രേലിയയും തമ്മിലെ ഔദ്യോഗിക ബന്ധത്തിന്റെ 50 വർഷത്തെ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി മെൽബണിൽ പ്രത്യേക ഉച്ചകോടി സംഘടിപ്പിക്കുകയായിരുന്നു.

ഗസ്സ അതിഭീകരമായ മാനുഷിക പ്രതിസന്ധിക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഭക്ഷണം, വെള്ളം, മറ്റു അടിസ്ഥാന ആവശ്യങ്ങൾ എന്നിവ നിയന്ത്രിച്ചിരിക്കുകയാണെന്നും സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിക്കും അതിന്റെ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകി.

ആവശ്യമുള്ളവർക്കെല്ലാം വേഗത്തിലും സുരക്ഷിതവും തടസ്സമില്ലാത്തതും സുസ്ഥിരവുമായ മാനുഷിക സഹായം എത്തിക്കൻ ആവശ്യപ്പെടുകയാണ്. കടൽമാർഗം ഉൾപ്പെടെയുള്ള അതിർത്തികൾ തുറക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

സിവിലിയന്മാരെ സംരക്ഷിക്കാനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും പാലിക്കാനും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു. എല്ലാ ബന്ദികളെയും, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും രോഗികളെയും പ്രായമായവരെയും ഉടനടി നിരുപാധികം മോചിപ്പിക്കുകയും വേണം.

ഏത് സ്വേച്ഛാപരമായ തടങ്കലിൽനിന്നും ആളുകളെ മോചിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ ഊന്നിപ്പറയുകയാണ്. 1967-ന് മുമ്പുള്ള അതിർത്തികളെ അടിസ്ഥാനമാക്കി ദ്വിരാഷ്ട്ര പരിഹാരം യാഥാർഥ്യമാക്കാനും സമാധാനപരമായ പരിഹാരത്തിനുമായും പ്രവർത്തിക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും പ്രമേയം അഭ്യർഥിച്ചു.

മൂന്ന് ദിവസം നീണ്ടുനിന്ന ഉച്ചകോടിയാണ് ബുധനാഴ്ച മെൽബണിൽ സമാപിച്ചത്. ഇൻഡോ പസഫിക് മേഖലയിൽ ചൈന നടത്തുന്ന കടന്നുകയറ്റത്തിനെതിരെയും ഉച്ചകോടിയിൽ വിമർശനമുയർന്നു. സമാധാനത്തിന്റെയും സ്ഥിരതയുടെയും സമൃദ്ധിയുടെയും കടലായി ദക്ഷിണ ചൈനാ കടൽ നിലനിൽക്കുന്നതിന്റെ ഗുണഫലങ്ങൾ ഞങ്ങൾ തിരിച്ചറിയുന്നു. മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ അപകടപ്പെടുത്തുന്ന ഏകപക്ഷീയമായ നടപടികൾ ഒഴിവാക്കാൻ എല്ലാ രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

TAGS :

Next Story