കോവിഡിനെ പിടിച്ചുകെട്ടുന്നതിനെക്കാളും ശ്രദ്ധ വിമർശകരെ വായടപ്പിക്കുന്നതിൽ; കേന്ദ്ര സർക്കാരിനെ കണക്കറ്റ് വിമർശിച്ച് വിദേശ മെഡിക്കൽ ജേണൽ
ഓഗസ്റ്റിൽ ഇന്ത്യയിലെ കോവിഡ് മരണം പത്തു ലക്ഷം കടക്കുമെന്ന് എഡിറ്റോറിയല്‍; കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രശംസ
കോവിഡ് പ്രതിരോധത്തിൽ നരേന്ദ്ര മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ലോകപ്രശസ്ത മെഡിക്കൽ ജേണലായ 'ദ ലാൻസെറ്റ്'. കോവിഡിനെ പിടിച്ചുകെട്ടുന്നതിനെക്കാളും മോദി സർക്കാരിന് ശ്രദ്ധ ട്വിറ്ററിൽ തങ്ങൾക്കെതിരായ വിമർശനങ്ങൾ നീക്കം ചെയ്യുന്നതിലാണെന്ന് ജേണൽ വിമർശിച്ചു. ഈ പ്രതിസന്ധിക്കിടയിലുള്ള തുറന്ന ചർച്ചകളെയും വിമർശനങ്ങളെയും അടിച്ചമർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾ നീതീകരിക്കാനാകാത്തതാണെന്നും ജേണലിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നു.
ഓഗസ്റ്റോടെ കോവിഡ് മരണസംഖ്യ പത്തുലക്ഷം കടക്കും
ലോകത്തെ ഏറ്റവും പഴക്കം ചെന്നതും പ്രശസ്തവുമായ മെഡിക്കൽ ജേണലുകളിലൊന്നാണ് ലാൻസെറ്റ്. പ്രശസ്ത ബ്രിട്ടീഷ് ഭിഷഗ്വരനായ തോമസ് വാക്ക്‌ലിയാണ് 1823ൽ ജേണൽ ആരംഭിക്കുന്നത്. India's Covid-19 Emergency എന്ന തലക്കെട്ടിലാണ് ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ വിമർശിച്ച് ജേണൽ കഴിഞ്ഞ ദിവസം എഡിറ്റോറിയലെഴുതിയത്.
ഓഗസ്റ്റോടെ ഇന്ത്യയിലെ കോവിഡ് മരണസംഖ്യ പത്തുലക്ഷം കടക്കുമെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു. വാഷിങ്ടൺ സർവകലാശാലയ്ക്കു കീഴിലുള്ള സ്വതന്ത്ര ആഗോള ആരോഗ്യ ഗവേഷണ കേന്ദ്രമായ ദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാല്യേഷന്റെ റിപ്പോർട്ട് ഉദ്ധരിച്ചാണ് എഡിറ്റോറിയല്‍ കണക്ക് പുറത്തുവിട്ടത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഈ ദേശീയ ദുരന്തം വരുത്തിവച്ചതിന്റെ ഉത്തരവാദിത്തം മോദി സർക്കാരിനായിരിക്കുമെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
സൂപ്പർ സ്‌പ്രെഡർ മുന്നറിയിപ്പുകൾ വകവയ്ക്കാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷങ്ങൾ തടിച്ചുകൂടിയ മതകീയ ചടങ്ങുകൾക്ക് സർക്കാർ അനുമതി നൽകി. ഇതോടൊപ്പം രാഷ്ട്രീയ റാലികൾക്കും മുടക്കമുണ്ടായിരുന്നില്ല.
ഇന്ത്യയിലെ കഷ്ടപ്പാടിന്റെ കാഴ്ചകൾ ഉൾക്കൊള്ളാനാകാത്തതാണ്. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകർ തളർന്നിരിക്കുന്നു. പലരും രോഗബാധിതരുമായിരിക്കുന്നു. ഡോക്ടർമാരും പൊതുജനങ്ങളുമടക്കം മെഡിക്കൽ ഓക്‌സിജനും ആശുപത്രികളിൽ കിടക്കകൾക്കും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി കേണുകൊണ്ടിരിക്കുന്ന ഹതാശരായ ജനങ്ങളാണ് സമൂഹമാധ്യമങ്ങളിലെങ്ങും. എന്നിട്ടും, കഴിഞ്ഞ മാർച്ച് ആദ്യത്തിൽ കോവിഡ് രണ്ടാം തരംഗം കുതിച്ചുയരാൻ തുടങ്ങുമ്പോഴാണ് ഇന്ത്യയുടെ ആരോഗ്യമന്ത്രി ഇന്ത്യയിൽ മഹാമാരി അവസാനഘട്ടത്തിലാണെന്ന് പ്രഖ്യാപിച്ചത്-എഡിറ്റോറിയലിലെ രൂക്ഷവിമർശനം തുടരുന്നു.
കേരളത്തിന് പ്രശംസ
രണ്ടാം തരംഗത്തെയും പുതിയ പ്രതിസന്ധികളെയും കുറിച്ചുള്ള നിരന്തരമുള്ള മുന്നറിയിപ്പുകൾക്ക് ചെവികൊടുക്കാതെ, ഏതാനും മാസങ്ങളായി കേസുകളുടെ എണ്ണം കുറഞ്ഞപ്പോഴേക്കും ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തിയെന്ന വിചാരത്തിലായിരുന്നു ഭരണകൂടം. കോവിഡ് തീർന്നെന്ന വിചാരത്തിൽ ഇന്ത്യയിൽ വാക്‌സിനേഷൻ പരിപാടികൾ തുടങ്ങാനും വൈകി. രണ്ടാം തരംഗത്തിൽ കേസുകൾ കുതിച്ചുയർന്നതോടെ ഉത്തർപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള വലിയ സംസ്ഥാനങ്ങൾ പ്രതിസന്ധിയിലായി. സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളുണ്ടായില്ലെന്നും എഡിറ്റോറിയല്‍ വിമർശിക്കുന്നു.
അതേസമയം, കേരളത്തിന്റെ കോവിഡ് പ്രതിരോധ നടപടികളെ എഡിറ്റോറിയല്‍ പ്രശംസിക്കുന്നുമുണ്ട്. കേരളത്തോടൊപ്പം ഒഡീഷയും പ്രതിസന്ധി നേരിടാൻ സജ്ജമായിരുന്നു. രണ്ടാം തരംഗത്തിൽ ആവശ്യമായ മെഡിക്കൽ ഓക്‌സിജൻ ഉൽപാദിപ്പിക്കാനും മറ്റു സംസ്ഥാനങ്ങൾക്ക് നൽകാനും ഇരുസംസ്ഥാനങ്ങൾക്കുമായെന്നും ലേഖനം അഭിനന്ദിക്കുന്നു.
പിഴവുകള്‍ അംഗീകരിച്ച് പരിഹാരവുമായി മുന്നോട്ടുപോകണം
കോവിഡ് പ്രതിരോധത്തിൽ സംഭവിച്ച പാളിച്ചകൾ അംഗീകരിച്ച് തെറ്റുകൾ പരിഹരിച്ചു മുന്നോട്ടുപോകുകയാണ് ഇന്ത്യയ്ക്ക് മുൻപിലുള്ള ഒരേയൊരു മാർഗമെന്നും ലേഖനം നിർദേശിക്കുന്നു. ശാസ്ത്രീയ പഠനത്തിൽ അടിസ്ഥാനമായുള്ള പൊതു ആരോഗ്യ പ്രതിരോധ സംവിധാനം എത്രയും പെട്ടെന്ന് നടപ്പാക്കണം.
എത്രയും വേഗം വാക്‌സിനേഷൻ കാംപയിൻ പൂർത്തിയാക്കണം. വാക്‌സിൻ ഉൽപാദനം കൂട്ടി നഗരങ്ങൾക്കു പുറമെ ഗ്രാമീണതലങ്ങളിലുള്ള പൗരന്മാർക്കും വിതരണം ചെയ്യണം. തദ്ദേശീയമായ ആരോഗ്യ സ്ഥാപനങ്ങളുമായും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായും സഹകരിച്ചുവേണം ഇനി സർക്കാർ മുന്നോട്ടുപോകേണ്ടതെന്നും എഡിറ്റോറിയല്‍ നിർദേശിക്കുന്നു.
Adjust Story Font
16