Quantcast

ബാൾട്ടിമോർ അപകടം: രണ്ട് നിര്‍മാണത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

വെള്ളത്തിലേക്ക് വീണ ട്രക്കില്‍ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെടുത്തത്

MediaOne Logo

Web Desk

  • Published:

    28 March 2024 6:17 AM GMT

Baltimore bridge collapse,Maryland,Marylandbridge collapse, Dali container ship ,Baltimore bridge,ബാൾട്ടിമോർ അപകടം, ബാൾട്ടിമോർ പാലം തകർന്ന സംഭവം, ചരക്കുകപ്പല്‍ തകര്‍ന്ന സംഭവം,world news today,Baltimore
X

മേരിലാൻഡ്: കൂറ്റൻ ചരക്കുകപ്പൽ ഇടിച്ച് അമേരിക്കയിലെ ബാൾട്ടിമോർ പാലം തകർന്ന സംഭവത്തിൽ രണ്ട് നിർമാണത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അപകടത്തെത്തുടർന്ന് വെള്ളത്തിലേക്ക് വീണ ട്രക്കുകളിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെടുത്തത്.

മെക്‌സിക്കോയിൽ നിന്നുള്ള 35 കാരനായ അലജാൻഡ്രോ ഹെർണാണ്ടസ് ഫ്യൂന്റസ്, 26 കാരനായ ഡോർലിയൻ റൊണിയൽ കാസ്റ്റിലോ കാബ്രേര എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്ന് യു.എസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.

പാലത്തിന്റെ മധ്യഭാഗത്ത് 25 അടി താഴ്ചയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. അപകടത്തിൽ എട്ടു നിർമാണത്തൊഴിലാളികളെയാണ് വെള്ളത്തിൽ വീണ് കാണാതായത്. രണ്ടുപേരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെടുത്തിരുന്നു. ഇനിയും നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനുണ്ട്. പാലത്തിന്റെ അറ്റകുറ്റ പണികളില്‍ ഏർപ്പെട്ടിരുന്ന തൊഴിലാളികളായിരുന്നു ഇവർ. ഇടവേള സമയത്ത് ഇരുവരും പാർക്ക് ചെയ്ത ട്രക്കുകളിൽ ഇരിക്കുകയായിരുന്നു.സോണാർ പരിശോധനയിൽ വെള്ളത്തിനിടയിൽ കൂടുതൽ വാഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായി കാണിക്കുന്നതായി മേരിലാൻഡ് പൊലീസ് അറിയിച്ചു. വെള്ളത്തിന് കടുത്ത തണുപ്പായതിനാൽ തെരച്ചിൽ ദുഷ്‌കരമായിരിക്കുകയാണ്.

ചൊവ്വാഴ്ച പുലർച്ചെ 1.30നാണ് അപകടമുണ്ടാകുന്നത്. മേരിലാൻഡിൽനിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തിൽ പെട്ടത്. ബാൾട്ടിമോറിലെ സീഗ്രീറ്റ് മറൈൻ ടെർമിനലിൽനിന്ന് ചൊവ്വാഴ്ച അർധരാത്രി 12.24ന് യാത്ര തുടങ്ങിയ കപ്പൽ ഒരു മണിക്കൂറിനകം ഗതിമാറി പാലത്തിലിടിക്കുകയായിരുന്നു.

അപകടത്തിന് മുമ്പ് കപ്പൽ ജീവനക്കാർ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയതിനാൽ ഒരുപാട് ജീവൻ രക്ഷിക്കാനായതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി. 'കപ്പലിലെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി മേരിലാൻഡ് ഗതാഗത വകുപ്പിനെ അറിയിക്കാൻ കഴിഞ്ഞു. തൽഫലമായി പാലത്തിൽ കപ്പൽ ഇടിക്കുന്നതിന് മുമ്പായി ഇതിലൂടെയുള്ള ഗതാഗതം തടയാൻ അധികൃതർക്ക് സാധിച്ചു. ഇത് നിസ്സംശയമായും നിരവധി പേരുടെ ജീവനാണ് രക്ഷിച്ചത്. തുടർ നടപടിക്ക് ആവശ്യമായ എല്ലാ ഫെഡറൽ സൗകര്യങ്ങളും അവിടേക്ക് അയക്കുന്നുണ്ട്. നമുക്കൊരുമിച്ച് പാലം പുനർനിർമിക്കാം. ഇതൊരു ഭയാനകമായ അപകടമാണ്. അതേമസയം, മനഃപൂർവം സൃഷ്ടിച്ച അപകടമാണെന്ന് വിശ്വസിക്കാനുള്ള കാരണങ്ങളൊന്നുമില്ല' -ജോ ബൈഡൻ പറഞ്ഞു.

പാലത്തിലിടിച്ച ചരക്ക് കപ്പലിലെ 22 ഇന്ത്യൻ ജീവനക്കാരിൽ ഒരാൾക്ക് നിസ്സാര പരിക്കേറ്റതായും ബാക്കിയുള്ളവർ സുരക്ഷിതരാണെന്നും കപ്പൽ ഉടമകൾ അറിയിച്ചു. സിംഗപ്പൂർ പതാക വഹിച്ചുള്ള 'ഡാലി' കപ്പലാണ് കഴിഞ്ഞദിവസം അപകടത്തിൽപെട്ടത്. ബാൾട്ടിമോറിലെ പടാപ്‌സ്‌കോ നദിക്ക് കുറുകെയുള്ള 2.6 കിലോമീറ്റർ നീളം വരുന്ന പാലത്തിൽ ചരക്ക് കപ്പൽ ഇടിക്കുകയായിരുന്നു.

'കപ്പലിലെ എല്ലാ ക്രൂ അംഗങ്ങളുടെയും രണ്ട് പൈലറ്റുമാരുടെയും സുരക്ഷ ഞങ്ങൾ സ്ഥിരീകരിക്കുന്നു. നിസ്സാര പരിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റ ക്രൂ അംഗം ചികിത്സക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു' -കപ്പൽ ഉടമകളായ ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡ് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, ജീവനക്കാരുടെ പേരും മറ്റ് വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല.

TAGS :

Next Story