ആകാശത്തു നിന്നും പെടപെടയ്ക്കണ മീന്‍; അമ്പരന്ന് നാട്ടുകാര്‍!
തനാമി മരുഭൂമിയുടെ വടക്കൻ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ലജാമാനു എന്ന പട്ടണത്തില്‍ താമസിക്കുന്ന ആളുകളാണ് ഈ അത്ഭുത സംഭവത്തിന് സാക്ഷിയായത്
ആസ്ത്രലിയയില്‍ പെയ്ത മത്സ്യമഴയില്‍ നിന്ന്
സിഡ്നി: മഴയ്ക്കൊപ്പം ആലിപ്പഴം വീഴുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്...എന്നാല്‍ അതു നല്ല പെടയ്ക്കണ മീനായാലോ? ആസ്ത്രേലിയന്‍ നഗരമായ കാതറിൻ്റെ തെക്കുപടിഞ്ഞാറായി ഏകദേശം 560 കിലോമീറ്റർ അകലെ, തനാമി മരുഭൂമിയുടെ വടക്കൻ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ലജാമാനു എന്ന പട്ടണത്തില്‍ താമസിക്കുന്ന ആളുകളാണ് ഈ അത്ഭുത സംഭവത്തിന് സാക്ഷിയായത്.
ഒരു വലിയ കൊടുങ്കാറ്റിനൊപ്പമുണ്ടായ മഴയിലാണ് മത്സ്യങ്ങളും നിരത്തുകളിലേക്ക് പെയ്തു വീണതെന്ന് ലജമാനു ലോക്കലും സെൻട്രൽ ഡെസേർട്ട് കൗൺസിലറുമായ ആൻഡ്രൂ ജോൺസൺ ജപ്പനാങ്ക ഒരു പ്രസ്താവനയിൽ പറഞ്ഞു.മഴയ്ക്കൊപ്പം മത്സ്യങ്ങളും താഴെ വീഴുന്നത് നാട്ടുകാർ കണ്ടതായി അദ്ദേഹം അവകാശപ്പെട്ടു.സമാനമായ സംഭവങ്ങള്‍ മുന്‍പും ഇവിടെ ഉണ്ടായിട്ടുണ്ട്. 1974,2004,2010 എന്നീ വര്‍ഷങ്ങളിലും ഇതുപോലെ മത്സ്യമഴ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. കടലില്‍ രൂപം കൊള്ളുന്ന അതിശക്തമായ ചുഴലിക്കാറ്റ് വെള്ളവും മത്സ്യവും വഹിച്ചുകൊണ്ട് നൂറു കണക്കിന് കിലോമീറ്റര്‍ ദൂരത്തേക്ക് വീശിയടിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.
രണ്ട് വിരലുകളുടെ വലിപ്പത്തിലുള്ള മത്സ്യങ്ങളാണ് മഴയില്‍ വീണത്. അപ്പോഴും അവയ്ക്ക് ജീവനുണ്ടായിരുന്നു. മുന്‍പ് ഇതു സംഭവിച്ചിട്ടുണ്ടെങ്കിലും തന്നെ ഇപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ജപ്പനാങ്ക പറഞ്ഞു. ദൈവത്തില്‍ നിന്നുള്ള അനുഗ്രഹമാണിതെന്നാണ് ജപ്പനാങ്കയുടെ അഭിപ്രായം. 1980-കളുടെ മധ്യത്തിൽ സമാനമായ സംഭവം നടക്കുമ്പോൾ താൻ ലജാമാനുവിലായിരുന്നുവെന്ന് ആലീസ് സ്പ്രിംഗ് സ്വദേശിയായ പെന്നി മക്ഡൊണാൾഡ് അവകാശപ്പെട്ടു. അക്കാലത്ത് തന്‍റെ വീടിന് പുറത്തുള്ള തെരുവുകൾ മത്സ്യങ്ങളാൽ മൂടപ്പെട്ടിരുന്നുവെന്ന് പെന്നി പറയുന്നു. ചെറിയ മീനുകളാണ് അന്നു വീണതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നോർത്തേൺ ടെറിട്ടറിയിലെ മൈക്കൽ ഹാമർ മ്യൂസിയവും ആർട്ട് ഗ്യാലറിയും ഇത്തരമൊരു കേസുകൾ താൻ മുമ്പ് പരിശോധിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു.മഴ പെയ്തതിന് ശേഷം എല്ലായിടത്തും മത്സ്യങ്ങൾ ചിതറിക്കിടക്കുന്നത് പലപ്പോഴും ആളുകൾ കണ്ടിട്ടുണ്ടെന്നും മ്യൂസിയം അധികൃതര്‍ വ്യക്തമാക്കുന്നു. ഇത് പ്രാദേശിക കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നുവെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ചാര ബലൂണുകളില്‍ നിന്നുള്ളതായിരിക്കാം ഈ മത്സ്യങ്ങളെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
Adjust Story Font
16