Quantcast

'1950-കളിൽ ആരംഭിച്ച വിശ്വാസത്തിൻ്റെ ബന്ധം'; സ്വാതന്ത്ര്യത്തിൽ നെഹ്‌റുവിൻ്റെ പങ്ക് അനുസ്മരിച്ച് ഓസ്ട്രിയൻ ചാൻസലർ

നരേന്ദ്രമോദിയോടൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ചാൻസലറുടെ പരാമർശം

MediaOne Logo

Web Desk

  • Published:

    11 July 2024 3:03 PM GMT

Jawaharlal Nehru
X

വിയന്ന: തൻ്റെ രാജ്യത്തിൻ്റെ ഇന്ത്യയുമായുള്ള ബന്ധത്തെ പ്രശംസിച്ച് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ. 1955-ൽ രാജ്യത്തിൻ്റെ പരമാധികാരം സുഗമമാക്കിയ ചർച്ചകളിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ പങ്കിനെ അദ്ദേഹം അനുസ്മരിച്ചു. വിയന്നയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ചാൻസലറുടെ പരാമർശം. ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള ബന്ധത്തെ 'വിശ്വാസത്തിൻ്റെ ബന്ധം' എന്ന് നെഹാമർ വിശേഷിപ്പിച്ചു.

'ഇന്ത്യയും ഓസ്ട്രിയയും തമ്മിൽ വളരെ നല്ല ബന്ധമുണ്ട്. ഇത് 1950-കളിൽ ആരംഭിച്ച വിശ്വാസത്തിൻ്റെ ബന്ധമാണ്. ഇന്ത്യ ഓസ്ട്രിയയെ സഹായിച്ചതിനാൽ 1955-ൽ, ഓസ്ട്രിയൻ സ്റ്റേറ്റ് ഉടമ്പടി ചർച്ചകൾ അനുകൂലമായ ഒരു നിലപാടിലെത്തി.'- ഓസ്ട്രിയൻ ചാൻസലർ പറഞ്ഞു. ഇന്ത്യയെയും ഓസ്ട്രിയയെയും ഒന്നിപ്പിക്കുന്നത് ഭൗമരാഷ്ട്രീയ സാഹചര്യത്തിൻ്റെ വികസനത്തെക്കുറിച്ചുള്ള ആശങ്കയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഓസ്ട്രിയയുടെ സ്വാതന്ത്ര്യം അമേരിക്ക, സോവിയറ്റ് യൂണിയൻ, യുണൈറ്റഡ് കിങ്ഡം, ഫ്രാൻസ് എന്നിവയുൾപ്പെടെയുള്ള സഖ്യശക്തികൾക്കിടയിൽ പ്രാഥമികമായി ചർച്ച ചെയ്യപ്പെട്ടു. 1955-ൽ ഓസ്ട്രിയൻ സ്റ്റേറ്റ് ഉടമ്പടിയിലൂടെ ഓസ്ട്രിയ അതിൻ്റെ പരമാധികാരം വീണ്ടെടുത്തു. ഇത് സഖ്യകക്ഷികളുടെ അധിനിവേശം അവസാനിപ്പിക്കുകയും ഓസ്ട്രിയയെ നിഷ്പക്ഷവും സ്വതന്ത്രവുമായ ഒരു രാജ്യമായി പുനഃസ്ഥാപിക്കുകയും ചെയ്തു.

ഓസ്ട്രിയയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിൽ നെഹ്‌റുവിൻ്റെ പങ്ക് ഓസ്ട്രിയൻ അക്കാദമിക് ഡോ. ഹാൻസ് കോക്‌ലറാണ് കണ്ടെത്തിയത്. അ​ദ്ദേഹത്തിന്റെ വിവരണമനുസരിച്ച്, ഓസ്ട്രിയയുടെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പൊളിറ്റിക്കൽ ഡയറക്ടർ 1952 ഓഗസ്റ്റിൽ നെഹ്‌റുവിനെ കാണാൻ ന്യൂഡൽഹിയിലേക്ക് പോയി. തങ്ങളുടെ അഭിലാഷങ്ങൾ സോവിയറ്റുമായി ചർച്ച ചെയ്യുന്നതിൽ ഇന്ത്യയുടെ സന്നദ്ധതയെക്കുറിച്ച് നെഹ്റു അദ്ദേഹത്തിന് ഉറപ്പ് നൽകി.

1953 ജൂൺ 2-ന് ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി കാൾ ഗ്രുബറും നെഹ്‌റുവും എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിൽ പങ്കെടുത്തു. പിറ്റേന്ന് രാവിലെ ലണ്ടനിൽ വച്ച് അവർ കണ്ടുമുട്ടിയതായി റിപ്പോർട്ടുകളുണ്ട്. ജൂൺ 20-ന് നടന്ന ഒരു യോഗത്തിൽ, ഓസ്ട്രിയയും സഖ്യശക്തികളും തമ്മിലുള്ള ഉടമ്പടി ചർച്ചകളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഗ്രുബർ നെഹ്‌റുവിൻ്റെ സഹായം തേടിയെന്ന് കോക്‌ലർ പറയുന്നു. ഇക്കാര്യങ്ങളാണ് ചാൻസലർ ഇപ്പോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

41 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം വിയന്ന സന്ദർശിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. സമ്പൂർണ പരമാധികാരം ലഭിച്ച് ഒരു മാസത്തിനുശേഷം സ്വതന്ത്ര ഓസ്ട്രിയയിലേക്കുള്ള ആദ്യ സന്ദർശനം നടത്തിയത് നെഹ്‌റുവായിരുന്നു.

രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിന് ശേഷമാണ് മോദി ഓസ്ട്രിയയിലെത്തുന്നത്. ഇന്ത്യയുടെയും ഓസ്ട്രിയയുടെയും നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ സന്ദർശനം. ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും ഓസ്ട്രിയൻ നേതാക്കൾക്കൊപ്പം ആഗോള വെല്ലുവിളികളെ നേരിടാനുമാണ് കൂടിക്കാഴ്ച നടത്തുന്നത്. ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലനുമായും ചാൻസലർ കാൾ നെഹാമറുമായും മോ​ദി ചർച്ച നടത്തുന്നുണ്ട്.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി നെഹ്‌റുഫോബിയയുടെ പിടിയിലാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കോക്‌ലറുടെ കുറിപ്പുകളെ ഉദ്ധരിച്ച് തന്റെ എക്സ് അക്കൗണ്ടിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

TAGS :

Next Story