Quantcast

ഹൂതികൾക്കെതിരെ യുദ്ധക്കപ്പൽ അയക്കാനാകില്ലെന്ന് അമേരിക്കയോട് ആസ്‌ട്രേലിയ

സഖ്യകക്ഷിയായ അമേരിക്കയുടെ ക്ഷണം നിരസിച്ച ഭരണകൂടത്തിനെതിരെ ആസ്ട്രേലിയൻ പ്രതിപക്ഷം പ്രതിഷേധിച്ചു

MediaOne Logo

Web Desk

  • Published:

    22 Dec 2023 9:27 AM GMT

Australia,
X

കാൻബറ: ചെങ്കടലിൽ ഇസ്രായേലി കപ്പലുകൾക്ക് ഭീഷണി ഉയർത്തുന്ന ഹൂതികളെ നേരിടാനുള്ള 'ഓപറേഷൻ പ്രോസ്‌പെരിറ്റി ഗാർഡിയനി'ൽ പങ്കെടുക്കാൻ യുദ്ധക്കപ്പലുകൾ അയക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ച് ആസ്‌ട്രേലിയ. മിസൈൽവേധ ശേഷിയുള്ള മൂന്ന് കപ്പലുകൾ അയക്കണമെന്ന അമേരിക്കയുടെ അഭ്യർത്ഥന ആസ്‌ട്രേലിയയിലെ ഫെഡറൽ ഭരണകൂടം തള്ളിയിരുന്നു. ഈ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ഇക്കാര്യം അമേരിക്കയ്ക്ക് മനസ്സിലാകുമെന്നാണ് കരുതുന്നതെന്നും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബാനീസ് പറഞ്ഞു.

ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാനെന്ന പേരിൽ അമേരിക്ക രൂപീകരിച്ച 'ഓപറേഷൻ പ്രോസ്‌പെരിറ്റി ഗാർഡിയൻ' സഖ്യത്തിലെ അംഗമാണ് ആസ്‌ട്രേലിയ. ഇതിന്റെ ഭാഗമായി അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ ചെങ്കടലിലും പരിസരത്തുമുണ്ട്. ഇസ്രായേലിലേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലുകൾക്കു നേരെ യമനിലെ ഹൂത്തികൾ അയച്ച നിരവധി മിസൈലുകളെ അമേരിക്കൻ യുദ്ധക്കപ്പലുകൾ നിർവീര്യമാക്കിയിരുന്നു. ഓരോ മിസൈൽ നിർവീര്യമാക്കുന്നതിനും 2,000 ഡോളർ മുതൽ 20,000 വരെ ചെലവുണ്ടെന്നാണ് കണക്ക്.

ചെങ്കടലിലെ ഓപറേഷനിൽ പങ്കെടുക്കുന്നതിനായി മിസൈൽവേധ ശേഷിയുള്ള കപ്പലുകൾ അയക്കാൻ അമേരിക്ക സഖ്യ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടെങ്കിലും ആസ്‌ട്രേലിയ ആറ് നാവിക സൈനികരെ അയക്കാമെന്നു മാത്രമാണ് അറിയിച്ചത്. ആവശ്യം വരികയാണെങ്കിൽ അഞ്ചോ പത്തോ സൈനികരെ കൂടി അയക്കാമെന്നും ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസ് പറഞ്ഞു. ഹൂതികളെ നേരിടാൻ കപ്പലുകളോ വിമാനങ്ങളോ അയക്കുന്നില്ലെന്നും ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുകിഴക്കൻ മേഖലയിലും ദക്ഷിണ ചൈനാ സമുദ്രത്തിലും കിഴക്കൻ ചൈനാ സമുദ്രത്തിലും പസഫിക് സമുദ്രത്തിലുമാണ് തങ്ങളുടെ കപ്പലുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

സഖ്യകക്ഷിയായ അമേരിക്കയുടെ ക്ഷണം നിരസിച്ച ഭരണകൂടത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി. പ്രധാനമന്ത്രി ആന്തണി അൽബാനീസിന്റെ ദൗർബല്യവും അലസതയുമാണ് ഈ തീരുമാനത്തിൽ പ്രതിഫലിക്കുന്നതെന്നും ഹമാസ് മാത്രമേ ഇതിനെ സ്വാഗതം ചെയ്യൂ എന്നും പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ ആരോപിച്ചു. അൽബാനീസ് നേതൃത്വം നൽകുന്ന ഭരണകൂടം അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ പരിഹാസപാത്രമാവുകയാണെന്നും ഡട്ടൺ പറഞ്ഞു.

ഇതിനു മറുപടിയായാണ്, എടുത്ത നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന പ്രസ്താവനയുമായി അൽബാനീസ് രംഗത്തുവന്നിരിക്കുന്നത്. സൈന്യവുമായി കൂടിയാലോചിച്ചാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും അതിനെ പരിഹസിക്കുന്നവർക്ക് അങ്ങനെയാവാമെന്നും അദ്ദേഹം പറഞ്ഞു.

'നമ്മൾ നമ്മുടെ അമേരിക്കൻ സുഹൃത്തുക്കളോട് അടുപ്പത്തോടെയാണ് പ്രവർത്തിക്കുന്നത്. ആസ്‌ട്രേലിയൻ പ്രതിരോധ സേനയുടെ പിന്തുണയോടെ ഭരണകൂടം കൈക്കൊണ്ട തീരുമാനത്തെ പുറത്തിരുന്ന് കളിയാക്കാനാണ് ഡട്ടന്റെ തീരുമാനമെങ്കിൽ അദ്ദേഹത്തിന് അത് ചെയ്യാം. കപ്പലുകൾ അയക്കണമെന്ന് ഭരണകൂട തലത്തിൽ അഭ്യർത്ഥന ഉണ്ടായിട്ടില്ല. നമ്മുടെ മുൻഗണനകൾ എന്തൊക്കെയെന്ന് അമേരിക്കയ്ക്ക് അറിയാം.' - അദ്ദേഹം പറഞ്ഞു.

TAGS :

Next Story