ആസ്‌ത്രേലിയയിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്; ലിബറൽ-നാഷണൽ സഖ്യത്തിന് വൻ തിരിച്ചടി
പത്ത് വർഷത്തിന് ശേഷമാണ് നിലവിലെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ നേതൃത്വം നൽകുന്ന ലിബറൽ പാർട്ടിക്ക് ഭരണം നഷ്ടമാകുന്നത്
കാൻബറ: ആസ്‌ത്രേലിയയിൽ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് ജയം. ഇതോടെ ആന്റണി ആൽബനീസ് ആസ്‌ത്രേലിയയുടെ പുതിയ പ്രധാനമന്ത്രിയാകും. നിലവിലെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ നേതൃത്വം നൽകുന്ന ലിബറൽ പാർട്ടിയെ തോൽപ്പിച്ചാണ് മുന്നേറ്റം.പത്ത് വർഷത്തിന് ശേഷമാണ് ലിബറൽ പാർട്ടിക്ക് ഭരണം നഷ്ടമാകുന്നത്. 2007 ന് ശേഷം ഇതാദ്യമായാണ് ലേബർ പാർട്ടി അധികാരത്തിലെത്തുന്നത്.
66.3 ശതമാനം വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ആന്റണി അൽബനീസ് നേതൃത്വം നൽകുന്ന ലേബർ പാർട്ടി 72 സീറ്റുകൾ ഉറപ്പിച്ചു. എന്നാൽ മോറിസന്റെ സഖ്യം 50 സീറ്റിൽ ഒതുങ്ങി. ഗ്രീൻ പാർട്ടിയും സ്വതന്ത്രരും ഉൾപ്പെടെ മറ്റുള്ളവർ 15 സീറ്റിലും വിജയിച്ചു. 151 അംഗ പ്രതിനിധിസഭയിൽ കേവലഭൂരിപക്ഷത്തിന് 76 സീറ്റുകളാണ് വേണ്ടത്. ചെറുപാർട്ടികളുടെ പിന്തുണയോടെ ലേബർ പാർട്ടിക്ക് സർക്കാർ രൂപവത്കരിക്കാനാവും.
പരാജയം മോറിസൺ അംഗീകരിച്ചു. പാർട്ടി നേതൃസ്ഥാനത്തുനിന്ന് ഉടൻ രാജിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം വാഗ്ദാനം ചെയ്താണ് ലേബർ പാർട്ടി അധികാരത്തിലേറുന്നത്. ആസ്‌ത്രേലിയൻ ജനത മാറ്റത്തിനായി വോട്ട് ചെയ്‌തെന്നും വിജയത്തിൽ ജനതയോട് കടപ്പെട്ടിരിക്കുന്നുവെന്നും ആന്റണി ആൽബനീസ് പറഞ്ഞു.
Adjust Story Font
16