റഷ്യയുടെയും ഹിസ്ബുല്ലയുടെയും സഹായം പേരിന് മാത്രം; വടക്കൻ സിറിയയിൽ തകർന്നടിഞ്ഞ് അസദിന്റെ സൈന്യം
സൈനികരുടെ മനോവീര്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശമ്പളം 50 ശതമാനം വർധിപ്പിച്ചിട്ടുണ്ട് പ്രസിഡൻറ് അസദ്
നാല് വർഷം മുമ്പാണ് സിറിയയിൽ പ്രസിഡൻറ് ബശ്ശാർ അൽ അസദിെൻറ നേതൃത്വത്തിൽ സൈന്യം രാജ്യത്തെ ആഭ്യന്തര യുദ്ധം അടിച്ചമർത്തുന്നത്. റഷ്യയടക്കമുള്ള വിദേശ ശക്തികളുടെ പിൻബലത്തോടെയായിരുന്നു വിജയം കൈവരിച്ചത്. എന്നാൽ, ഇന്ന് വിമത സായുധ വിഭാഗമായ ഹൈഅത് തഹ്രീർ അശ്ശാമിെൻറ മുന്നേറ്റത്തിൽ അസദിെൻറ സ്വാധീന മേഖലകളെല്ലാം തകർത്തെറിയപ്പെടുകയാണ്. സിറിയൻ തലസ്ഥാനമായ ഡമസ്കസ് ലക്ഷ്യമാക്കി നീങ്ങുകയാണ് വിമത സേന. വടക്കൻ സിറിയയിലെ അലപ്പോ, ഹമാ എന്നീ നഗരങ്ങൾ പിടിച്ചെടുത്ത് ഇപ്പോൾ ഹിംസിെൻറ അടുത്തെത്തിയിരിക്കുന്നു. ഹിംസിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. അടുത്ത ലക്ഷ്യം തലസ്ഥാനാമയ ദമസ്കസാണെന്നും വിമതർ വ്യക്തമാക്കുന്നു.
നാല് വർഷം മുമ്പ് യുദ്ധം അവസാനിച്ചതോടെ ആഭ്യന്തര-അന്താരാഷ്ട്ര കക്ഷികൾ സിറിയൻ സർക്കാരുമായുള്ള ബന്ധം പുനഃസ്ഥാപിച്ചിരുന്നു. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ട്രാവൽ വ്ലോഗർമാരെ ഡമസ്കസിലേക്കും അലപ്പോയിലേക്കുമെല്ലാം നിരന്തരം സർക്കാർ ക്ഷണിക്കുകയും ചെയ്തു. നൂറ്റാണ്ടുകളുടെ പൈതൃകമുള്ള നഗരങ്ങൾ കൂടിയാണ് ഇവ. ആഭ്യന്തര യുദ്ധത്തിൽ ഈ നഗരങ്ങളിലെ പല ചരിത്രശേഷിപ്പുകളും തകർക്കപ്പെട്ടിരുന്നു.
റഷ്യ, ഇറാൻ, ലെബനാനിലെ ഹിസ്ബുല്ല എന്നിവരുടെ പിന്തുണയോടെയായിരുന്നു നഷ്ടപ്പെട്ട ഭൂരിഭാഗം പ്രദേശങ്ങളും നാല് വർഷം മുമ്പ് അസദ് തിരിച്ചുപിടിക്കുന്നത്. എന്നാൽ, ഇപ്പോൾ തങ്ങളുടെ സഖ്യകക്ഷികൾ മറ്റു പല പ്രശ്നങ്ങളിൽ മുഴുകിയിരിക്കുകയാണ്. ഈ സമയം നോക്കിയാണ് വിമതരുടെ പടയയോട്ടമുണ്ടാകുന്നത്. റഷ്യൻ സൈന്യം യുക്രെയ്നുമായുള്ള പോരാട്ടത്തിലാണ്. ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഹിസ്ബുല്ലക്ക് വലിയ നഷ്ടങ്ങളാണുണ്ടായിട്ടുള്ളത്. ഇതിനാൽ തന്നെ വിമതരുമായി പലയിടത്തും സിറിയൻ സൈന്യം ഒറ്റയ്ക്കാണ് പോരാടുന്നത്. ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാർ വന്ന ദിവസം തന്നെയാണ് വിമതർ വടക്കൻ സിറിയയിൽ ആക്രമണം തുടങ്ങുന്നത്.
നേരത്തെ ഇറാെൻറയും റഷ്യയുടെയും ഹിസ്ബുല്ലയുടെയുമെല്ലാം പിന്തുണ സിറിയക്ക് ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഇവരുടെ സഹായം വലിയ രീതിയിൽ ലഭിക്കുന്നില്ലെന്ന് മിഡിൽ ഈസ്റ്റിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനാൽ തന്നെ വിമത വിഭാഗങ്ങളെ ചെറുക്കാൻ സൈന്യത്തിന് സാധിക്കുന്നില്ല.
വിമത വിഭാഗത്തെ നയിക്കുന്ന ഹൈഅത് തഹ്രീർ അശ്ശാമിന് മറ്റു പല വിമത സേനകളെയും സിറിയൻ സൈന്യത്തിൽനിന്ന് പിരിഞ്ഞുപോയവരെയും ഒപ്പംകൂട്ടാൻ സാധിച്ചതും ബലമേകുന്നു. വിമത സൈന്യം ഡ്രോണുകൾ അടക്കമുള്ള സംവിധാനങ്ങളുടെ സഹായത്തോടെയാണ് മുന്നോറുന്നത്. ഇതിന് മുന്നിൽ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയിലാണ് സിറിയൻ സൈന്യം.
സൈന്യത്തിെൻറ പരാജയം സിറിയൻ സർക്കാരിെൻറ തകർച്ചയുടെ ലക്ഷണമായിട്ടാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതേസമയം, സൈനിക മനോവീര്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സൈനികരുടെ ശമ്പളം 50 ശതമാനം വർധിപ്പിച്ച് പ്രസിഡൻറ് അസദ് ഉത്തരവിറക്കിയിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ 3.70 ലക്ഷം പേരാണ് ഇതുവരെ പലായനം ചെയ്തത്.
റോഡുകൾ തകർത്ത് സിറിയൻ സൈന്യം
വിമതരെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ ഹമയിൽനിന്ന് ഹിംസിലേക്കുള്ള പാതയിലെ പാലം റഷ്യൻ സൈന്യം ബോംബിട്ട് തകർത്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പ്രധാന റോഡിൽ നിരവധി ബോംബാക്രമണങ്ങളാണ് സിറിയൻ സൈന്യവും നടത്തിയിട്ടുള്ളത്.
സിറിയൻ-ഇറാഖ് അതിർത്തി എസ്ഡിഎഫ് എന്ന മറ്റൊരു വിമതസംഘവും പിടിച്ചെടുത്തിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിമതർ അലെപ്പോ പിടിക്കുന്നത്. പിന്നാലെ ഹമാ നഗരവും കീഴടക്കി. ഇവിടങ്ങളിൽനിന്നെല്ലാം അസദ് സൈന്യം തോറ്റുപിന്മാറുകയായിരുന്നു.
ഇതേസമയത്തുതന്നെ മറ്റു വിമതസംഘങ്ങൾ ലബനാൻ-ഇറാഖ്-ഇറാൻ അതിർത്തികളുടെ നിയന്ത്രണവും പിടിച്ചെടുത്തു. ഇനി തലസ്ഥാനമായ ഡമസ്‌കസിലേക്ക് നീങ്ങുകയാണെന്ന് എച്ച്ടിഎസ് കമാൻഡർ ഹസൻ അബ്ദുൽ ഗനി പ്രഖ്യാപിച്ചു. ബശ്ശാറുൽ അസദിന്റെ ഭരണം അവസാനിപ്പിക്കുമെന്നും വിമതർ വ്യക്തമാക്കിയിട്ടുണ്ട്. 2000 മുതൽ അസദാണ് സിറിയൻ പ്രസിഡൻറ്.
Adjust Story Font
16