ക്രൂരത തുടർന്ന് ഇസ്രായേൽ സൈന്യം; സഹായം കാത്തുനിന്നവരെ വെടിവെച്ച് കൊന്നു
ഇതുവരെ 31,184 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്
വടക്കൻ ഗസ്സയിൽ മാനുഷിക സഹായത്തിനായി കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം. നിരവധി ഫലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കുവൈത്ത് റൗണ്ട് എബൗട്ടിന് സമീപം സഹായം സ്വീകരിക്കാൻ കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. മാനുഷിക സഹായത്തിനായി കാത്തുനിന്നവർക്ക് നേരെ മുമ്പും ആക്രമണം നടത്തിയിരുന്നു. ഇത്തരത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 ആയെന്നും 1300 പേർക്ക് പരിക്കേറ്റതായും പ്രസ്താവനയിൽ വ്യക്തമാക്കി.
തെക്കൻ ഗസ്സയിൽ സഹായ ട്രക്കുകൾക്കായി കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെയും ഇസ്രായേൽ സൈന്യം ബോംബുകൾ വർഷിക്കുകയും വെടിയുതിർക്കുകയും ചെയ്തു. ഇവടെ ഒമ്പത് പേർ കൊല്ലപ്പെടുകയും 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞമാസം അൽറാശിദ് സ്ട്രീറ്റിലെ നാബുലിസി റൗണ്ട് എബൗട്ടിൽ സഹായ ട്രക്കുകളിൽ ഭക്ഷണമെത്തുന്നതും കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കു നേരെ ഇസ്രായേൽ വെടിവെപ്പ് നടത്തുകയും 115ലധികം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും രംഗത്തുവന്നിരുന്നു.
സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടു. എന്നാൽ, ഇതിനെയെല്ലാം അവഗണിച്ച് ഇസ്രായേൽ തങ്ങളുടെ ആസൂത്രിത വംശഹത്യ റമദാനിലും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 31,184 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 72,889 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് കൂട്ടക്കൊലകളാണ് ഇസ്രായേൽ അധിനിവേശ സേന നടത്തിയത്. ഇതിൽ 72 പേർ കൊല്ലപ്പെടുകയും 129 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേലിന്റെ ആക്രമണത്തിൽ ഇരയാകുന്നതിൽ 72 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. പട്ടിണി കാരണം 27 കുഞ്ഞുങ്ങളാണ് ഇതുവരെ ഗസ്സയിൽ മരിച്ചുവീണത്.
Adjust Story Font
16