ആസ്ത്രേലിയന്‍ പാർലമെന്‍റില്‍ ലൈംഗികാതിക്രമം നേരിട്ടു; കണ്ണീരോടെ വനിതാ സെനറ്റര്‍
പാര്‍ലമെന്‍റില്‍ വച്ച് അശ്ലീലമായ കമന്‍റുകള്‍ കേള്‍ക്കേണ്ടി വന്നതായും തന്നെ അനുചിതമായി സ്പര്‍ശിച്ചതായും ലിഡിയ പറയുന്നു
ലിഡിയ തോര്‍പ്പ്
സിഡ്നി: ആസ്ത്രേലിയന്‍ പാർലമെന്‍റില്‍ ലൈംഗികാതിക്രമം നേരിട്ടതായി വനിതാ സെനറ്റര്‍ ലിഡിയ തോർപ്പ്. പാര്‍ലമെന്‍റ് സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സ്ഥലമല്ലെന്ന് ലിഡിയ ആരോപിച്ചു. സെനറ്റിനെ അഭിമുഖീകരിച്ചു സംസാരിക്കവെ കണ്ണീരോടെയാണ് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അവര്‍ പറഞ്ഞത്.
പാര്‍ലമെന്‍റില്‍ വച്ച് അശ്ലീലമായ കമന്‍റുകള്‍ കേള്‍ക്കേണ്ടി വന്നതായും തന്നെ അനുചിതമായി സ്പര്‍ശിച്ചതായും ലിഡിയ പറയുന്നു. ലിബറല്‍ പാര്‍ട്ടി നേതാവ് ഡേവിഡ് വാനിനെതിരെയാണ് ആരോപണം. എന്നാല്‍ വാന്‍ ആരോപണം നിഷേധിച്ചു. ആരോപണങ്ങളില്‍ താന്‍ തകര്‍ന്നുപോയെന്നും അടിസ്ഥാനരഹിതമാണെന്നും വാന്‍ പറഞ്ഞു. പാര്‍ലമെന്‍റിലെ ഓഫീസിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ ഭയമാണെന്നും അവിടെ നിന്നും ഇറങ്ങുന്നതിനു മുന്‍പ് പുറത്താരെങ്കിലുമുണ്ടോ എന്നു നോക്കാറുണ്ടെന്നും ലിഡിയ പറഞ്ഞു. പാര്‍ലമെന്‍റിലൂടെ നടക്കുമ്പോള്‍ ആരെയെങ്കിലും കൂടെക്കൂട്ടേണ്ട അവസ്ഥയാണെന്നും ലിഡിയ കൂട്ടിച്ചേര്‍ത്തു. പലര്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഭാവി കണക്കിലെടുത്ത് പലരും മൗനം പാലിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ അനുചിതമായി സ്പർശിച്ച ഒന്നിലധികം പേരുടെ പേര് പറയാൻ തനിക്ക് കഴിയുമെന്ന് തോർപ്പ് പറഞ്ഞു. താന്‍ പൊലീസിനെ സമീപിക്കുകയോ നിയമനടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്ന് അവർ പറഞ്ഞു, എന്നാൽ പാർലമെന്‍റില്‍ കൂടുതൽ സുരക്ഷ നൽകാൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു.ആരോപണത്തിനു പിന്നാലെ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ ഒരു പത്രസമ്മേളനം വിളിച്ച് വാനിനെ പുറത്താക്കിയതായി അറിയിച്ചു.
Adjust Story Font
16