ഇറാഖിലെ സൈനിക താവളത്തിന് നേരെ റോക്കറ്റ് ആക്രമണം; അഞ്ചിലധികം യു.എസ് സൈനികർക്ക് പരിക്ക്
ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
ന്യൂയോര്‍ക്ക്: ഇറാഖിലെ യു.എസ് സൈനിക താവളത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് സൈനികര്‍ക്ക് പരിക്ക്. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യയുടെയും ഹിസ്ബുല്ലയുടെ മുതിര്‍ന്ന അംഗം ഫൗദ് ഷുക്കൂറിന്റെയും കൊലപാതകത്തെ തുടര്‍ന്ന് മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കെയാണ് ആക്രമണം.
എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
പടിഞ്ഞാറൻ ഇറാഖിലെ ഐൻ അൽ-അസാദ് വ്യോമതാവളത്തിന് നേരെ തിങ്കളാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. കത്യുഷ റോക്കറ്റുകളാണ് വ്യോമതാവളത്തില്‍ വീണത് എന്നാണ് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. റോക്കറ്റുകൾ ബേസിനുള്ളിൽ പതിച്ചതായി ഇറാഖി ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. അതേസമയം ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിലെ പ്രതികാരവുമായി ആക്രമണത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
ഇസ്രായേലിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതിനാൽ ഹനിയ്യയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അമേരിക്കയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് നേരത്തെ ഇറാന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ആക്രമണത്തില്‍ ഒരു അമേരിക്കന്‍ പൗരന് ഗുരുതരമായി പരിക്കേറ്റതായി പേര് വെളിപ്പെടുത്താത്തൊരു യു.എസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. എന്നാല്‍ ഏഴ് സൈനികർക്കും സാധാരണക്കാർക്കും പരിക്കേറ്റതായാണ് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആക്രമണത്തെക്കുറിച്ച് പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനെയും വിവരമറിയിച്ചെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ബെയ്റൂത്തില്‍ വെച്ചാണ് ഹിസ്ബുല്ല കമാന്‍ഡര്‍ ഫൗദ് ഷുക്കൂറിനെ ഇസ്രായേല്‍ വധിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷമാണ്, ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയ്യ, ഇറാന്റെ തലസ്ഥാനത്ത് വെച്ച് കൊല്ലപ്പെടുന്നത്. ഹനിയ്യയുടെ രക്തത്തിന് മറുപടി കൊടുക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം അപകടകരമായ നീക്കം എന്നാണ് ഇറാഖിലുണ്ടായ ആക്രമണത്തെ യു.എസ് വിശേഷിപ്പിച്ചത്. ആക്രമണത്തെക്കുറിച്ച് ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി സംസാരിച്ചെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാതലത്തില്‍ യു.എസ് സൈനിക നില ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
തെഹ്റാനില്‍വെച്ച് ഹനിയ്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇറാന്റെ പ്രതികരണം ഏത് തരത്തിലായിരിക്കുമെന്നാണ് അമേരിക്കയും നോക്കുന്നത്. ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ സേനാവിന്യാസം, യുഎസ് വര്‍ധിപ്പിച്ചിരുന്നു. പ്രതിരോധമെന്ന നിലയ്ക്കാണ് സേനാ വിന്യാസത്തെ യുഎസ് വിശേഷിപ്പിച്ചിരുന്നത്. ഇറാന്റെ തിരിച്ചടി ഏത് സമയത്തും ഉണ്ടാകാമെന്നാണ് ഇസ്രായേല്‍ കണക്കുകൂട്ടുന്നത്.
Adjust Story Font
16