Quantcast

'വെളിച്ചംപോലും ഇല്ല, ഇവിടെ മനുഷ്യർ തന്നെയാണോ കഴിഞ്ഞിരുന്നത്': അസദിന്റെ തടവറ സന്ദർശിച്ച ബിബിസി ലേഖകൻ കണ്ടതും കേട്ടതും...

''സെദ്നയ ജയിലിനെ കൂട്ടക്കുഴിമാടം എന്നാണ് ചിലർ വിശേഷിപ്പിച്ചത്. ഇതിനെല്ലാം പകരമായി ബഷാറുൽ അസദിന്റെ തല തന്നെ എടുക്കണം''

MediaOne Logo

Web Desk

  • Updated:

    2024-12-17 07:48:42.0

Published:

17 Dec 2024 7:43 AM GMT

വെളിച്ചംപോലും ഇല്ല, ഇവിടെ മനുഷ്യർ തന്നെയാണോ കഴിഞ്ഞിരുന്നത്: അസദിന്റെ തടവറ സന്ദർശിച്ച ബിബിസി ലേഖകൻ കണ്ടതും കേട്ടതും...
X

ദമസ്കസ്: കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും പേടിപ്പെടുത്തുന്ന ജയിലാണ് മുന്‍ സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ 'സെദ്‌നയ'യെന്ന് പറയുകയാണ് ബിബിസിയുടെ അന്താരാഷ്ട്ര എഡിറ്റര്‍ ജെര്‍മി ബോവന്‍. ജയില്‍ സന്ദര്‍ശിച്ചതിന് ശേഷം കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ബിബിസിക്ക് വേണ്ടി വിവരിക്കുകയാണ് അദ്ദേഹം.

സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ നിന്ന് അരകിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍മുകളിലാണ് സെദ്‌നയ ജയില്‍. സിറിയയുടെ പതാകയുടെ നിറങ്ങളാല്‍ ജയില്‍ കവാടം മനോഹരമാക്കിയിട്ടുണ്ടെങ്കിലും അതിന്റെ ഉള്ളിലെ കാഴ്ചകള്‍ ഉള്ളുലക്കുന്നതാണെന്നാണ് ജെര്‍മി ബോവന്‍ പറയുന്നത്.

2011ല്‍ സിറിയയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 30,000ത്തിലധികം തടവുകാരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. കുട്ടികളും സ്ത്രീകളും അടക്കം ഒരുലക്ഷത്തിലേറെ പേരെയാണ് ഇവിടെ അടക്കപ്പെട്ടത്. രാജ്യത്തെ മറ്റു ജയിലുകളില്‍ ഇല്ലാത്ത വിധം തടവുകാരെ ഞെരുക്കുകയായിരുന്നു ഇവിടെ. വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനും കുടുംബക്കാര്‍ക്ക് സന്ദര്‍ശനവുമൊക്കെ മറ്റു ജയിലുകളില്‍ അനുവദിച്ചെങ്കിലും ഇവിടെ എല്ലാത്തിനും വിലക്കായിരുന്നു.

ഇരുളടഞ്ഞതും അസദ് ഭരണകൂടത്തിന്റെ ഏറ്റവും വൃത്തികെട്ടതുമായി മുഖം എന്താണെന്ന് അനാവരണം ചെയ്യുന്നതാണ് സെദ്‌നയയിലെ കാഴ്ചകളെന്ന് ജെര്‍മി ബോവന്‍ പറയുന്നു. ഒരാളെ കൊന്ന് കുഴിച്ചുമൂടിയാല്‍പോലും ആരും ചോദിക്കില്ല, അറിയില്ല.

ലിബിയയിലെ ട്രിപ്പോളി, അഫ്ഗാനിസ്താനിലെ കാബൂള്‍ എന്നിവിടങ്ങളിലെ പ്രസിദ്ധമായ തടവറകള്‍ സന്ദര്‍ശിച്ചപ്പോഴും സെദ്‌നയപോലെ ആയിരുന്നില്ലെന്നും ജെര്‍മി ബോവന്‍ പറയുന്നു. കൊള്ളാവുന്നതിലും അപ്പുറമായിരുന്നു സെയ്ദ്നയയിലെ ഓരോ സെല്ലിലുമുള്ള തടവുകാരുടെ എണ്ണം. മലമൂത്ര വിസര്‍ജനമടക്കം എല്ലാം അവര്‍ക്ക് പരിമിതപ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക്ക് ബാഗിലേക്കാണ് കാര്യം സാധിച്ചിരുന്നത്. പുതക്കാനോ മര്യാദക്ക് കിടക്കാനോ പോലും സൗകര്യമില്ല. ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റുമാകട്ടെ ദുര്‍ഗന്ധത്താല്‍ വായും മൂക്കും പൊത്തിപ്പിക്കുന്നതുമായിരുന്നു.

'അസദ് വീണതിന് പിന്നാലെ രാജ്യത്തെപ്പോലെ തന്നെ ജയിലും തുറന്നിരിക്കുന്നു. എന്തായിരുന്നു സിറിയ എന്നതിന്റെ സൂക്ഷ്മരൂപമായി ഈ തടവറയെ വിശേഷിപ്പിക്കാമെന്നാണ്'- ജെര്‍മി ബോവന്‍ വ്യക്തമാക്കുന്നത്.

ഭരണകൂടം തടവുകാരോട് എന്താണ് ചെയ്തതെന്ന് കൃത്യമായി മനസിലാക്കാന്‍ സന്നദ്ധപ്രവർത്തകർ ജയിലിൽ പോയിരുന്നു. എന്നാല്‍ ഫയലിലാക്കിയ രൂപത്തിലുള്ള ഒന്നും അവിടെ നിന്നും കണ്ടെത്താനായില്ല. ആരെയൊക്കെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്ന് തെളിയിക്കുന്ന രേഖകള്‍ക്കായി പരതിയെങ്കിലും ലഭിച്ചില്ല.

'ഇവിടെ നടന്ന കാര്യങ്ങൾ ആരോ നശിപ്പിക്കാൻ ശ്രമിച്ചതുപോലെയാണ് അനുഭവപ്പെട്ടത്. തെളിവുകളും രേഖകളും അപ്രത്യക്ഷമായെന്ന്'- സംഗീതജ്ഞയും സന്നദ്ധ പ്രവര്‍ത്തകയുമായ സഫാന ബക്‌ലെ പറയുന്നു. ഇതെല്ലാം പുറത്തുകൊണ്ടുവരേണ്ട അന്താരാഷ്ട്ര സംഘടനകള്‍ എവിടെയെന്നും സഫാന ചോദിക്കുന്നതായി ജെര്‍മി ബോവന്‍ പറയുന്നു. കാണാതായവർക്ക് എന്ത് സംഭവിച്ചുവെന്ന് എന്ന് വ്യക്തമാകുക മാത്രമല്ല, കുറ്റവാളികളുടെ വിചാരണ നടന്നാല്‍ തെളിവിന് രേഖകള്‍ വേണം, അതില്ലാതെ അവര്‍ക്ക് ശിക്ഷ ഉറപ്പാക്കാനാവില്ലെന്നും സഫാന പറയുന്നു.

'ജയിലുകൾ മോശമാണെന്ന് എല്ലാ സിറിയക്കാർക്കും അറിയാമായിരുന്നു, പക്ഷേ സെദ്‌നയ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നുവെന്ന്'- പറയുകയാണ് സന്നദ്ധപ്രവർത്തകരിൽ ഒരാളായ വിദാദ് ഹലാബി.

'എന്ത് തരം ജീവിതമായിരുന്നു ഇവിടെ, മനുഷ്യര്‍ തന്നെയാണോ ഇവിടെ കഴിഞ്ഞിരുന്നത്. അവർ എങ്ങനെയാണ് ശ്വസിച്ചത്? എന്താണ് കഴിച്ചത്, വെളിച്ചമോ ശുദ്ധവായുവോ ഇല്ലാതെ ഇവിടെ എങ്ങനെയാണ് കഴിഞ്ഞതെന്ന് ഓര്‍ക്കാന്‍പോലും വയ്യ'- നിറഞ്ഞ കണ്ണുകളോടെ വിദാദ് ഹലാബി പറയുന്നതായി ജെര്‍മി ബോവന്‍ വിവരിക്കുന്നു.

ഡിസംബറിലെ തണുത്തുറഞ്ഞ തണുപ്പിലും സെദ്‌നയയുടെ സെല്ലുകളിലും ഇടനാഴികളിലും വേണ്ടപ്പെട്ടവരെയും മറ്റും തെരയുന്നവരെ കാണാമായിരുന്നുവെന്ന് ജെര്‍മി ബോവന്‍ പറയുന്നു. ഈ ക്രൂരകൃത്യം ചെയ്തവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പിക്കണമെന്ന് അവരുടെ മുഖങ്ങളില്‍ നിന്ന് വായിച്ചെടുക്കാമെന്നും അവരില്‍ ചിലര്‍ ഇക്കാര്യം പരസ്യമായി തന്നെ പറഞ്ഞുവെന്നും ജെര്‍മി ബോവന്‍ വ്യക്തമാക്കുന്നു. സെദ്‌നയയെ കൂട്ടക്കുഴിമാടം എന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്. ഇതിനെല്ലാം പകരമായി അസദിന്റെ തല തന്നെ എടുക്കണം. ഭൂതകാലത്തിന് നീതി കൊടുത്താണ് ഭാവി കെട്ടിപ്പടുക്കേണ്ടതെന്നും ചിലര്‍ വ്യക്തമാക്കി.

വേണ്ടപ്പെട്ടവരെ തെരഞ്ഞും ഇനി മരിച്ചെങ്കില്‍ മൃതശരീരം എവിടെയെന്ന് ചോദിച്ചും മറ്റും നിരവധിയാളുകളെ ജയിലിന് പുറത്ത് കണ്ടു. പ്രതീക്ഷകളെല്ലാം അസ്തമിച്ച മുഖങ്ങളായിരുന്നു അവരില്‍ പലരുടേതും.

'' അസദിന്റെ വീഴ്ചയുടെ തലേദിവസം രാത്രി, ജയിലിൽ നിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്യാൻ 22 ലോറികൾ കൊണ്ടുവന്നുവെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇതിന്റെ പിന്നിലുള്ള യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്ന് പറയുകയാണ് മുഹമ്മദ് റദ്വാൻ. തന്റെ സഹോദരന് വേണ്ടിയാണ് റദ്വാൻ സെദ്‌നയയില്‍ എത്തിയത്.

ജയിലറകളെ പണമാക്കി മാറ്റാനും അധികൃതർ ഉപയോഗിച്ചിരുന്നു. വർഷങ്ങളോളം നരകയാതനയിൽ അകപ്പെടാതിരിക്കാൻ അധികൃതര്‍ക്ക് ബന്ധുക്കള്‍ പണം നല്‍കിയിരുന്നു. 11 വർഷം തീവ്രവാദ കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസൻ അബു ഷ്വാർബ് എന്നയാളിന്റെ മോചനത്തിന് വേണ്ടി 50,000 ഡോളര്‍ കൈക്കൂലി നല്‍കിയിരുന്നതായി വ്യക്തമാക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരന്‍.

എന്നിട്ടും ഹസന്റെ മോചനം വൈകിപ്പിച്ചു, പല സന്ദര്‍ഭങ്ങളിലായി പണം കൊടുത്തു. അസദ് വീഴുന്നതിന്റെ രണ്ടാഴ്ച മുമ്പ് മറ്റൊരു അഴിമതിക്കാരനായ മറ്റൊരു ജഡ്ജി, 50,000 ഡോളര്‍ നല്‍കിയാല്‍ ഹസനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും സഹോദരന്‍ വ്യക്തമാക്കുന്നു. ഹസന്‍ പിന്നീട് ജയില്‍ മോചിതനായി.

ഹസൻ അബു ഷ്വാർബ്

തന്നോടൊപ്പം സെല്ലിലുണ്ടായിരുന്ന 49കാരനെ സൈനിക ഇൻ്റലിജൻസ് കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിരുന്നു. കൊടിയ പീഡനത്തിന് ശേഷം അദ്ദേഹത്തെ തിരികെ സെല്ലില്‍ എത്തിച്ചു. ശേഷം, മൂന്നാം ദിനം അദ്ദേഹം മരണത്തിന് കീഴടങ്ങി. എന്നാല്‍ സ്ട്രോക്ക് മൂലം മരിച്ചെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നതെന്നും ഹസന്‍ പറയുന്നു.

" നമ്മൾ മനുഷ്യരാണ്, കല്ലുകളല്ല, കൊന്നവരെ പരസ്യമായി തന്നെ വധിക്കണം. അല്ലെങ്കിൽ ഞങ്ങൾക്ക് മുന്നോട്ടുപോകാനാകില്ല''- തകര്‍ന്ന കെട്ടിടത്തിനുള്ളിലിരുന്ന് ഹസന്‍ ഇക്കാര്യം പറയുമ്പോള്‍, എല്ലാ സിറിയക്കാരുടെയും ആഗ്രഹം ഇത് തന്നെയാണെന്നാണ് ജെര്‍മി ബോവന്‍ പറയുന്നത്.

എന്തായിരുന്നു സെദ്‌നയയില്‍ അരങ്ങേറിയിരുന്നത് എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ രക്ഷപ്പെട്ട തടവുകാര്‍ തന്നെ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തും. രാജ്യംവിട്ട പ്രസിഡന്റ് ബഷാർ അൽ അസദിന്റെ വിചാരണക്കായി കാത്തിരിക്കുകയാണ് ഒരുകൂട്ടം ആളുകളെന്നും ജെര്‍മി ബോവന്‍ വ്യക്തമാക്കുന്നു. വിമതസംഘം സിറിയയുടെ തലസ്ഥാന നഗരമായ ദമാസ്‌കസ് പിടിച്ചെടുത്തതിന് പിന്നാലെയാണ് ബഷാർ അൽ അസദ് രാജ്യം വിട്ടത്

TAGS :

Next Story