'രാത്രി പുറത്ത് പോയപ്പോൾ മയക്കുമരുന്ന് നൽകി പീഡിപ്പിക്കപ്പെട്ടു'; ആരോപണവുമായി ആസ്‌ത്രേലിയൻ വനിതാ എം.പി
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ശരീരത്തിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായി ബ്രിട്ടാനി ലൗഗ
സിഡ്‌നി: രാത്രി നടക്കാനിറങ്ങിയ തന്നെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ആസ്‌ത്രേലിയയിലെ വനിതാ എം.പി. ക്വീൻസ്‍ലാൻഡിലെ എംപിയായ ബ്രിട്ടാനി ലൗഗയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് എം.പി ദുരനുഭവം പങ്കുവെച്ചത്. തന്റെ മണ്ഡലമായ യെപ്പോണിലാണ് രാത്രി നടക്കാനിറങ്ങിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതെന്നാണ് ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നത്.
'ഞങ്ങളുടെ പട്ടണത്തിൽ സമാനമായ അനുഭവം ഉണ്ടായിട്ടുള്ള ഒന്നിലധികം സ്ത്രീകൾ എന്നെ ബന്ധപ്പെടുകയുണ്ടായി. ഇത്ശരിയായ കാര്യമല്ല. മയക്കുമരുന്നിന്റെയോ ലൈംഗിക ആക്രമണത്തിന്റെയോ പേടിയില്ലാതെ നഗരത്തിൽ സഞ്ചരിക്കാനും ആസ്വദിക്കാനും ഞങ്ങൾക്ക് കഴിയണം'.ലൗഗ കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ശരീരത്തിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായി 37 കാരിയായ ബ്രിട്ടാനി ലൗഗ അവകാശപ്പെട്ടു. തുടർന്ന് പൊലീസിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആസ്‌ത്രേലിയൻ പൊലീസ് അന്വേഷണം ആരംഭിച്ചതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
ബ്രിട്ടാനി ലൗഗയ്ക്കുണ്ടായ അനുഭവങ്ങൾ ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ക്വീൻസ്ലൻഡ് ഹൗസിംഗ് മന്ത്രി മേഗൻ സ്‌കാൻലോൺ പ്രതികരിച്ചു. 'ബ്രിട്ടാനി സഹപ്രവർത്തകയാണ്, സുഹൃത്താണ്, ക്വീൻസ്‍ലാൻഡ് പാർലമെന്റിലെ അംഗമാണ്. ഇവ ശരിക്കും ഞെട്ടിക്കുന്ന കാര്യങ്ങളാണ്'..സ്‌കാൻലോൺ പറഞ്ഞു. 'ഗാർഹിക, കുടുംബ, ലൈംഗിക അതിക്രമങ്ങൾക്ക് സ്ത്രീകൾ ഇരകളാകുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകളെ സംരക്ഷിക്കാനും അതിക്രമങ്ങൾ ഉണ്ടാകുന്നത് തടയാനും സർക്കാർ ഒപ്പമുണ്ടാകുമെന്നും അവർ പറഞ്ഞതായി ആസ്‌ത്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16